Published: November 30, 2025 10:58 PM IST
1 minute Read
-
തിരുവനന്തപുരം കൊമ്പൻസ് എഫ്സി - 1
-
മലപ്പുറം എഫ്സി - 1
തിരുവനന്തപുരം ∙ സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിനുള്ള അവസാന രണ്ട് ടീമുകളെ അറിയാൻ ഇനിയും കാത്തിരിക്കണം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയും മലപ്പുറം എഫ്സിയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ആവേശം അവസാന റൗണ്ടിലേക്ക് നീണ്ടത്. മലപ്പുറത്തിനായി എൽഫോർസിയും തിരുവനന്തപുരത്തിനായി പൗളോ വിക്ടറും സ്കോർ ചെയ്തു.
ഒൻപത് റൗണ്ട് മത്സരം അവസാനിക്കുമ്പോൾ 12 പോയന്റുള്ള തിരുവനന്തപുരം മൂന്നാം സ്ഥാനത്തും 11 പോയന്റുള്ള മലപ്പുറം നാലാം സ്ഥാനത്തുമാണ്. 10 പോയന്റുമായി കണ്ണൂർ അഞ്ചാമതും നിൽക്കുന്നു. അവസാന റൗണ്ടിലെ തൃശൂർ - കണ്ണൂർ, തിരുവനന്തപുരം - കാലിക്കറ്റ്, മലപ്പുറം - കൊച്ചി മത്സരഫലങ്ങളാവും സെമി ഫൈനലിലേക്കുള്ള അവസാന രണ്ട് ടീമുകളെ നിശ്ചയിക്കുക. കാലിക്കറ്റ് എഫ്സി, തൃശൂർ മാജിക് എഫ്സി ടീമുകൾ ഇതിനോടകം സെമി ഫൈനലിൽ ഇടം ഉറപ്പിച്ചിട്ടുണ്ട്.
പന്ത്രണ്ടാം മിനിറ്റിൽ മലപ്പുറത്തിന്റെ റിഷാദ് ഗഫൂർ വലതുവിങിലൂടെ മുന്നേറി രണ്ട് പ്രതിരോധക്കാരെ മറികടന്ന് നടത്തിയ ഗോൾ ശ്രമം പോസ്റ്റിനെ ചാരി പുറത്തേക്ക് പോയി. പതിനേഴാം മിനിറ്റിൽ മലപ്പുറം ലീഡ് നേടി. ബോക്സിന് പുറത്തു നിന്ന് ലഭിച്ച പന്ത് ലോങ്റേഞ്ച് ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത് മൊറോക്കോ താരം എൽഫോർസി (1-0). ഇരുപത്തിയെട്ടാം മിനിറ്റിൽ ബദർ നൽകിയ പാസ് ജോൺ കെന്നഡി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും തിരുവനന്തപുരം ഗോളി സത്യജിത് രക്ഷകനായി. ആദ്യപകുതിയിൽ ആതിഥേയരുടെ റോച്ചെ, ജാസിം, തുഫൈൽ എന്നിവർക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ തുഫൈലിന് പകരം അസ്ഹർ കളത്തിലെത്തി.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം തിരുവനന്തപുരം സമനില നേടി. മധ്യനിരയിൽ നിന്ന് ലഭിച്ച ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ പൗളോ വിക്ടർ പ്രതിരോധനിരയെയും ഗോൾകീപ്പറെയും മറികടന്ന് ഇടതുകാൽ കൊണ്ട് ഫിനിഷ് ചെയ്തു (1-1). ലീഗിൽ ബ്രസീലുകാരന്റെ മൂന്നാം ഗോൾ. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോഴും തിരുവനന്തപുരവും മലപ്പുറവും ഓരോഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
English Summary:








English (US) ·