ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ 2-ന് പ്രൗഢഗംഭീര തുടക്കം

6 months ago 6

തിരുവനന്തപുരം: ക്രിക്കറ്റ് കളിയുടെ ഊര്‍ജ്ജവും ആഘോഷത്തിന്റെ ലഹരിയും ഒത്തുചേര്‍ന്ന കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2ന്റെ ഗ്രാന്‍ഡ് ലോഞ്ച് തലസ്ഥാന നഗരിയെ ആവേശത്തിലാക്കി. തിരുവനന്തപുരം നിശാഗന്ധിയില്‍ കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍ ലോഞ്ച് നിര്‍വഹിച്ചു. ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുന്ന ക്രിക്കറ്റ് പൂരത്തിന്റെ നേര്‍ക്കാഴ്ച്ചയായി മാറി. വാദ്യമേളങ്ങളും അഗം ബാന്റിന്റെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീതനിശയും താരങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നിശാഗന്ധിയില്‍ ഉത്സവാന്തരീക്ഷമായിരുന്നു.

ചടങ്ങില്‍ കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങളായ 'ബാറ്റേന്തിയ കൊമ്പന്‍, ' ചാക്യാര്‍', ' വേഴാമ്പല്‍' എന്നിവ മന്ത്രി പ്രകാശനം ചെയ്തു. ഭാഗ്യചിഹ്നങ്ങളില്‍ ഒന്നായ ചാക്യാറിന്റെ നര്‍മ്മത്തില്‍ ചാലിച്ചുള്ള പ്രകടനം സദസില്‍ ചിരി പടര്‍ത്തി. സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന ട്രോഫി ടൂര്‍ പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം അഡ്വ.വി.കെ പ്രശാന്ത് എംഎല്‍എ, സഞ്ജു സാംസണ്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും മികച്ച ആഭ്യന്തര ലീഗായി മാറാന്‍ കെ.സി.എല്ലിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ക്രിക്കറ്റിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതില്‍ കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ക്ക് വലിയ പങ്കു വഹിക്കാനാകും. രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് ഇക്കണോമി ആരംഭിച്ച സംസ്ഥാനം കേരളമാണ്. ഇത്തവണ 5.5ലേക്ക് കേരളത്തിന്റെ സ്‌പോര്‍ട്‌സ് ഇക്കണോമി വളര്‍ന്നു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് പത്ത് ശതമാനമായി ഉയര്‍ത്താന്‍ കഴിയും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ 1350 കോടിയുടെ നിക്ഷേപ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും മികച്ച കായിക അടിസ്ഥാന സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് അവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കുന്ന കെ.സി.എല്ലിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെസിഎല്ലിന്റെ വളര്‍ച്ച കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. വേദിയില്‍ റോഡ് സേഫ്റ്റി ബോധവത്കരണത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത ഫാന്‍ ജേഴ്‌സിയും പുറത്തിറക്കി. കേരള ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ഗാലറിയിലെ പിന്തുണ കളിക്കളത്തിലുള്ള ഏതൊരു കളിക്കാരനും അനിവാര്യമാണെന്ന് സഞ്ജു സാംസണ്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന്, രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന്റെ വിജയത്തിന് കാരണമായ ഹെല്‍മെറ്റിനെ ആസ്പദമാക്കി തയാറാക്കിയ വിഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ കൈയടിയോട് കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ആവേശം കൊള്ളിപ്പിച്ച അസുലഭ മുഹൂര്‍ത്തം വീണ്ടും സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ താരങ്ങള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും പുത്തനനുഭവമായി മാറി. പ്രചാരണ പരിപാടിയോട് അനുബന്ധിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറു ടീമുകളെയും ഉടമകളെയും പരിചയപ്പെടുത്തുകയും ചെയ്തു. സീസണ്‍-2 വിനായി മലയാളികള്‍ കാത്തിരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ജനപങ്കാളിത്തമെന്നും ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് കെസിഎല്ലിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.

ചടങ്ങിനോട് അനുബന്ധിച്ച് ആറാംതമ്പുരാന്‍ ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് കുമാറും, ഡയറക്ടര്‍ ഷാജി കൈലാസും ടീം വീണ്ടും ഒന്നിക്കുന്ന മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ കെസിഎല്ലിന്റെ പരസ്യ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് പുറത്തിറക്കി. ഹര്‍ഷാരവത്തോടെയായിരുന്നു ടീസറിനെ ജനങ്ങള്‍ വരവേറ്റത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, സെക്രട്ടറി വിനോദ് എസ്.കുമാര്‍, മറ്റു കെസിഎ ഭാരവാഹികള്‍, കെസിഎല്‍ ഗവണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ നസീര്‍ മച്ചാന്‍,കെസിഎ അംഗങ്ങള്‍, അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ഉടമകളായ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ജോസ് തോമസ് പട്ടാര, ഷിബു മത്തായി, റിയാസ് ആദം, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ഉടമ സോഹന്‍ റോയ്, കൊച്ചി ബ്ലൂടൈഗേഴ്‌സ് ഉടമ സുഭാഷ് ജോര്‍ജ്ജ് മാനുവല്‍, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉടമ സഞ്ജു മുഹമ്മദ്, ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ് ഉടമ സജാദ് സേഠ്, ആലപ്പി റിപ്പിള്‍സ് ഉടമകളായ ടി.എസ് കലാധരന്‍, കൃഷ്ണ കലാധരന്‍, ഷിബു മാത്യു, റാഫേല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. ഔദ്യോഗിക ചടങ്ങിന് ശേഷം നടന്ന അഗം മ്യൂസിക്കല്‍ ബാന്‍ഡിന്റെ കാണികളെ ആവേശത്തിലാക്കിയുള്ള സംഗീതപരിപാടിയും അരങ്ങേറി.

Content Highlights: Kerala Cricket League Season 2 launched with fanfare successful Thiruvananthapuram

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article