Published: August 23, 2025 02:12 PM IST
1 minute Read
-
കെസിഎൽ: ആലപ്പിക്കെതിരെ തൃശൂരിന് 7 വിക്കറ്റ് വിജയം
-
തൃശൂര്‍ പേസർ സിബിൻ ഗിരീഷ് പ്ലെയർ ഓഫ് ദ് മാച്ച്
തിരുവനന്തപുരം∙ ആലപ്പി റിപ്പിൾസ് ബാറ്റർമാർ തുഴഞ്ഞ പിച്ചിൽ തൃശൂർ ടൈറ്റൻസ് ബാറ്റർമാർ തൂക്കിയടിച്ചു! കെസിഎൽ രണ്ടാം സീസണിൽ തൃശൂരിനു വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ആലപ്പിയുടെ ഇന്നിങ്സ് 7 വിക്കറ്റിന് 151 റൺസിലൊതുങ്ങിയപ്പോൾ തൃശൂർ 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു; 7 വിക്കറ്റ് ജയം. അർധ സെഞ്ചറികളുമായി 121 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടൊരുക്കിയ ആനന്ദ് കൃഷ്ണനും (39 പന്തിൽ 63), അഹമ്മദ് ഇമ്രാനും (44 പന്തിൽ 61) ചേർന്നാണ് ടീമിനെ അനായാസ വിജയത്തിലേക്കു നയിച്ചത്. 4 ഓവറിൽ 23 റൺസ് വഴങ്ങി ആലപ്പിയുടെ 4 വിക്കറ്റ് വീഴ്ത്തിയ പേസർ സിബിൻ ഗിരീഷ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി നിരയിൽ അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (38 പന്തിൽ 56) വാലറ്റത്ത് എം.പി.ശ്രീരൂപിനും (23 പന്തിൽ 30) മാത്രമാണ് തിളങ്ങാനായത്. കെസിഎൽ കളിക്കുന്ന ഏക മറുനാടൻ താരമായ കേരള സീനിയർ ടീമിലെ സൂപ്പർ ഓൾറൗണ്ടർ ജലജ് സക്‌സേന ഓപ്പണറായി ഇറങ്ങിയെങ്കിലും 8 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ അക്ഷയ് ചന്ദ്രനെയും ആനന്ദ് ജോസ് പുറത്താക്കിയതോടെയാണ് ആലപ്പി ഇന്നിങ്സ് ഇഴഞ്ഞു തുടങ്ങിയത്. അസ്ഹറുദ്ദീൻ താളം കണ്ടെത്തിയെങ്കിലും മറുവശത്ത് കാര്യമായ പിന്തുണ നൽകാൻ മുൻനിരയിൽ ആർക്കും കഴിഞ്ഞില്ല. സിബിൻ ഗിരീഷ് ആണ് ആലപ്പി മധ്യനിരയെ തകർത്തത്.
ആലപ്പി റണ്ണെടുക്കാൻ വലഞ്ഞ പിച്ചിൽ തൃശൂരിന്റെ ഓപ്പണർമാർക്കു പക്ഷേ ബുദ്ധിമുട്ടേണ്ടി വന്നില്ല. 5 സിക്സും 2 ബൗണ്ടറിയും ഉൾപ്പെട്ടതായിരുന്നു ആനന്ദ് കൃഷ്ണന്റെ ഇന്നിങ്സെങ്കിൽ 8 ഫോറുകളാണ് ഇമ്രാൻ നേടിയത്. കെസിഎലിലൂടെ ഐപിഎൽ വരെയെത്തിയ ഇടംകൈ ലെഗ് സ്പിന്നർ വിഘ്നേഷ് പുത്തൂർ ഇമ്രാന്റെ വിക്കറ്റ് നേടി ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും അപ്പോഴേക്കും തൃശൂർ വിജയതീരത്ത് എത്തിയിട്ടുണ്ടായിരുന്നു. ആലപ്പുഴ നേടിയ 3 വിക്കറ്റുകളിൽ രണ്ടും വിഘ്നേഷിനാണ്.
English Summary:









English (US) ·