Published: January 13, 2026 11:20 AM IST Updated: January 13, 2026 01:20 PM IST
1 minute Read
മെൽബൺ∙ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരവും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ അലീസ ഹീലി വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം മാർച്ചിൽ ക്രിക്കറ്റിനോടു വിടപറയുമെന്ന് അലീസ ഹീലി അറിയിച്ചു. ‘‘സമ്മിശ്ര വികാരങ്ങളോടെയാണ് ഇന്ത്യയ്ക്കെതിരായ പരമ്പര ഓസ്‌ട്രേലിയയ്‌ക്കായി എന്റെ അവസാന പരമ്പരയാകുമെന്ന് അറിയിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നതിൽ എനിക്ക് ഇപ്പോഴും അതിയായ അഭിനിവേശമുണ്ട്. പക്ഷേ തുടക്കം മുതൽ എന്നെ മുന്നോട്ട് നയിച്ച ആവേശം എനിക്ക് നഷ്ടപ്പെട്ടു, അതിനാൽ അവസാനിപ്പിക്കാനുള്ള ആ ദിവസം വന്നെത്തി.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പിന് ഞാൻ ഉണ്ടാകില്ല. തയാറെടുപ്പിന് ടീമിന് പരിമിതമായ സമയമേയുള്ളൂ എന്നതുകൊണ്ട് ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 മത്സരങ്ങളിൽ ഞാൻ ഭാഗമാകില്ല. പക്ഷേ എന്റെ കരിയർ പൂർത്തിയാക്കാനും ഇന്ത്യയ്‌ക്കെതിരായ സ്വന്തം നാട്ടിൽ ഏകദിന, ടെസ്റ്റ് ടീമിനെ നയിക്കാനും അവസരം ലഭിച്ചതിൽ ഞാൻ ആവേശത്തിലാണ് - നമ്മുടെ കലണ്ടറിലെ ഏറ്റവും വലിയ പരമ്പരകളിൽ ഒന്ന്.’’– വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹീലി കുറിച്ചു.
35 വയസ്സുകാരിയായ അലീസ ഹീലി, 15 വർഷത്തെ രാജ്യാന്തര കരിയറിൽ മൂന്നു ഫോർമാറ്റുകളിലുമായി 7000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. 2010ൽ വിക്കറ്റ് കീപ്പറായി ഓസ്ട്രേലിയൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരം, 275 ഡിസ്മിസലുകളും നടത്തി. ഓസീസ് ടീമിനൊപ്പം എട്ടു ലോകകപ്പ് കിരീടങ്ങളും നേടി– ആറു ട്വന്റി20 ലോകകപ്പുകളും രണ്ട് ഏകദിന ലോകകപ്പുകളും. 2023ൽ മെഗ് ലാനിങ്ങിനെ പിൻഗാമിയായാണ് അലീസ ഹീലി ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്.
ഏകദിന ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (2022ൽ ഇംഗ്ലണ്ടിനെതിരെ 170), രാജ്യാന്തര ട്വന്റി20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് (2019ൽ ശ്രീലങ്കയ്‌ക്കെതിരെ 148 നോട്ടൗട്ട്), പുരുഷ/വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ (126) എന്നീ റെക്കോർഡുകൾ അലീസ ഹീലിയുടെ പേരിലാണ്.
വനിതാ പ്രിമിയർ ലീഗിനു ശേഷമാണ് ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം. ഫെബ്രുവരി 15 മുതൽ 21 വരെ മൂന്നു ട്വന്റി20 മത്സരങ്ങളും ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ മൂന്ന് ഏകദിന മത്സരങ്ങളും പരമ്പരയിലുണ്ട്. മാർച്ച് 6 മുതൽ 9 വരെ പെർത്തിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പ അവസാനിക്കുന്നത്. ഈ വർഷം നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ അലീസ ഹീലിയെ ആരും ടീമിലെടുത്തിരുന്നില്ല.
English Summary:








English (US) ·