ആറര മണിക്കൂര്‍ ക്രീസില്‍, 207 പന്തുകള്‍; സെഞ്ചുറിക്കും മേലെ മാര്‍ക്രത്തിന്റെ ഇന്നിങ്സ്

7 months ago 7

14 June 2025, 06:05 PM IST

south-africa-wins-wtc-final-markram-heroics

Photo: Getty Images

ക്ഷിണാഫ്രിക്കയുടെ 27 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ശനിയാഴ്ച ക്രിക്കറ്റിന്റെ മെക്കയില്‍ അവസാനിച്ചത്. എത്രയോ നാളുകളായി ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളില്‍ കാലിടറുന്ന ടീമായി ദക്ഷിണാഫ്രിക്ക മാറിയിട്ട്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യയോട് തോറ്റു. ഒടുവിലിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ കരുത്തിനെ മറികടന്ന് ദക്ഷിണാഫ്രിക്ക വീണ്ടുമൊരു ഐസിസി കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു.

രണ്ടാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ജോഷ് ഹേസല്‍വുഡിന്റെയും അവസാന വിക്കറ്റ് ചെറുത്തുനില്‍പ്പിനൊടുവില്‍ 282 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെയ്ക്കുമ്പോള്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമായിരുന്നു. പേസിനെ നന്നായി തുണയ്ക്കുന്ന പിച്ചില്‍ ഓസീസ് ബൗളര്‍മാര്‍ ഒന്നാം ഇന്നിങ്‌സില്‍ പ്രോട്ടീസിന് എറിഞ്ഞിട്ടത് 138 റണ്‍സിനായിരുന്നു. സ്റ്റാര്‍ക്കും കമ്മിന്‍സും ഹേസല്‍വുഡും നിറഞ്ഞ ഓസീസ് പേസ് ബൗളിങ്ങിന്റെ മൂര്‍ച്ച അറിയാത്തവര്‍ ആരുണ്ട്.

പക്ഷേ വിട്ടുകൊടുക്കാന്‍ ദക്ഷിണാഫ്രിക്ക ഒരുക്കമല്ലായിരുന്നു, ഒപ്പം ഏയ്ഡന്‍ മാര്‍ക്രവും. ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണറായി ഇറങ്ങി ഡക്കായി മടങ്ങിയ മാര്‍ക്രമായിരുന്നില്ല രണ്ടാം ഇന്നിങ്‌സില്‍. തുടക്കത്തില്‍ അതിവേഗം റണ്‍സടിച്ചെങ്കിലും പിന്നാലെ ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്‌സിലൂടെ അയാള്‍ ദക്ഷിണാഫ്രിക്കയെ വിജയക്കരയില്‍ തുഴഞ്ഞെത്തിക്കുക തന്നെയായിരുന്നു. മൂന്നാം ഓവറില്‍ റയാന്‍ റിക്കെല്‍ട്ടണ്‍ പുറത്തായതും പിന്നീട് പിന്തുണ നല്‍കി ക്രീസില്‍ നിന്ന വിയാന്‍ മള്‍ഡര്‍ മടങ്ങിയതുമൊന്നും മാര്‍ക്രത്തിന്റെ ഏകാഗ്രതയെ തെല്ലും ബാധിച്ചില്ല. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ടെംബ ബവുമയെ കൂട്ടുപിടിച്ച് മാര്‍ക്രം നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിന്റെ വമ്പൊടിച്ചത്. 383 മിനിറ്റ് ക്രീസില്‍ നിന്ന് 207 പന്തുകള്‍ നേരിട്ട് 136 റണ്‍സെടുത്ത് മാര്‍ക്രം മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു. 14 ബൗണ്ടറികള്‍ നിറഞ്ഞ ഇന്നിങ്‌സ്. ലോര്‍ഡ്‌സില്‍ നാലാം ഇന്നിങ്‌സില്‍ 2009-ന് ശേഷമാണ് ഒരു വിദേശ താരം സെഞ്ചുറി നേടുന്നത്. ഒടുവില്‍ ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണ്ട ഘട്ടത്തില്‍ കാണിച്ച അമിതാവേശം വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ലോര്‍ഡ്‌സിലെ കാണികളുടെ നിറഞ്ഞ കയ്യടി നേടിയാണ് ആ പോരാളി മടങ്ങിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മാറ്റാരുമായിരുന്നില്ല. ഒരു ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കിയാണ് മാര്‍ക്രം മടങ്ങിയത്.

പേശിവലിവ് അലട്ടിയ ബവുമയ്ക്ക് ഓടാന്‍ പ്രയാസമാണെന്നറിഞ്ഞ് ഇന്നിങ്‌സ് പരുവപ്പെടുത്തിയ മാര്‍ക്രത്തിന് കയ്യടിക്കാതിരിക്കുന്നതെങ്ങിനെ. ഒന്നാം ഇന്നിങ്‌സില്‍ സ്റ്റാര്‍ക്കിന്റെ ഒരു ഇന്‍സ്വിങ്ങറില്‍ പ്ലെയ്ഡ്ഓണായാണ് മാര്‍ക്രം മടങ്ങിയത്. ആ പിഴവ് മനസിലാക്കി രണ്ടാം ഇന്നിങ്‌സില്‍ തന്റെ പ്രതിരോധം ശക്തമാക്കിയ താരം റിസ്‌ക്കുള്ള ഷോട്ടുകള്‍ക്കൊന്നും ശ്രമിച്ചില്ല. ബൗണ്ടറിക്കുള്ള ശ്രമം പോലും മോശം പന്തുകളിലായിരുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളില്‍ ശ്രദ്ധയോടെയായിരുന്നു ഡ്രൈവുകള്‍. ബവുമയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 147 റണ്‍സാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്.

Content Highlights: Aiden Markram`s 136 leads South Africa to a thrilling World Test Championship victory

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article