Published: September 27, 2026 02:36 PM IST Updated: September 28, 2026 07:30 AM IST
2 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്ററാണ് ആൻസിയുടെ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 6.49 മീറ്റർ ചാടിയ ആൻസി തുടക്കത്തിൽ തന്നെ ആധിപത്യം നേടിയിരുന്നു. ആൻസിയുടെ രണ്ടാം ശ്രമം ഫൗളായെങ്കിലും മൂന്നാം ശ്രമം 6.46, നാലാം ശ്രമം 6.31 മീറ്റർ ദൂരങ്ങളാണ് ആൻസി പിന്നിട്ടത്. അഞ്ചാം ശ്രമത്തിൽ നില മെച്ചപ്പെടുത്തിയ ആൻസി 6.53 മീറ്റര്‍ ചാടി. ആറാം ശ്രമത്തിൽ 6.46 ആൻസി ചാടി. എന്നാല്‍ ആറാം ശ്രമത്തില്‍ 6.55 മീറ്റര്‍ ചാടിയ ചൈനീസ് താരം ഹ്വാങ് യിങ്‌യിങ് സ്വർണം പിടിച്ചെടുക്കുകയായിരുന്നു. നേരിയ വ്യത്യാസത്തിലാണ് ആൻസി പിന്നോട്ടുപോയത്. വനിതാ വിഭാഗം ലോങ് ജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ശൈലി സിങ് നാലാമതാണു ഫിനിഷ് ചെയ്തത്. സ്ക്വാഷ് സിംഗിൾസിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യയ്ക്ക് വെള്ളി. പുരുഷ വിഭാഗത്തിൽ അഭയ് സിങ്ങും വനിതാ വിഭാഗത്തിൽ അനാഹത് സിങ്ങുമാണ് വെള്ളി മെഡൽ നേടിയത്. ഇരു താരങ്ങളും ഫൈനലിൽ തോറ്റതോടെയാണ് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യയുടെ ഈൻ യോ എൻഗിനോടാണ് അഭയ് സിങ് പരാജയപ്പെട്ടത്. നിലവിലെ ചാംപ്യനും ലോക 18-ാം നമ്പർ താരവുമായ യോയോട് കടുത്ത വെല്ലുവിളി ഉയർത്താൻ ലോക റാങ്കിങ്ങിൽ 26-ാം സ്ഥാനത്തുള്ള അഭയ്ക്ക് കഴിഞ്ഞില്ല. സ്കോർ: 11-9, 11-5, 11-5. മലേഷ്യൻ താരത്തിനെതിരെ അഭയ് വഴങ്ങുന്ന എട്ടാമത്തെ പരാജയമാണിത്.വനിതാ സിംഗിൾസിൽ മലേഷ്യയുടെ തന്നെ ശിവസംഗരി സുബ്രഹ്മണ്യത്തോട് അനാഹത് സിങ് തോൽവി വഴങ്ങിയത്.
What you should work next
വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഹരിത ഭദ്രയ്ക്കു വെങ്കലം. 23.20 സെക്കൻഡിലാണ് ഹരിത ഫിനിഷ് ചെയ്തത്. അതേസമയം പുരുഷൻമാരുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യൻ താരം അനിമേഷ് കുജൂറിന് മെഡലില്ല. 20.80 സെക്കൻഡിൽ അഞ്ചാം സ്ഥാനത്തായാണ് അനിമേഷ് ഫിനിഷ് ചെയ്തത്. അത്‌ലറ്റീക്‌സിൽ മലയാളി എം.ശ്രീശങ്കർ ഉൾപ്പെടെയുള്ള താരങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടി. ലോങ്ജംപിൽ ശ്രീശങ്കർ, പട്ടുരാജ് സോളമൻ എന്നിവരും 400 മീറ്റർ ഹർഡിൽസ് താരങ്ങളായ സന്തോഷ് തമിഴരശൻ, വിദ്യ രാമരാജ്, അനു രാഘവൻ എന്നിവരുമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. പുരുഷന്മാരുടെ ലോങ്ജംപ് യോഗ്യതാ റൗണ്ടിൽ 7.84 മീറ്റർ ദൂരം ചാടിയ ശ്രീശങ്കർ രണ്ടാം സ്ഥാനത്തോടെയും, 7.62 മീറ്റർ ദൂരം കണ്ടെത്തിയ പട്ടുരാജ് ഏഴാം സ്ഥാനത്തോടെയുമാണ് ഫൈനലിലേക്ക് മുന്നേറിയത്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ആദ്യ ഹീറ്റ്‌സിൽ 49.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സന്തോഷ് രണ്ടാം സ്ഥാനത്തോടെ ഫൈനൽ ടിക്കറ്റെടുത്തു. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച രണ്ട് ഇന്ത്യൻ താരങ്ങളും അതത് ഹീറ്റ്‌സുകളിൽ രണ്ടാം സ്ഥാനത്തെത്തി നേരിട്ട് ഫൈനലിന് യോഗ്യത നേടി. വിദ്യ 55.73 സെക്കൻഡിലും അനു 55.84 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്.
അതേസമയം, ബാഡ്മിന്റൻ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും ഉന്നതി ഹൂഡയും തോറ്റു പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 24 മണിക്കൂറിനുള്ളിൽ തന്റെ മൂന്നാമത്തെ മത്സരത്തിന് ഇറങ്ങേണ്ടി വന്ന ഒളിംപിക് മെഡൽ ജേതാവായ സിന്ധു, ടോക്കിയോ ഒളിംപിക് ചാംപ്യനായ ചൈനയുടെ ചെൻ യു ഫെയിയോടാണ് പരാജയപ്പെട്ടത്. സ്കോർ: 21-11, 18-21, 10-21. ഇതോടെ വ്യക്തിഗത ഇനങ്ങളിൽ ഒരൊറ്റ മെഡൽ പോലും നേടാനാകാതെ ഇന്ത്യൻ ഷട്ടിൽമാർ മടങ്ങി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ പുരുഷ ടീം വെള്ളിയും, സാത്വിക്-ചിരാഗ് ഷെട്ടി സഖ്യം ഡബിൾസിൽ സ്വർണവും, എച്ച്.എസ്.പ്രണോയ് പുരുഷ സിംഗിൾസിൽ വെങ്കലവും ഉൾപ്പെടെ ഇന്ത്യ മൂന്ന് മെഡലുകൾ നേടിയിരുന്നു.
English Summary:






English (US) ·