ആറു വിക്കറ്റ് വീണു, ഒന്നാം ഇന്നിങ്സ് ലീഡിന് ഇനി 127 റൺസ് കൂടി വേണം; മധ്യപ്രദേശിനെതിരെ പിടിമുറുക്കി കേരളം

2 months ago 2

മനോരമ ലേഖകൻ

Published: November 17, 2025 06:31 PM IST

1 minute Read

kerala-cricket-team-wicket-celebration

ഇൻഡോർ∙ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് മേൽക്കൈ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിലാണ് മധ്യപ്രദേശ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറിനെക്കാൾ 126 റൺസ് പിന്നിലാണ് അവർ ഇപ്പോഴും. സരൻഷ് ജെയിൻ (41*) ആര്യൻ പാണ്ഡെ (33*) എന്നിവരാണ് ക്രീസിൽ.

നേരത്തെ, ഏഴ് വിക്കറ്റിന് 246 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളം 281 റൺസിനു പുറത്തായിരുന്നു. 35 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്നു വിക്കറ്റുകളും നഷ്ടമായി. ശ്രീഹരി എസ്. നായരുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത ശ്രീഹരി, മൊഹമ്മദ് അർഷദ് ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. വൈകാതെ ബാബ അപരാജിതിനെ കുൽദീപ് സെന്നും പുറത്താക്കി. സെഞ്ചറിക്ക് രണ്ടു റൺസ് അകലെ 98 റൺസിൽ നിൽക്കെയാണ് അപരാജിത് പുറത്തായത്. 186 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറികളടക്കമാണ് അപരാജിത് 98 റൺസ് നേടിയത്. ഏഴ് റൺസെടുത്ത നിധീഷ് എം.ഡി. കൂടി പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സിന് അവസാനമായി. ഏദൻ ആപ്പിൾ ടോം ഒൻപത് റൺസുമായി പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി മൊഹമ്മദ് അർഷദ് ഖാൻ നാലും സരൻഷ് ജെയിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബെയുടെ വിക്കറ്റ് നഷ്ടമായി. അഭിജിത് പ്രവീണിന്റെ പന്തിൽ ദുബെ പൂജ്യത്തിന് ക്ലീൻ ബൗൾഡാവുകയായിരുന്നു. 21 റൺസെടുത്ത ഹർഷ് ഗാവ്ലിയെ നിധീഷ് എം.ഡി. വിക്കറ്റിനു മുന്നിൽ കുരുക്കി. ക്യാപ്റ്റൻ ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി ഏദൻ ആപ്പിൾ ടോം കളി കേരളത്തിന് അനുകൂലമാക്കി.

ഇരുവരും എൽബിഡബ്ല്യുവിലൂടെയാണ് പുറത്തായത്. മറുവശത്ത് ഉറച്ചുനിന്ന ഹിമാൻഷു മന്ത്രിയെ നിധീഷ് പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 73 റൺസെന്ന നിലയിലായിരുന്നു മധ്യപ്രദേശ്. ഋഷഭ് ചൗഹാനും സാരാൻഷ് ജെയിനും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഋഷഭിനെ പുറത്താക്കി ബാബ അപരാജിത് മധ്യപ്രദേശിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 21 റൺസാണ് ഋഷഭ് നേടിയത്. എന്നാൽ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 54 റൺസ് കൂട്ടിച്ചേർത്തതോടെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മധ്യപ്രദേശ് രണ്ടാം ദിനം അവസാനിപ്പിച്ചു. കേരളത്തിന് വേണ്ടി നിധീഷ് എം.ഡിയും ഏദൻ ആപ്പിൾ ടോമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
 

English Summary:

Ranji Trophy sees Kerala dominating against Madhya Pradesh. Madhya Pradesh is astatine 155 for six astatine the extremity of the 2nd day, inactive trailing Kerala by 126 runs. Kerala was earlier each retired for 281 successful their archetypal innings.

Read Entire Article