ആര്‍സിബി, പിഎസ്ജി, ഹാരി കെയ്ന്‍, ഇതാ ദക്ഷിണാഫ്രിക്കയും, കപ്പില്ലാ കൊമ്പന്മാർ കപ്പടിച്ച 2025

7 months ago 6

കായിക ലോകത്തിന് 2025 ഒരു സന്തോഷ വര്‍ഷമാണ്. കിരീടത്തിനായി വര്‍ഷങ്ങള്‍ കാത്തിരുന്ന ടീമുകളെ 2025 കിരീടം കൊണ്ട് അനുഗ്രഹിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്കയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ അതിഥികള്‍. ഓസീസ് ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി നേടിയ ഏയ്ഡന്‍ മാര്‍ക്രത്തിന്റെയും അര്‍ധ സെഞ്ചുറി നേടിയ ടെംബ ബവുമയുടെയും മികവില്‍ പ്രോട്ടീസ് മറികടക്കുകയായിരുന്നു.

ഒരു ഐസിസി ലോക കിരീടത്തിനായി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് ചില്ലറക്കാലമൊന്നുമല്ല. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പതിവായിരുന്നു. 1992, 1999, 2007, 2015, 2023 ഏകദിന ലോകകപ്പുകളിലെല്ലാം സെമി ഫൈനലില്‍ അവര്‍ക്ക് കാലിടറി. 1996-ലും 2011-ലും ക്വാര്‍ട്ടര്‍ ഫൈനലിലും. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലിലെത്തിയിട്ടും ഇന്ത്യയോട് തോറ്റു. 2009, 2014 ടി20 ലോകകപ്പുകളിലെ സെമി ഫൈനലില്‍ തോറ്റ് പുറത്തായി. 2000, 2002, 2006, 2013, 2025 വര്‍ഷങ്ങളിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലെല്ലാം സെമി ഫൈനലില്‍ കടന്നെങ്കിലും ഒരിക്കല്‍ പോലും ഫൈനല്‍ കളിക്കാന്‍ സാധിക്കാത്തവരായിരുന്നു ദക്ഷിണാഫ്രിക്ക. ഇക്കാലത്തിനിടയ്ക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ രണ്ട് തവണ ക്വാര്‍ട്ടറിലും 12 തവണ സെമിയിലും ഒരു തവണ ഫൈനലിലും ദക്ഷിണാഫ്രിക്ക തോറ്റു. അങ്ങനെ 1998-ലെ ഐസിസി നോക്കൗട്ട് ട്രോഫി നേട്ടത്തിനു ശേഷം 27 വര്‍ഷം കാത്തിരുന്നു ദക്ഷിണാഫ്രിക്ക മറ്റൊരു ഐസിസി കിരീടം സ്വന്തമാക്കാന്‍.

ദിവസങ്ങള്‍ക്കു മുമ്പാണ് ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്സിനെ ആറു റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ കന്നി ഐപിഎല്‍ കിരീടം നേടിയത്. സൂപ്പര്‍ താരങ്ങളുടെ ഒരു വലിയ നിരയെ അണിനിരത്തിയിട്ടും 18 വര്‍ഷക്കാലമാണ് ഒരു കിരീടത്തിനായി ആര്‍സിബിക്കും അവരുടെ സൂപ്പര്‍ താരം വിരാട് കോലിക്കും കാത്തിരിക്കേണ്ടി വന്നത്. ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം അണ്ടര്‍ 19 ലോകകപ്പും ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ടി20 ലോകകപ്പും നേടിയ കോലിക്ക് ഐപിഎല്‍ കിരീടം എക്കാലവും കിട്ടാക്കനിയായിരുന്നു. ആ കാത്തിരിപ്പാണ് ജൂണ്‍ മൂന്നാം തീയതി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അവസാനിച്ചത്.

ഇംഗ്ലീഷ് ഫുട്ബോളര്‍ ഹാരി കെയ്നും തന്റെ കരിയറിലെ ആദ്യ കിരീടം നേടിയത് ഈ വര്‍ഷമാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2025-ല്‍ ഒരു പ്രധാന ട്രോഫി നേടിയ മറ്റ് പ്രധാന ടീമുകളെയും കളിക്കാരെയും നോക്കാം.

ഒടുവില്‍ ഹാരി കെയ്ന്‍ കപ്പടിച്ചു

ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണ് ഹാരി കെയ്ന്‍. 2009-ല്‍ ടോട്ടന്‍ഹാം ടീമിലും 2010-ല്‍ ഇംഗ്ലണ്ട് അണ്ടര്‍ 17 ടീമിലും കരിയര്‍ ആരംഭിച്ച കെയ്നിന്റെ കരിയറിലെ ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചത് ഈ വര്‍ഷമാണ്. ജര്‍മന്‍ ഫുട്ബോള്‍ ലീഗായി ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം കിരീടമുയര്‍ത്തുമ്പോള്‍ അത് 31-കാരനായ താരത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ ആദ്യ കിരീടമായിരുന്നു. ടീമിന്റെ ഗോള്‍വേട്ടക്കാരില്‍ മുന്നിലും കെയ്നായിരുന്നു. 2010-ല്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച താരം 2023 ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിനായി 317 മത്സരങ്ങള്‍ കളിച്ചു. 213 ഗോളുകള്‍ നേടി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരനായെങ്കിലും ട്രോഫി മാത്രം അകന്നു നിന്നു. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ക്യാപ്റ്റനായ കെയ്ന്‍ 2015 മുതല്‍ സീനിയര്‍ ടീമിനായി 105 കളികളില്‍ നിന്ന് 71 ഗോളുകള്‍ നേടി. അവിടെയും ട്രോഫികളുടെ തിളക്കമുണ്ടായിരുന്നില്ല.

70 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ന്യൂകാസില്‍ യുണൈറ്റഡ്

മാര്‍ച്ച് 16-ന് വെംബ്ലിയില്‍ നടന്നലീഗ് കപ്പ് ഫൈനലില്‍ ലിവര്‍പൂളിനെതിരേ 2-1ന്റെ ജയം നേടിയപ്പോള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ ഒരു കിരീടത്തിനായുള്ള ഏഴു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. 1969-നു ശേഷം ന്യൂകാസില്‍ നേടുന്ന പ്രധാനപ്പെട്ടൊരു കിരീടം കൂടിയാണ് ഇത്. 1955-ല്‍ എഫ്എ കപ്പ് കിരീടം ചൂടിയതിനു ശേഷം ഏഴു പതിറ്റാണ്ടു കാത്തിരുന്നതിനു ശേഷമാണ് ന്യൂകാസില്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കിരീടം നേടുന്നത്. 1969-ല്‍ ഇന്റര്‍സിറ്റീസ് ഫെയേഴ്സ് കപ്പില്‍ മുത്തമിട്ട ശേഷം ന്യൂകാസില്‍ ഒരു പ്രധാന കിരീടം നേടുന്നതും ഇതാദ്യം.

ക്രിസ്റ്റല്‍ പാലസ് കാത്തിരുന്നത് ഒരു നൂറ്റാണ്ട്

ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ ചരിത്രംകുറിച്ചാണ് ഇത്തവണ ക്രിസ്റ്റല്‍ പാലസ് ചാമ്പ്യന്‍മാരായത്. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു ക്ലബ്ബിന്റെ നേട്ടം. ഒരു നൂറ്റാണ്ടുനീണ്ട ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ മേജര്‍ ട്രോഫിയാണിത്. 1905 മുതല്‍ ഒരു കിരീടത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നു. ക്ലബ്ബിന്റെ ആദ്യ എഫ്എ കപ്പ് കിരീടം കൂടിയാണിത്.

യൂറോപ്യന്‍ കിരീടത്തിനായുള്ള പിഎസ്ജിയുടെ കാത്തിരിപ്പിന് അവസാനം

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നത്തിന് മ്യൂണിക്കിലെ അലിയാന്‍സ് അരീനയിലാണ് സാക്ഷാത്കാരം ഉണ്ടായത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തുവിട്ടത്. നോക്കൗട്ട് റൗണ്ടില്‍ ലിവര്‍പൂളിനെയും ആസ്റ്റണ്‍ വില്ലയെയും ആഴ്സണലിനെയും കീഴടക്കിയാണ് ലൂയി എന്റിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജിയുടെ യുവനിര ഫൈനലിലെത്തിയത്. 2020 ല്‍ ഫൈനല്‍ വരെയെത്തിയിട്ടും നഷ്ടപ്പെട്ടുപോയ കിരീടം ഇത്തവണ അവര്‍ പാരീസിലെത്തിച്ചു.

17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് ടോട്ടന്‍ഹാം

ഇത്തവണത്തെ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാം അവസാനിപ്പിച്ചത് 17 വര്‍ഷത്തെ കിരീടവരള്‍ച്ചയായിരുന്നു. അവരുടെ മൂന്നാം യൂറോപ്പ ലീഗ് കിരീടമാണിത്. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു ടോട്ടനത്തിന്റെ കിരീടനേട്ടം.

Content Highlights: 2025 saw stunning victories for RCB, PSG, Harry Kane, and South Africa! Years of waiting ended

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article