
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ | AFP
കെന്നിങ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ നില പരുങ്ങലിൽ. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 98 പന്തുകൾ നേരിട്ട് 52 റൺസുമായി ക്രീസിൽ തുടരുന്നു. 19 റൺസോടെ വാഷിങ്ടൺ സുന്ദറും ക്രീസിലുണ്ട്. പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാൽ ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ജയ്‌സ്വാളിനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത താരത്തെ ഗസ് ആറ്റ്കിന്‍സണ്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. ടീം സ്‌കോര്‍ 38-ല്‍ നില്‍ക്കേ രാഹുലും പുറത്തായി. 14 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ക്രിസ് വോക്ക്‌സാണ് വിക്കറ്റെടുത്തത്. പിന്നീട് സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ചേർന്നാണ് സ്കോറുയർത്തിയത്.
ഇരുവരും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. 11 റണ്‍സ് നേടിയതോടെ ഗില്‍ പുതിയ റെക്കോഡും കുറിച്ചു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.
എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് നായകനെയും നഷ്ടമായി. 21 റണ്‍സെടുത്ത ഗില്‍ റണ്ണൗട്ടാകുകയായിരുന്നു. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമം പാളി. ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു. 21 റണ്‍സെടുത്താണ് താരം പുറത്തായത്. 83-3 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീട് സായ് സുദര്‍ശനും കരുണ്‍ നായരുമാണ് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇരുവരും ചേർന്ന് ടീമിനെ നൂറുകടത്തിയെങ്കിലും പിന്നാലെ സായ് സുദർശൻ പുറത്തായത് തിരിച്ചടിയായി. 38 റൺസെടുത്ത താരത്തെ ജോഷ് ടങ്കാണ് പുറത്താക്കിയത്. പിന്നാലെ രവീന്ദ്ര ജഡേജയും (9) ധ്രുവ് ജുറലും(19) കൂടാരം കയറിയതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നീടൊരുമിച്ച കരുൺ നായരും വാഷിങ്ടൺ സുന്ദറും 51 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മഴമൂലം 64 ഓവറാണ് ആദ്യദിനം എറിയാനായത്.
അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും. അപ്പോൾ കിരീടം ആർക്കെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പരമ്പര സമനിലയായാൽ മുൻവർഷത്തെ ജേതാക്കൾ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാൽ, 2019-ൽ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതൽ പേരുമാറ്റിയാണ് കിരീടം നൽകുന്നത്. അതുകൊണ്ട് ചട്ടം പ്രാവർത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകൾക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതൽ.
നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. ഋഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, അന്‍ഷുള്‍ കാംബോജ് എന്നിവര്‍ കളിക്കുന്നില്ല. കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറല്‍, ആകാശ് ദീപ് എന്നിവരാണ് പകരം കളിക്കുന്നത്. നാലുമാറ്റങ്ങളോടെയാണ് ഇംഗ്ലണ്ടും ഇറങ്ങുന്നത്. വലതു ചുമലിനേറ്റ പരിക്കാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സിന് തിരിച്ചടിയായത്. ഇംഗ്ലീഷ് ബൗളിങ്ങിന്റെ ആണിക്കല്ല് സ്‌റ്റോക്‌സായിരുന്നു. സ്‌റ്റോക്‌സിന്റെ അഭാവത്തിൽ ടീമിനെ ഒലി പോപ്പ് നയിക്കും. സ്‌റ്റോക്‌സിനുപുറമേ ജോഫ്രെ ആർച്ചർ, ബ്രൈഡൻ കാഴ്‌സ്, ലിയാം ഡോസൻ എന്നിവരും ടീമിലില്ല. പകരം ജേക്കബ് ബെത്‌ഹെൽ, ഗസ് അറ്റ്കിൻസൻ, ജാമി ഓവർട്ടൺ, ജോഷ് ടങ് എന്നിവർ ടീമിലെത്തി.
Content Highlights: india england trial series








English (US) ·