ആറു മത്സരങ്ങൾക്കു ശേഷം ആദ്യമായി ടോസ് വിജയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ; വിൻഡീസിനെതിരെ ആദ്യം ബാറ്റു ചെയ്യും

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 10, 2025 09:15 AM IST Updated: October 10, 2025 09:25 AM IST

1 minute Read

 India's skipper  Shubman Gill during a grooming  league   up  of the 4th  Test cricket lucifer  betwixt  India and England, astatine  The County Ground, successful  Beckenham, England, Thursday, July 17, 2025. (PTI Photo/R Senthilkumar)(PTI07_17_2025_000124A)
ശുഭ്മൻ ഗിൽ പരിശീലനത്തിനിടെ

ന്യൂഡൽഹി∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു ടോസ്. ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഗിൽ‌ ആദ്യമായാണ് ഒരു ടോസ് വിജയിക്കുന്നത്. കഴിഞ്ഞ ആറു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരുന്നു. ന്യൂഡൽഹിയിലെ ബാറ്റിങ് പിച്ചിൽ ടോസ് വിജയിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ  രണ്ടാം മത്സരം കളിക്കാനിറങ്ങുന്നത്. അതേസമയം വെസ്റ്റിൻഡീസ് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ കെവോൺ ഇംലാച്, പേസര്‍ ആന്‍ഡേഴ്സൻ ഫിലിപ് എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി.

ആദ്യ ടെസ്റ്റിൽ അനായാസ വിജയം നേടിയ ഇന്ത്യ 1–0ന് മുന്നിലാണ്.ആവേശം നിറഞ്ഞ ഒരു മത്സരം കാണാൻ രണ്ടാം ടെസ്റ്റിന് 5 ദിവസത്തെ ആയുസ്സുണ്ടാകണമേ എന്നാകും ആരാധകരുടെ പ്രാർഥന. അതിനു പക്ഷേ വിൻഡ‍ീസ് ടീം കൂടി മനസ്സുവയ്ക്കണം. അഹമ്മദാബാദിൽ നടന്ന ഒന്നാം ടെസ്റ്റിൽ വെറും രണ്ടര ദിവസത്തിനുള്ളിൽ ഇന്നിങ്സ് തോൽവി സമ്മതിച്ച വെസ്റ്റിൻഡീസിന് അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണിത്. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഇറങ്ങുക.

ടെസ്റ്റ് ക്രിക്കറ്റിൽ പേസ് ബോളിങ് ഓൾറൗണ്ടറായി ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്ന താരമാണ് നിതീഷ്കുമാർ റെഡ്ഡി. പരുക്കിനുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ താരത്തെ ഒന്നു പരീക്ഷിക്കാൻ പോലും ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കായില്ല. ബാറ്റിങ്ങിന് അവസരം ലഭിക്കാത്ത നിതീഷ് 2 ഇന്നിങ്സുകളിലായി പന്തെറിഞ്ഞത് വെറും 4 ഓവർ മാത്രം. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ നിതീഷ് അടക്കമുള്ള യുവതാരങ്ങൾക്ക് ഈ മത്സരത്തിലെ പ്രകടനം നിർണായകമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നവംബറിലാണ് അടുത്ത ടെസ്റ്റ് പരമ്പര.

ഐപിഎലിൽ ഗുജറാത്ത് ടീമിലെ തന്റെ ഓപ്പണിങ് പങ്കാളിയായ സായ് സുദർശൻ ഇന്നലെ ബാറ്റിങ് പരിശീലനം നടത്തുമ്പോൾ ത്രോ ഡൗൺ ബോളറായത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ്. ബാറ്റിങ്ങിനിടെ സായിക്കു നിർദേശങ്ങളും ക്യാപ്റ്റൻ നൽകുന്നുണ്ടായിരുന്നു. അവസരങ്ങൾ കാര്യമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സായ് സുദർശനു ടീമിൽ തുടരാൻ മികച്ച ഇന്നിങ്സ് അനിവാര്യമാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ടോപ് 6 ബാറ്റർമാരിൽ സ്കോർ രണ്ടക്കം കാണാതിരുന്നതു സായ് സുദർശൻ മാത്രമാണ്. ടെസ്റ്റിലെ 7 ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ചറി മാത്രമാണ് തമിഴ്നാട് താരത്തിന്റെ പേരിലുള്ളത്.

ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ധ്രു ജുറേൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ് ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ– ടാഗ്‍നരെയ്ൻ ചന്ദർപോൾ, ജോൺ കാംബെൽ, അലിക്  അതാനെസ്, ഷായ് ഹോപ്, ടെവിൻ ഇംലാച് (വിക്കറ്റ് കീപ്പർ), റോസ്റ്റൻ ചെയ്സ് (ക്യാപ്റ്റൻ), ജസ്റ്റിൻ ഗ്രീവ്സ്, ഖാരി പിയറി, ജോമല്‍ വരികാൻ, ആൻഡേഴ്സൻ ഫിലിപ്, ജെയ്ഡൻ സീൽസ്.

English Summary:

India vs West Indies Second Test, Day One Match Updates

Read Entire Article