10 June 2025, 09:46 PM IST

Photo: PTI
ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ടീം ഉടമകളും പ്രമുഖ മദ്യകമ്പനിയുമായ ഡിയാജിയോ. ആര്‍സിബി ടീം ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുവെന്ന് ഡിയാജിയോ ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഡിയാജിയോ കത്തു നല്‍കിയിട്ടുമുണ്ട്.
പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ആര്‍സിബിയുടെ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഏകദേശം 17,000 കോടി രൂപയാണ് ഓഹരിമൂല്യമായി കമ്പനി തേടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കത്തിന് തീരുമാനത്തിന് പിന്നാലെയാണ് മദ്യക്കമ്പനിയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കായികതാരങ്ങള്‍ ലഹരിപദാര്‍ഥങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെതിരേ ഐപിഎല്ലും നിലപാടെടുത്തിരുന്നു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും വ്യവസായിയുമായ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ആദ്യ ഉടമ. പ്രഥമ ഐപിഎല്‍ സീസണില്‍ 11.1 കോടി ഡോളറിനാണ് മല്യ ആര്‍സിബിയെ സ്വന്തമാക്കുന്നത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളിലെത്തിക്കുകയായിരുന്നു.
Content Highlights: Royal Challengers Bangalore (RCB) proprietor Diageo refutes reports of the team`s sale








English (US) ·