ആവേശപ്പോരാട്ടത്തിൽ പഞ്ചാബ്, പ്ലേഓഫ് കാണാതെ ചെന്നൈ പുറത്ത്; ശ്രേയസ് അയ്യർക്കും പ്രഭ്സിമ്രാനും അർധ സെഞ്ചറി

8 months ago 6

മനോരമ ലേഖകൻ

Published: April 30 , 2025 09:40 PM IST Updated: April 30, 2025 11:58 PM IST

2 minute Read

പഞ്ചാബ് കിങ്സ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ നിന്ന്. (Photo by R.Satish BABU / AFP)
പഞ്ചാബ് കിങ്സ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ നിന്ന്. (Photo by R.Satish BABU / AFP)

ചെന്നൈ ∙ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ചെന്നൈയ്‌ക്കെതിരെ പഞ്ചാബിന് 4 വിക്കറ്റ് ജയം. നായകൻ ശ്രേയസ് അയ്യരുടെയും പ്രഭ്സിമ്രാൻ സിങ്ങിന്റെയും അർധ സെഞ്ചറിയുടെ കരുത്തിലാണ് പഞ്ചാബിന്റെ ജയം. ഇതോടെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ. സ്കോർ: ചെന്നൈ 19.2 ഓവറിൽ 190 റൺസിന് പുറത്ത്. പഞ്ചാബ് 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ‌194 റൺസ്. 36 പന്തിൽ നാലു സിക്സും അഞ്ച് ഫോറുമുൾപ്പെടെ 72 റൺസെടുത്ത ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 

191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് 28 പന്തിൽ 44 റൺസെടുത്തു. പ്രിയാൻഷ് 15 പന്തിൽ 23 റൺസെടുത്തു പുറത്തായി. തുടർന്ന് ശ്രേയസ് അയ്യർ – പ്രഭ്സിമ്രാൻ സിങ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 50 പന്തിൽ 72 റൺസെടുത്തു. 36 പന്തിൽ മൂന്നു സിക്സും അഞ്ച് ഫോറുമുൾപ്പെടെ 54 റൺസെടുത്താണ് പ്രഭ്സിമ്രാൻ സിങ് മടങ്ങിയത്. 20 റൺസ് കൂടി നേടുന്നതിനിടയിൽ നേഹൽ വധേര (5) പുറത്തായി. ശശാങ്ക് സിങ്ങുമായി (23 റൺസ്) ചേർന്ന് ശ്രേയസ് അയ്യർ കൂട്ടുകെട്ടുണ്ടാക്കി.

ജയിക്കാൻ മൂന്നു റൺസ് മാത്രം വേണമെന്നിരിക്കെ ശ്രേയസ് അയ്യരും സ്കോർ ഒപ്പമെത്തിയപ്പോൾ സൂര്യാൻഷ് ഷെഡ്ഗെയും (1) മടങ്ങി. ആവേശനിമിഷങ്ങൾക്കൊടുവിൽ രണ്ടു പന്ത് ശേഷിക്കെ മാർക്കോ യാൻസൻ (4) പഞ്ചാബിനെ വിജയത്തിലെത്തിച്ചു. ജോഷ് ഇൻഗ്ലിസ് (6) പുറത്താകാതെ നിന്നു. ചെന്നൈയ്‌ക്കു വേണ്ടി മതിഷ പതിരാനയും ഖലീൽ അഹമ്മദും 2 വിക്കറ്റും നൂർ അഹമ്മദ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി. 

നേരത്തെ, സാം കറന്റെയും ഡെവാൾഡ് ബ്രെവിസിന്റെയും ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഭേദപ്പെട്ട സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 172 റൺസായിരുന്ന ചെന്നൈ 18 റൺസ് കൂടി നേടിയപ്പോഴേക്കും എല്ലാവരും പുറത്തായി. 19 ാം ഓവറിലെ അവസാന മൂന്നു പന്തുകളിൽ ദീപക് ഹൂഡ, അന്‍ഷുല്‍ കാംബോജ്, നൂർ അഹമ്മദ് എന്നിവരെ പുറത്തായി യുസ്‍വേന്ദ്ര ചെഹൽ ഹാട്രിക് സ്വന്തമാക്കി. 47 പന്തിൽ നാലു സിക്സും ഒൻപതു ഫോറുമുൾപ്പെടെ 88 റൺസെടുത്ത സാം കറനാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡെവാൾഡ് ബ്രെവിസ് 26 പന്തിൽ 32 റൺസെടുത്തു.

ഷെയ്ഖ് റാഷിദ് (11 റൺസ്), ആയുഷ് മാത്രെ (7), രവീന്ദ്ര ജഡേജ (17) എന്നിവർ പുറത്തായതോടെ 5.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ പതറിയ ചെന്നൈയെ നാലാം വിക്കറ്റിൽ സാം കറനും ഡെവാൾഡ് ബ്രെവിസും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 50 പന്തിൽ 78 റൺസെടുത്തു. തുടർന്ന് ശിവം ദുബെയുമായി ചേർന്ന് സാം കറൻ 22 പന്തിൽ 46 റൺസ് നേടി. ഡെവാൾഡ് ബ്രെവിസും സാം കറനും പുറത്തായതിനു പിന്നാലെയെത്തിയവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

നായകൻ മഹേന്ദ്ര സിങ് ധോണി (11), ശിവം ദുബെ (6), ദീപക് ഹൂഡ (2), അന്‍ഷുല്‍ കാംബോജ് (0), നൂർ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഖലീൽ അഹമ്മദ് റണ്ണെടുക്കാതെ പുറത്താകാതെ നിന്നു. പഞ്ചാബിനു വേണ്ടി യുസ്‍വേന്ദ്ര ചെഹൽ 4 വിക്കറ്റും മാർക്കോ യാൻസൻ, അർഷ്ദീപ് സിങ് എന്നിവർ 2 വിക്കറ്റും അസ്മത്തുല്ല ഒമർസായി, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

English Summary:

Chennai Super Kings vs Punjab Kings, IPL 2025 Match - Live Updates

Read Entire Article