
ആവേശത്തിൽ ഫഹദ് ഫാസിൽ, സ്പ്ലിന്റർ സെൽ: ഡെത്ത് വാച്ച്’ സീരീസിന്റെ ടീസറിൽനിന്ന് | സ്ക്രീൻഗ്രാബ്
ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തി വലിയ വിജയം നേടിയ ചിത്രമാണ് ആവേശം. ചിത്രത്തിലെ ഒരു ഗാനം നെറ്റ്ഫ്ളിക്സിന്റെ സീരീസിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സ്പ്ലിന്റർ സെൽ: ഡെത്ത് വാച്ച്’ എന്ന അനിമേഷൻ സീരീസിന്റെ ടീസറിലാണ് ‘ആവേശ’ത്തിലെ ‘ലാസ്റ്റ് ഡാൻസ്’ എന്ന ട്രാക്ക് ഉപയോഗിച്ചിരിക്കുന്നത്. സുഷിൻ ശ്യാമും ടീസറിന് കമന്റുമായെത്തിയെന്ന തരത്തിൽ ചില സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്.
പ്രശസ്തമായ സ്റ്റെൽത്ത് ആക്ഷൻ-അഡ്വഞ്ചർ വിഡിയോ ഗെയിം ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘സ്പ്ലിന്റർ സെൽ’. ഈ ഗെയിമിനെ അടിസ്ഥാനമാക്കിയാണ് ഡെത്ത് വാച്ച് എന്ന സീരീസ് വരുന്നത്. ജോൺവിക്ക് സിനിമകളൊരുക്കി ശ്രദ്ധേയനായ ടോം ക്ലാൻസിയാണ് നെറ്റ്ഫ്ളിക്സിനുവേണ്ടി സീരീസ് ഒരുക്കുന്നത്. ഇതിന്റെ ടീസറിലാണ് ആവേശത്തിലെ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നൽകി, ഹനുമാൻകൈൻഡ് എഴുതി ആലപിച്ച ഗാനമാണ് ‘ലാസ്റ്റ് ഡാൻസ്’. 'ദി ലാസ്റ്റ് ഡാൻസ്' എന്ന ട്രാക്ക് ഉപയോഗിച്ചിട്ടും, ടീസറിന്റെ ക്രെഡിറ്റിൽ സുഷിന്റെയോ ഗായകൻ ഹനുമാൻകൈൻഡിന്റെയോ പേര് പരാമർശിച്ചിട്ടില്ല. ഇതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
ടീസർ കണ്ട മിക്കവരും പറഞ്ഞത് ലാസ്റ്റ് ഡാൻസിനെക്കുറിച്ചാണ്. ടീസറിൽ ഈ ഗാനം എങ്ങനെ വന്നുവെന്ന് പലരും നടുക്കം രേഖപ്പെടുത്തി. പാട്ട് ഉപയോഗിച്ചിട്ടും സുഷിന് ക്രെഡിറ്റ് കൊടുക്കാത്തതിനെക്കുറിച്ചാണ് കമന്റ് ബോക്സിലെ ചർച്ച. ആവേശം എന്ന ചിത്രത്തേക്കുറിച്ചും ലാസ്റ്റ് ഡാൻസ് എന്ന ഗാനത്തെക്കുറിച്ചും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അണ്ണാ നമ്മുടെ പാട്ട്, ആവേശത്തിലെ പാട്ട് കോപ്പിയടിച്ചല്ലേ?, ദയവായി ഈ ഗാനത്തിന് സുഷിൻ ശ്യാമിന് ക്രെഡിറ്റ് നൽകണം, ഇങ്ങനെ കോപ്പിയടിച്ചത് നാണക്കേടാണ്, നെറ്റ്ഫ്ലിക്സ് പോലൊരു വലിയ കമ്പനിയിൽ നിന്ന് ഇങ്ങനെയൊരു കോപ്പിയടി പ്രതീക്ഷിച്ചില്ല എന്നെല്ലാം കമന്റുകൾ വന്നിട്ടുണ്ട്.
അതേസമയം ഡെത്ത് വാച്ച് ടീസറിന് സുഷിൻ ശ്യാം കമന്റ് ചെയ്തെന്ന തരത്തിലുള്ള ചില സ്ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ ട്രാക്ക് ടീസറിലുൾപ്പെടുത്തിയതിൽ നന്ദിയുണ്ടെന്നും ക്രെഡിറ്റിൽ തന്റെ പേര് കൂടി വെച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനേ എന്നും സുഷിൻ പറയുന്നതായാണ് കമന്റിലുള്ളത്. നെറ്റ്ഫ്‌ളിക്‌സിന്റെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടിരിക്കുന്ന ടീസറിന്റെ കമന്റ്ബോക്‌സിൽ നിലവിൽ ഇത്തരമൊരു കമന്റില്ല. സുഷിൻ കമന്റ് ഡിലീറ്റ് ചെയ്തതാണോ അതോ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ വ്യാജമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. എങ്കിലും പാട്ടിന്റെ ക്രെഡിറ്റ് സുഷിന് നൽകണമെന്ന് വ്യാപകമായി ആവശ്യമുയർന്നിട്ടുണ്ട്.
2020-ലാണ് സ്പ്ലിന്റർ സെൽ ഗെയിമിനെ അടിസ്ഥാനമാക്കി സീരീസ് വരുമെന്ന പ്രഖ്യാപനമുണ്ടായത്. ഈ വർഷം ഒക്ടോബർ 14-നാണ് ഈ ആനിമേഷൻ സീരീസ് പ്രേക്ഷകരിലെത്തുക.
Content Highlights: Sushin Shyam's Music Uncredited successful Netflix's 'Splinter Cell: Deathwatch' Teaser





English (US) ·