ആവേശം അവസാന പന്തുവരെ; ഇന്ത്യ ചെലുത്തിയ അതിസമ്മർദ്ദത്തിനിടെ സിംഗിളെടുത്ത് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച് സോഫി!

6 months ago 7

മനോരമ ലേഖകൻ

Published: July 13 , 2025 08:58 AM IST

1 minute Read

 Getty Images)
ഇന്ത്യ – ഇംഗ്ലണ്ട് അ‍ഞ്ചാം വനിതാ ട്വന്റി20 മത്സരത്തിൽ നിന്ന്. (Photo: Getty Images)

ബർമിങ്ങാം ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. അവസാന പന്തു വരെ നീണ്ട മത്സരത്തിൽ 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഒന്നാം വിക്കറ്റിൽ 64 പന്തിൽ 101 റൺസ് നേടിയ ഡാനി വ്യാറ്റ് – സോഫിയ ഡങ്‌ലെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് മികച്ച അടിത്തറ പാകി. എന്നാൽ തുടരെ വിക്കറ്റുകൾ 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് പരാജയം തുറിച്ചുനോക്കിയ ഇംഗ്ലണ്ടിനെ അവസാന പന്തിൽ സിംഗിൾ എടുത്ത് സോഫി എക്ലേസ്റ്റോൺ വിജയതീരത്തെത്തിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റിന് 167. ഇംഗ്ലണ്ട് 20 ഓവറിൽ 5 വിക്കറ്റിന് 168.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ ആറു പന്തിൽ ആറു റൺസാണ് വേണ്ടിയിരുന്നത്. അരുന്ധതി റെഡ്ഡി എറിഞ്ഞ ആദ്യ പന്തിൽ ടാമി ബൗമണ്ട് (30 റൺസ്) ബൗൾഡായി. രണ്ടാം പന്തിൽ സ്കോൾഫീൽഡ് ഒരു റണ്ണെടുത്തു. മൂന്നാം പന്തിൽ രാധാ യാദവിന്റെ ഉജ്വല ക്യാച്ചിൽ ആമി ജോൺസ് (10 റൺസ്) പുറത്ത്. തുടരെ രണ്ടു വിക്കറ്റുകൾ വീണതോടെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി.

നാലാം പന്തിൽ സോഫി എക്ലേസ്റ്റോൺ മൂന്നു റൺസ് നേടിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അഞ്ചും ആറും പന്തുകളിൽ ഓരോ റൺ വീതം നേടി ഇംഗ്ലണ്ട് വിജയമുറപ്പിച്ചു. ഇന്ത്യയ്‌ക്കു വേണ്ടി ദീപ്തി ശർമ, അരുന്ധതി റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതവും രാധാ യാദവ് ഒരു വിക്കറ്റും നേടി.

നേരത്തെ, ഇന്ത്യൻ നിരയിൽ ഷെഫാലി വർമ (41 പന്തിൽ 75 റൺസ്) – ഹർമൻപ്രീത് കൗർ (18 പന്തിൽ 15 റൺസ്) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 43 പന്തിൽ 66 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇവരെ കൂടാതെ റിച്ചാ ഘോഷും (24), രാധാ യാദവും (14) മാത്രമാണ് രണ്ടക്കം കടന്നത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Getty Images എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

England Women vs India Women, 5th T20I, India Women circuit of England, 2025 - Live Updates

Read Entire Article