ആവേശത്തിരയിളക്കി കെസിഎൽ മൂന്നാം സീസൺ; ഗാലറിയെ ഇളക്കിമറിച്ച് ജനസാഗരം‌, താരപ്പകിട്ടേകി ഇതിഹാസങ്ങൾ

1 month ago 6

ഓണക്കാലത്ത് ഇരട്ടി മധുരം പകർന്നാണ് ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് ആവേശകരമായ കൊടിയിറങ്ങിയത്. യുവതാരങ്ങൾക്ക് മുൻതൂക്കം നൽകി കളത്തിലിറങ്ങിയ തൃശൂർ ടൈറ്റൻസ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 168 റൺസെന്ന വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ മറികടന്നാണ് ടൈറ്റൻസ് കിരീടത്തിൽ മുത്തമിട്ടത്. യുവതാരം അഹമ്മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചറിയും ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ അഖിൽ എം.എസിന്റെ ഉജ്ജ്വല പ്രകടനവുമാണ് കൊച്ചിയിൽനിന്ന് കപ്പ് തൃശൂരിലേക്കെത്തിച്ചത്. ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് റണ്ണറപ്പായി; ഇത് രണ്ടാം തവണയാണ് കാലിക്കറ്റ് രണ്ടാമതെത്തുന്നത്.

ടൂർണമെന്റിലുടനീളം ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട ഒട്ടേറെ മുഹൂർത്തങ്ങൾക്കാണ് കെസിഎൽ മൂന്നാം സീസൺ സാക്ഷ്യം വഹിച്ചത്. മഴമൂലം ഏഴ് ഓവറാക്കി ചുരുക്കിയ ആലപ്പി റിപ്പിൾസ് - കൊച്ചി ബ്ലൂടൈഗേഴ്സ് മത്സരം ഗാലറിയിൽ തീപടർത്തി. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഏഴു ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്കാവട്ടെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ; ആലപ്പിയ്ക്ക് 74 റൺസിന്റെ രാജകീയ ജയം. കാലിക്കറ്റും തൃശൂരും തമ്മിൽ നടന്ന മറ്റൊരു ഗ്രൂപ്പ് പോരാട്ടവും അവസാന പന്ത് വരെ ആകാംക്ഷ നിറഞ്ഞുനിന്ന ത്രില്ലറായിരുന്നു. അവസാന പന്തിൽ ജയിക്കാൻ നാല് റൺസ് വേണമെന്നിരിക്കെ, പരുക്കിനെ വകവയ്ക്കാതെ ക്രീസിലെത്തിയ എ.കെ അർജുൻ ആ പന്ത് അതിർത്തി കടത്തി തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത് ടൂർണമെന്റിലെ സുവർണ്ണ നിമിഷങ്ങളിലൊന്നായി.

വളർന്നുവരുന്ന ഒട്ടേറെ യുവതാരങ്ങൾക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനും മികച്ച മാധ്യമശ്രദ്ധ നേടിയെടുക്കാനും ഈ സീസൺ വേദിയൊരുക്കി. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളുടെ സ്കൗട്ടുകൾ പുതിയ പ്രതിഭകളെ കണ്ടെത്താനായി ഗാലറിയിൽ എത്തിയിരുന്നത് കേരളത്തിലെ യുവതാരങ്ങൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. സംഘാടന മികവുകൊണ്ടും റെക്കോർഡ് ജനപങ്കാളിത്തം കൊണ്ടും കെസിഎൽ മൂന്നാം സീസൺ കേരളാ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.

തീപാറിയ സെമി ഫൈനൽ പോരാട്ടങ്ങൾനോക്കൗട്ട് പോരാട്ടത്തിന്റെ എല്ലാ സമ്മർദ്ദവും ആവേശവും നിറഞ്ഞുനിന്നവയായിരുന്നു സെമി ഫൈനൽ മത്സരങ്ങൾ. ട്രിവാൻഡ്രം റോയൽസും തൃശൂർ ടൈറ്റൻസും തമ്മിൽ നടന്ന ആദ്യ സെമി അവിശ്വസനീയമായ ക്ലൈമാക്സിലൂടെയാണ് ആരാധകരെ ഞെട്ടിച്ചത്. റോയൽസ് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തൃശൂർ ടൈറ്റൻസ് തോൽവിയുടെ വക്കിൽ നിന്നാണ് ഫൈനൽ ടിക്കറ്റ് പിടിച്ചെടുത്തത്. അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ, തുടർച്ചയായി രണ്ട് സിക്സറുകളും ഒരു ഫോറും പറത്തിയ ആനന്ദ് ജോസഫിന്റെ തകർപ്പൻ ബാറ്റിങ്ങാണ് തൃശൂരിന് രക്ഷകനായത്. ഒരു പന്ത് ബാക്കിനിൽക്കെയായിരുന്നു ഈ ത്രില്ലർ ജയം. രണ്ടാം സെമിയിൽ ആലപ്പി റിപ്പിൾസിനെ 36 റൺസിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാ‍ർസ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ്, വരുൺ നായനാർ (59), അബ്ദുൾ ബാസിത് (53) എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ 218 റൺസ് അടിച്ചുകൂട്ടിയപ്പോൾ പൊരുതിനോക്കിയ ആലപ്പിയുടെ ഇന്നിങ്സ് 182 റൺസിൽ അവസാനിച്ചു. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ കാലിക്കറ്റിന്റെ ജോസ് പെരയിലാണ് ഈ വിജയത്തിന് ചുക്കാൻ പിടിച്ചത്.

റൺമല താണ്ടി അസഹ്റുദ്ദീൻകേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിൽ ആയിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന സുവർണ നേട്ടം ആലപ്പി റിപ്പിൾസ് വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസഹ്റുദ്ദീൻ സ്വന്തമാക്കി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിൽ പുറത്താകാതെ നേടിയ വെടിക്കെട്ട് സെഞ്ചറിയോടെയാണ് അസറുദ്ദീൻ ഈ ചരിത്രനേട്ടം തന്റെ പേരിലാക്കിയത്. വെറും 60 പന്തിൽ 10 കൂറ്റൻ സിക്സറുകളും 5 ഫോറുകളുമടക്കം 112 റൺസ് അടിച്ചുകൂട്ടിയ താരത്തിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ കാലിക്കറ്റ് ഉയർത്തിയ 213 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യം ആലപ്പി അനായാസം മറികടന്നു. സീസണിലുടനീളം മികച്ച ഫോമിൽ ബാറ്റുവീശിയ അസറുദ്ദീൻ പവർപ്ലേ ഓവറുകളിൽ ബോളർമാർക്ക് മേൽ പൂർണ ആധിപത്യം സ്ഥാപിച്ചുകൊണ്ട് ടീമിന് മികച്ച അടിത്തറ പാകി.

റെക്കോർഡ് കൂട്ടുകെട്ടുമായി കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയുംഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്നത് ട്രിവാൻഡ്രം റോയൽസ് താരങ്ങളായ കൃഷ്ണപ്രസാദ് - ഗോവിന്ദ് ദേവ് പൈ കൂട്ടുകെട്ടിലായിരുന്നു. കൊച്ചിക്കെതിരെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ കൃഷ്ണപ്രസാദും (68*) ഗോവിന്ദ് പൈയും (108*) ചേർന്ന് പടുത്തുയർത്തിയ 185 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ചരിത്രമായത്. ആലപ്പിക്ക് വേണ്ടി മുഹമ്മദ് അസഹ്റുദ്ദീൻ (78*) - ആകാശ് പിള്ള (73) സഖ്യം ഒരുമിച്ചെടുത്ത 155 റൺസും ഈ സീസണിലെ ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഒന്നാണ്. ആലപ്പി റിപ്പിൾസിന്റെ കെ.എ.അരുൺ (82*) - സച്ചിൻ ബേബി (68) സഖ്യം നേടിയ 152 റൺസ്, കാലിക്കറ്റിന്റെ അബ്ദുൾ ബാസിത് (55*) - സൽമാൻ നിസാർ (50*) സഖ്യത്തിന്റെ 110 റൺസ്, ട്രിവാൻഡ്രത്തിനായി വിഷ്ണു വിനോദ് (65*) - സിജോമോൻ ജോസഫ് (37*) നേടിയ 106 റൺസ്, കാലിക്കറ്റിന്റെ രോഹൻ കുന്നുമ്മൽ (58) - അരവിന്ദ് കെ (38) എന്നിവർ ചേർന്നടിച്ച 101 റൺസ് എന്നിവയും ടൂർണമെന്റിലെ മികച്ച കൂട്ടുകെട്ടുകളുടെ പട്ടികയിലുണ്ട്.

മാന്ത്രിക സ്പെല്ലുമായി വിഘ്നേഷ് പുത്തൂർഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരെ 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വിഘ്നേഷ് പുത്തൂരിന്റെ പ്രകടനം ടൂർണമെന്റിലെ ഏറ്റവും മികച്ച ബോളിങ് സ്പെല്ലുകളിലൊന്നായി മാറി. ഈ സീസണിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഏക ബൗളറാണ് വിഘ്നേഷ്. കെസിഎൽ ആദ്യ സീസണുകളിലെ മികച്ച പ്രകടനത്തിലൂടെ ഐപിഎൽ ടീമിൽ ഇടംനേടിയ ഈ മലയാളി താരം തന്റെ സ്ഥിരത മൂന്നാം സീസണിലും ആവർത്തിച്ചു.

പിറന്നത് എട്ട് സെഞ്ചറികൾ; പിഴുതത് 412 വിക്കറ്റുകൾകെസിഎൽ മൂന്നാം സീസണിൽ ആകെ പിറന്നത് 8 സെഞ്ചറികളും 44 അർധസെഞ്ചറികളുമാണ്. ബാറ്റർമാർ ആകെ 10,809 റൺസ് അടിച്ചുകൂട്ടിയപ്പോൾ ബോളർമാർ എറിഞ്ഞുവീഴ്ത്തിയത് 412 വിക്കറ്റുകളാണ്. എറിഞ്ഞ 7,301 പന്തുകളിൽ നിന്നും 783 ഫോറുകളും 568 സിക്സറുകളും പിറന്നു. ഫീൽഡിങ്ങിലും മികവ് പ്രകടമായിരുന്നു; ആകെ 307 ക്യാച്ചുകളും 4 സ്റ്റംപിംഗുകളും രേഖപ്പെടുത്തി.

വ്യക്തിഗത പ്രകടനങ്ങളിൽ, കുറഞ്ഞത് 25 റൺസ് നേടിയ ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റ് പരിശോധിച്ചാൽ 235.3 എന്ന വിസ്മയകരമായ സ്ട്രൈക്ക് റേറ്റോടെ മുഹമ്മദ് ഇനാൻ ആണ് ഒന്നാമത്. മുഹമ്മദ് അസഹ്റുദ്ദീൻ (193.5), കൃഷ്ണദേവൻ (191.3), ശറഫുദ്ദീൻ എൻ.എം (175.6), ആൽഫി ഫ്രാൻസിസ് ജോൺ (171.7) എന്നിവരാണ് തൊട്ടുപിന്നിൽ. ബോളിങ്ങിൽ 6.6 എക്കണോമിയോടെ ഹരികൃഷ്ണൻ എം.യു, ശരത് പ്രസാദ് എന്നിവർ മുന്നിലെത്തിയപ്പോൾ ജലജ് സക്സേന (6.7), മുഹമ്മദ് ഇഷാഖ് (6.8), അബ്ദുൾ ബാസിത് (7.0) എന്നിവരും മികച്ച എക്കണോമി കാത്തുസൂക്ഷിച്ചു.

പ്രധാന പുരസ്കാരങ്ങൾമികച്ച വ്യക്തിഗത പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഈ സീസൺ. ആലപ്പി റിപ്പിൾസ് വൈസ് ക്യാപ്റ്റനായ മുഹമ്മദ് അസഹ്റുദ്ദീനാണ് ടൂർണമെന്റിലെ താരം. 596 റൺസ് അടിച്ചുകൂട്ടിയ അസഹ്റുദ്ദീൻ തന്നെയാണ് കൂടുതൽ റൺസ് നേടിയ ബാറ്റർക്കുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ നിന്നായി 48 സിക്സറുകളും 3 സെഞ്ചറികളും ആ ബാറ്റിൽ നിന്നും പിറന്നു. ബോളിങ്ങിൽ, 11 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ വീഴ്ത്തിയ ട്രിവാൻഡ്രം റോയൽസ് താരം എം.നിഖിൽ പർപ്പിൾ ക്യാപ്പിന് അർഹനായി. ബാറ്റിങ്ങിലെ മറ്റു റെക്കോർഡുകൾ പരിശോധിക്കുമ്പോൾ, 10 മത്സരങ്ങളിൽ നിന്നായി 38 ഫോറുകൾ അടിച്ച വത്സൽ ഗോവിന്ദ് കൂടുതൽ ഫോറുകൾ നേടിയ താരമായും, 11 മത്സരങ്ങളിൽ നിന്ന് 3 അർധസെഞ്ചുറികൾ നേടിയ സച്ചിൻ ബേബി കൂടുതൽ ഫിഫ്റ്റികൾ നേടിയ താരമായും മാറി. കാർത്തിക് ബി ‌.നായർ സീസണിലെ മികച്ച ക്യാച്ചിനുള്ള അവാർഡ് സ്വന്തമാക്കിയപ്പോൾ, മുഹമ്മദ് ഇനാൻ മികച്ച എമർജിങ് പ്ലെയർ പുരസ്കാരം നേടി. മികച്ച അച്ചടക്കത്തോടെ കളിച്ച ഏരീസ് കൊല്ലം സെയ്‌ലേഴ്സാണ് ഫെയർ പ്ലേ അവാർഡിന് അർഹരായത്.

ഗാലറിയെ ഇളക്കിമറിച്ച് ജനസാഗരം‌ഓണക്കാലത്ത് ക്രിക്കറ്റ് പ്രേമികൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഒരുക്കിയ ഈ കായികവിരുന്നിന് സമാനതകളില്ലാത്ത ജനപങ്കാളിത്തമാണ് ലഭിച്ചത്. ഫൈനൽ മത്സരം നേരിൽ കാണാൻ മാത്രം 28,000ത്തിലധികം കാണികളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. വിപുലമായ പബ്ലിസിറ്റിയും മികച്ച സംഘാടനവും എത്രത്തോളം വിജയിച്ചു എന്നതിന്റെ നേർചിത്രമായിരുന്നു ഈ ജനസാഗരം. അവസാന പന്ത് വരെ സ്റ്റേഡിയം നിറഞ്ഞുനിന്ന കാണികൾ ടൂർണമെന്റിന് നൽകിയ പിന്തുണ ഏറെ വലുതായിരുന്നു.ജനങ്ങൾക്കിടയിൽ കെസിഎലിന് ലഭിച്ച ഈ സ്വീകാര്യതയുടെ തെളിവായിരുന്നു സ്പോൺസർമാരുടെ നീണ്ടനിര. ഫ്രാഞ്ചൈസികൾക്കും ലീഗിനുമായി നിരവധി പുതിയ ബ്രാൻഡുകൾ ഇത്തവണ അണിനിരന്നു. ടൂർണമെന്റിന്റെ വൻ വിജയത്തെ തുടർന്ന് അടുത്ത സീസണിലേക്കായി പുതിയ സ്പോൺസർമാർ കെസിഎയെ സമീപിച്ചുതുടങ്ങിയെന്നത് കെസിഎൽ ജനഹൃദയങ്ങൾ കീഴടക്കി എന്നതിന്റെ വ്യക്തമായ സൂചനയാണ്.

താരപ്പകിട്ടേകി ഇതിഹാസങ്ങളുംകെസിഎൽ മൂന്നാം സീസണിന്റെ മാറ്റുകൂട്ടുന്നതിൽ പ്രമുഖരുടെ സാന്നിധ്യം വലിയ പങ്കുവഹിച്ചു. ഓഗസ്റ്റ് 29ന് നടന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് - തൃശ്ശൂർ ടൈറ്റൻസ് മത്സരത്തിന് ശേഷം വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് വീശിയത് ഗാലറിയെ ഇളക്കിമറിച്ചു. ഗെയ്‌ലിന് ശ്രീശാന്ത് പന്തെറിയുകയും, പിന്നീട് ബാറ്റ് വീശാനിറങ്ങിയ ശ്രീശാന്തിന് സാക്ഷാൽ ക്രിസ് ഗെയ്ൽ പന്തെറിയുകയും ചെയ്തത് കാണികൾക്ക് ഇരട്ടിമധുരമായി. മോഹൻലാലിന്റെ പ്രശസ്തമായ ‘എന്താ മോനെ ദിനേശാ...’ എന്ന ഡയലോഗ് ശ്രീശാന്തിന്റെ ശിക്ഷണത്തിൽ ഗെയ്ൽ പറഞ്ഞത് ഗാലറിയിൽ ചിരിപ്പൂരമൊരുക്കി.

ഫൈനൽ ദിനത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ അപ്രതീക്ഷിത എൻട്രിയും സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. ബിഗ് സ്ക്രീനിൽ സഞ്ജുവിനെ കണ്ടപ്പോൾ വലിയ ആർപ്പുവിളികളോടെയാണ് ആരാധകർ പ്രിയതാരത്തെ വരവേറ്റത്. ഫൈനൽ പോരാട്ടത്തിന് മുൻപായി പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച 'പ്രോജക്ട് മലബാറിക്കസ്' ലൈവ് മ്യൂസിക് ഷോ കലാശപ്പോരാട്ടത്തെ ഒരു വലിയ കായിക-സാംസ്കാരിക ഉത്സവമാക്കി മാറ്റി.

വർണ്ണാഭമായി ഫാൻ വില്ലേജും ‘ലക്കി ക്യാച്ചും’കെസിഎൽ മൂന്നാം സീസണിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ ഒരുക്കിയ ഫാൻ വില്ലേജ് കാണികൾക്ക് വലിയൊരു ആഘോഷവിരുന്നായി. ഓണക്കാലത്ത് കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന രീതിയിലായിരുന്നു തികച്ചും സൗജന്യമായ ഫാൻ വില്ലേജ് സജ്ജീകരിച്ചിരുന്നത്. 360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകൾ, വിവിധ കാർണിവൽ ഗെയിമുകൾ എന്നിവ വിനോദമൊരുക്കിയപ്പോൾ, ഭക്ഷണശാലകളും ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വർണ്ണാഭമായ വൈദ്യുതദീപാലങ്കാരങ്ങളും കാർണിവൽ അനുഭവം പൂർണ്ണമാക്കി.

ഇതിനുപുറമെ ഗാലറിയിലെ ആവേശം ഇരട്ടിയാക്കാൻ ‘ലക്കി ക്യാച്ച്’ എന്ന പേരിൽ കാണികൾക്കായി ഒരു ഭാഗ്യപരീക്ഷണവും കെസിഎ ഒരുക്കിയിരുന്നു. താരങ്ങൾ പായിക്കുന്ന സിക്സറുകൾ ഗാലറിയിലിരുന്ന് കൈപ്പിടിയിലൊതുക്കുന്ന ഭാഗ്യശാലികൾക്ക് ഓരോ ക്യാച്ചിനും 6,000 രൂപ വീതം ക്യാഷ് പ്രൈസ് നൽകുന്നതായിരുന്നു പദ്ധതി; ഒരു കാണി ഈ സുവർണ്ണാവസരം വിനിയോഗിച്ച് ക്യാഷ് പ്രൈസ് സ്വന്തമാക്കുകയും ചെയ്തു.

പ്രവചന മത്സരത്തിൽ യാദവ് മെഗാ വിന്നർടൂർണമെന്റിനോടനുബന്ധിച്ച് കെസിഎ സംഘടിപ്പിച്ച കെസിഎൽ പ്രവചന മത്സരത്തിലും വൻ ജനപങ്കാളിത്തമുണ്ടായി. 15 ദിവസങ്ങളിലായി നടന്ന മത്സരത്തിലെ പ്രതിദിന വിജയികൾക്ക് ഔദ്യോഗിക ഫാൻ ജേഴ്സികളും മെർച്ചന്റൈസുകളും സമ്മാനിച്ചിരുന്നു. തുടർന്ന് ഇവർക്കായി നടത്തിയ ‘മാച്ച് എക്സ്പീരിയൻസ്’ വിഡിയോ മത്സരത്തിലൂടെ തിരുവനന്തപുരം സ്വദേശി യാദവ് കൃഷ്ണനെ മെഗാ വിജയിയായി തിരഞ്ഞെടുത്തു. യാദവിനും കുടുംബത്തിനും കെസിഎയുടെ പ്രത്യേക വാഹനത്തിൽ സ്റ്റേഡിയത്തിലെത്തി ഫൈനൽ മത്സരം കാണാൻ വിഐപി ടിക്കറ്റ് നൽകി ആദരിച്ചു. ഇതിനുപുറമെ, കാര്യവട്ടത്ത് നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് രാജ്യാന്തരം മത്സരം കാണാനുള്ള സൗജന്യ ടിക്കറ്റും യാദവിന് നൽകി. മികച്ച വിഡിയോ സമർപ്പിച്ച മറ്റ് അഞ്ചുപേർക്കും (എബി യോഹന്നാൻ, ശ്രീഹരി, ആൽബിൻ, സൂരജ്, യുവാനിക യോഗേഷ്) ഇന്ത്യ - വെസ്റ്റിൻഡീസ് മത്സരത്തിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകി. ഒരുപിടി യുവതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ അവസരമൊരുക്കിയും കേരളത്തിൽ ഒരു സമ്പൂർണ ക്രിക്കറ്റ് ഇക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടുകൊണ്ട് ഈ സീസൺ സമാപിച്ചത്.

English Summary:

Kerala Cricket League play 3 concluded with Thrissur Titans winning their maiden rubric aft defeating Calicut Globestars successful a thrilling last astatine the Greenfield International Stadium successful Trivandrum. The tourney witnessed stellar idiosyncratic performances, record-breaking partnerships, and monolithic instrumentality engagement passim the Onam season.

Read Entire Article