ലണ്ടൻ ∙ 25–ാം ഗ്രാൻസ്‌ലാം കിരീടത്തിനായി നൊവാക് ജോക്കോവിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് 659 ദിവസങ്ങളായി. തുടർച്ചയായ 3 ഗ്രാൻസ്‍ലാം ട്രോഫികളെന്ന റെക്കോർഡിലേക്കാണ് കാർലോസ് അൽകാരസിന്റെ നോട്ടം. ഹാർഡ്, കളിമൺ കോർട്ടുകളിൽ ജേതാവായെങ്കിലും പോളണ്ടുകാരി ഇഗ സ്യാംതെക്കിന് പുൽകോർട്ടിലെ ഗ്രാൻസ്‍ലാം ഇനിയും സ്വന്തമാക്കാനായിട്ടില്ല.
വിമ്പിൾഡൻ ഗ്രാൻസ്‌ലാം ടെന്നിസിന് ഇന്നു തുടക്കമാകുമ്പോൾ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പച്ചപ്പുൽ കോർട്ടിൽ പ്രതീക്ഷകളുടെ പുതുനാമ്പുകൾ തേടുകയാണ് സൂപ്പർ താരങ്ങൾ. കഴിഞ്ഞ 2 തവണയും ഇവിടെ ചാംപ്യനും കഴിഞ്ഞ മാസത്തെ ഫ്രഞ്ച് ഓപ്പണിൽ ജേതാവുമായിരുന്ന സ്പെയിനിന്റെ കാർലോസ് അൽകാരസാണ് പുരുഷ സിംഗിൾസിൽ കിരീട സാധ്യതകളുടെ സെന്റർ കോർട്ടിൽ ഒന്നാമതുള്ളത്. വനിതകളിൽ കഴിഞ്ഞ 7 ടൂർണമെന്റുകളിലും 7 വ്യത്യസ്ത ചാംപ്യൻമാരെ സൃഷ്ടിച്ച ചരിത്രമാണ് വിമ്പിൾഡനുള്ളത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.
അഡ്വാന്റേജ്, അൽകാരസ്വിമ്പിൾഡന്റെ പ്രധാന വേദിയായ സെന്റർ കോർട്ടിൽ ഇന്നു മത്സരാവേശത്തിനു തുടക്കമിടുന്നത് സ്പാനിഷ് താരം അൽകാരസാണ്. വിമ്പിൾഡനിലെ പാരമ്പര്യം അനുസരിച്ച് നിലവിലെ പുരുഷ സിംഗിൾസ് ചാംപ്യനാണ് സെന്റർ കോർട്ടിൽ ആദ്യ മത്സരം കളിക്കുക. യോഗ്യതാ റൗണ്ട് കടന്നെത്തുന്ന ഇറ്റലിയുടെ ഫാബിയോ ഫൊനീനിയാണ് എതിരാളി.
സെമിഫൈനൽവരെ അൽകാരസിനു കരുത്തരായ എതിരാളികളില്ല. ഒന്നാം സീഡ് യാനിക് സിന്നറിനെയോ നൊവാക് ജോക്കോവിച്ചിനെയോ ഫൈനലിനു മുൻപ് നേരിടേണ്ടി വരില്ല. വിമ്പിൾഡനിൽ തുടർച്ചയായി 3 കിരീടങ്ങൾ നേടുന്ന അഞ്ചാമത്തെ പുരുഷ താരമെന്ന റെക്കോർഡാണ് ഇരുപത്തിരണ്ടുകാരനായ അൽകാരസിനെ മോഹിപ്പിക്കുന്നത്.
ജോക്കോയുടെ കാത്തിരിപ്പ്24 ഗ്രാൻസ്‌ലാം കിരീടങ്ങളുടെ തലയെടുപ്പോടെയാണു മുപ്പത്തെട്ടുകാരൻ നൊവാക് ജോക്കോവിച്ച് വരുന്നത്. ജോക്കോവിച്ചിന്റെ 20–ാം വിമ്പിൾഡൻ ടൂർണമെന്റാണിത്. 2023 സെപ്റ്റംബറിൽ യുഎസ് ഓപ്പണിൽ ജേതാവായശേഷം 25–ാം കിരീടത്തിനായി ജോക്കോവിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് 2 വർഷത്തോളമായി.
വിമ്പിൾഡനിൽ കഴിഞ്ഞ 2 തവണയും ഫൈനലിൽ അൽകാരസിനോടു പരാജയപ്പെട്ടു. 7 തവണ വിമ്പിൾഡൻ ജേതാവായ ജോക്കോവിച്ചിന് ഇവിടെ 8 തവണ ചാംപ്യനായ റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരം കൂടിയാണിത്.
നിലവിലെ ഒന്നാം നമ്പർ ഇറ്റലിയുടെ യാനിക് സിന്നറാണ് ജോക്കോയ്ക്കും അൽകാരസിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ജോക്കോവിച്ച്– സിന്നർ സെമിഫൈനലിനാണ് സാധ്യത. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിച്ചിനെ സെമിയിൽ കീഴടക്കിയ സിന്നർ ഫൈനലിൽ അൽകാരസിനോടു പരാജയപ്പെട്ടിരുന്നു.
ഗോഫിനു ലക്ഷ്യം ചാനൽ സ്‌ലാംഒരു സീസണിൽ ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങൾ ഒരുമിച്ചു നേടുകയെന്ന ‘ചാനൽ സ്‌ലാം’ നേട്ടം ലക്ഷ്യമിട്ടാണ് വനിതകളിലെ ലോക രണ്ടാംനമ്പർ യുഎസിന്റെ കോക്കോ ഗോഫ് എത്തുന്നത്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഒന്നാം നമ്പർ ബെലാറൂസിന്റെ അരീന സബലേങ്കയെ കീഴടക്കിയ ഗോഫിനു വിമ്പിൾഡനിലെ പ്രധാന എതിരാളിയും സബലേങ്ക തന്നെ.
മോശം ഫോമിനുശേഷം തിരിച്ചുവരവിനൊരുങ്ങുന്ന മുൻ ലോക ഒന്നാം നമ്പർ പോളണ്ടിന്റെ ഇഗ സ്യാംതെക്കിനു മത്സരങ്ങൾ കടുപ്പമേറിയതാണ്. എട്ടാം സീഡായ ഇഗയ്ക്കു പ്രീക്വാർട്ടറിൽ എലേന റിബകീനയും ക്വാർട്ടറിൽ കൊക്കോ ഗോഫും എതിരാളിയായി വന്നേക്കാം.
ന്യൂജെൻ വിമ്പിൾഡൻലോകത്തെ പഴക്കമേറിയ ഗ്രാൻസ്‌ലാം ടൂർണമെന്റായ വിമ്പിൾഡൻ അതിന്റെ പാരമ്പര്യത്തിൽനിന്ന് അൽപം വഴിമാറുന്നു. 147 വർഷത്തെ ചരിത്രത്തിലാദ്യമായി ലൈൻ വിധി നിർണയത്തിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കുന്നുവെന്നതാണ് പ്രധാന മാറ്റം. യുഎസ് ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റുകൾ നേരത്തേ തന്നെ ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറിയെങ്കിലും വിമ്പിൾഡനിൽ കഴിഞ്ഞവർഷം വരെ ലൈൻ ജഡ്ജസിനെ നിയോഗിച്ചിരുന്നു.
English Summary:








English (US) ·