ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. വരാനിരിക്കുന്ന മത്സരങ്ങളിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടര്‍ന്നേക്കും. പാകിസ്താന്റെ ആവശ്യം ഐസിസി തള്ളിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പാകിസ്താനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണിത്.
അതേസമയം ഏഷ്യാകപ്പ് ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്നാണ് റിപ്പോർട്ട്. ഐസിസി നടപടിയെടുക്കാത്ത പക്ഷം അടുത്ത കളികൾ ബഹിഷ്കരിക്കുമെന്നാണ് നേരത്തേ പാകിസ്താൻ നിലപാടെടുത്തത്. എന്നാൽ ഇക്കാര്യത്തിൽ പാകിസ്താൻ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്നും വരാനിരിക്കുന്ന കളികൾ കളിക്കാനാണ് സാധ്യതയെന്നും ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. യുഎഇക്കെതിരായ അവസാനമത്സരത്തില്‍ കളിക്കുകയും സൂപ്പര്‍ ഫോറിലേക്ക് മുന്നേറാനുള്ള അവസരം വിനിയോഗിക്കുകയും ചെയ്യാം. ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചുകഴിഞ്ഞു. മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനവും പാകിസ്താന് സ്വീകരിക്കാം. അങ്ങനെ വന്നാല്‍ യുഎഇ സൂപ്പര്‍ ഫോറിലേക്ക് കടക്കും.
ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ മറ്റേയാൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ നായകന് ഒരു സന്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തിയത്. വിവാദത്തിൽ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന് കാര്യമായ പങ്കില്ലാതിരിക്കെ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഐസിസി വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്താൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ നീക്കാത്ത പക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികൾ ബഹിഷ്കരിക്കുമെന്നും പാകിസ്താന്റെ ഭീഷണി മുഴക്കി. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്താൻ പരാതി നൽകിയിട്ടുണ്ട്. മാച്ച് റഫറിയെ അടിയന്തരമായി പുറത്താക്കിയില്ലെങ്കിൽ യുഎഇക്കെതിരായ അടുത്ത കളി മുതൽ ബഹിഷ്കരിക്കുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി. യുഎഇക്കെതിരായ പാകിസ്താന്റെ അടുത്ത മത്സരത്തിലും പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി.
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് അവഗണിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.
Content Highlights: Pakistan backs disconnected retreat stance asia cupful icc rejects request








English (US) ·