മുജീബുര്‍റഹ്മാന്‍ കരിയാടന്‍
ഏതു വഴിയിലൂടെയും സഞ്ചരിക്കാവുന്ന മനുഷ്യ മനസ്സിനെ അതിഗൗരവത്തോടെ കാഴ്ചപ്പെടുത്തുകയാണ് ആശ . പേരില്‍ ആശയുണ്ടെങ്കിലും ഉര്‍വ്വശി അവതരിപ്പിച്ച കഥാപാത്രം ഉള്ളിന്റെയുള്ളില്‍ കൊണ്ടുനടക്കുന്നത് മുഴുവന്‍ നിരാശയാണ്. നിരര്‍ഥക ജീവിതമെന്ന് സ്വയം കണക്കുകൂട്ടിയിട്ട തന്റെ ജന്മത്തിന് എന്തൊക്കെയോ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ മന:ശാസ്ത്രപരമായ കൂട്ടിച്ചേര്‍ക്കലുകളാണ് ആശയില്‍ സംവിധായകന്‍ സഫര്‍ സനല്‍ നടത്തിയിരിക്കുന്നത്. തന്റെ ആദ്യചിത്രത്തില്‍ തന്നെ ഇതുപോലൊരു പരീക്ഷണം നടത്താന്‍ ചെറിയ ധൈര്യം മതിയാകുമായിരുന്നില്ല.
ഭൂതക്കണ്ണാടി, മുന്നറിയിപ്പ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ലെവല്‍ക്രോസ് തുടങ്ങി മനസ്സിന്റെ യാത്രകള്‍ കുറിച്ചുവെച്ച സിനിമകളുടെ നിരയിലേക്കാണ് ആശയും വന്നുനില്‍ക്കുന്നത്. ഈ നിരയിലുള്ള ഒന്നൊഴികെ മറ്റു ചിത്രങ്ങളെല്ലാം മമ്മൂട്ടിയെന്ന മഹാവൃക്ഷത്തിന്റെ ഭാവപ്രകടനങ്ങളിലൂടെയാണ് കടന്നുപോയതെങ്കില്‍ ആശയ്ക്ക് കനവും കരുത്തും നല്‍കുന്നത് ഉര്‍വ്വശിയാണ്.
ഉര്‍വ്വശിയെന്ന നടിയുടെ റേഞ്ച് എത്രയുണ്ടെന്ന് കാണിക്കുന്ന എത്രയോ സിനിമകളുണ്ട്. അടുത്തകാലത്തിറങ്ങിയ ഉള്ളൊഴുക്കിലെ ലീലാമ്മയും ജെ ബേബിയിലെ ജെ ബേബിയും ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962ലെ ടീച്ചറുമൊക്കെ കഥാപാത്രങ്ങളിലേക്കിറങ്ങി അവരുടെ മാനറിസങ്ങള്‍ ഉര്‍വ്വശി അവതരിപ്പിച്ചവയാണ്. അത്തരമൊരു നിരയിലേക്കാണ് ആശയിലെ ആശയും വരുന്നത്. അതിസങ്കീര്‍ണമായൊരു കഥാപാത്രത്തെയാണ് ഉര്‍വ്വശി തന്റെ അഭിനയ സിദ്ധികൊണ്ട് വരുതിയിലാക്കിയിരിക്കുന്നത്.
അധികം പ്രതിസന്ധികളൊന്നും നേരിടാതെയും അതിജീവിക്കാതെയും മുമ്പോട്ടു പോകുന്നവര്‍ക്ക് ആശയെ പോലുള്ളവര്‍ ഈ ലോകത്തുണ്ടാകുമോ എന്ന് സംശയം തോന്നിയേക്കാം. എന്നാല്‍ വിശാലമായ ഈ ലോകത്ത് ആശയെ പോലെ എത്രയോ പേരുണ്ടെന്ന് തിരിച്ചറിയാന്‍ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാകും.
സിനിമയിലൊരിടത്ത് ആശ നെഞ്ചിടിപ്പോടെയും സങ്കടത്തോടെയും പറയുന്നൊരു സംഭാഷണമുണ്ട്- ഞാനെനിക്കു വേണ്ടി ഇതുവരേയും ജീവിച്ചിട്ടില്ലെന്ന്. അവര്‍ പലതിന്റേയും തടവുകാരിയായിരുന്നു. ഒടുവില്‍ തന്റെ മക്കളുടെ നല്ല ജീവിതത്തിനു വേണ്ടിയുള്ള സ്വപ്‌നങ്ങളുടേയും ജാഗ്രതയുടേയും തടവുകാരി കൂടിയാവുകയാണ് അവര്‍. ആശയെ ആരും അങ്ങനെ ആക്കിത്തീര്‍ക്കുന്നതല്ല, അവര്‍ സ്വയം അതു വരിക്കുകയാണ്.
എല്ലാ കാര്യങ്ങളും താന്‍ തന്നെ ചെയ്താല്‍ മാത്രമേ ശരിയാവുകയുള്ളുവെന്ന് കരുതുന്ന മനസ്സ് ഒരു വശത്ത്, ഊഹിച്ചും സങ്കല്‍പ്പിച്ചും നീങ്ങുന്ന മനസ്സ് മറ്റൊരു വശത്ത്, തന്റെ രണ്ട് പെണ്‍മക്കള്‍ക്കുമായി ജാഗ്രതയുടെ ആന്റിന തിരിച്ചുവെച്ച മറ്റൊരു മനസ്സ് പിന്നേയും വേറൊരു വശത്ത്- ഇങ്ങനെ പല വശങ്ങളിലായാണ് ആശയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്.
വഴിയേ പോകുന്ന ഏത് വയ്യാവേലിയും സംശയത്തിന്റേയും ഊഹത്തിന്റേയും പുറത്ത് തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതില്‍ ആശയ്ക്ക് പ്രത്യേകമായൊരു മിടുക്കുണ്ട്. ആശയെന്നതിന് പകരം വാശിയെന്ന് പേര് നല്‍കിയാലും സിനിമയ്ക്ക് അനുയോജ്യമാകുമായിരുന്നു. അത്രയ്ക്ക് ഉര്‍വ്വശിയുടെ കഥാപാത്രവുമായി പ്രസ്തുത പദം ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്. ഒരു കാര്യവുമില്ലാതെ വാശിയുടെ പുറത്തുമാത്രമെടുക്കുന്ന തീരുമാനം ഓരോ ജീവിതങ്ങളേയും എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് ആശ പറഞ്ഞു തരുന്നു.
മക്കളെ കുറിച്ചുള്ള അമിത ഉത്കണ്ഠമൂലമാണ് അവര്‍ ദുബായില്‍ ഭര്‍ത്താവിനോടും കുഞ്ഞിനോടുമൊപ്പം ജീവിക്കുന്ന മൂത്ത മകളെ ദിവസേന ആറും ഏഴും തവണ ഫോണില്‍ വിളിക്കുന്നത്. നാട്ടില്‍ ജോലിക്കു പോയ മകളോടും ഇതേ കാഴ്ചപ്പാടുതന്നെയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.
നിറയൗവ്വനത്തില്‍ ഭര്‍ത്താവ് മരിച്ചുപോയ ഒരു സ്ത്രീയുടെ കരുതല്‍ മുഴുവന്‍ ആശയിലുണ്ട്. ആ കഥാപാത്രത്തിന്റെ മനഃശാസ്ത്ര രീതികളെല്ലാം ആശയിലൂടെ ഉര്‍വ്വശി പ്രകടമാക്കുന്നു.
ഉള്ളൊഴുക്കില്‍ ഉര്‍വ്വശിയും പൂക്കാലത്തില്‍ വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള ദേശീയ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായിരുന്നു. ഒരുപക്ഷേ, അതിനുശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായിരിക്കണം ആശ. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ സന്തോഷ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. ആശയുടെ അയല്‍വാസി കൂടിയാണ് സന്തോഷ്.
ഉര്‍വ്വശിയുടെ ആശയെന്ന പോലെ സിനിമയിലെ അതിപ്രധാനമായ മറ്റൊരു കഥാപാത്രമാണ് ജോജു ജോര്‍ജ്ജിന്റെ ജീമോന്‍. ആശയും മകള്‍ അനഘയുമാണ് സിനിമയുടെ ഒന്നാം പകുതി നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ ആശയും ജീമോനുമാണ് മത്സരിച്ച് അഭിനയിക്കുന്നത്. ജോജുവിനെ പോലൊരു നടന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാത്തൊരു വേഷമാണ് ജീമോന്‍. അതുകൊണ്ടുതന്നെ ജോജുവിന്റെ വളരെ വ്യത്യസ്തമായ കഥാപാത്രം കൂടിയാകുന്നു ഇത്.
സംവിധായകന്‍ സഫര്‍ സനലിനോടൊപ്പും ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയുമാണ് തിരക്കഥ രചിച്ചത്. ജോജുവിനെ പോലെ രമേഷ് ഗിരിജയും ആശയില്‍ വേഷമിട്ടിട്ടുണ്ട്.
ആശയുടെ തന്നിഷ്ടവും വാശിയുമെല്ലാം ആദ്യ പത്തുമിനുട്ടിനകം തന്നെ അവതരിപ്പിക്കുന്നുണ്ടെങ്കിലും കുടുംബ ചിത്രത്തിന്റെ രീതിയിലാണ് ആദ്യ പകുതി കടന്നുപോകുന്നത്. കാഴ്ചക്കാരനും ആ കുടുംബത്തിലെ ഒരംഗമാണെന്നോ തന്റെ കുടുംബത്തിലും ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടല്ലോ എന്നൊക്കെ തോന്നിയേക്കാം. എന്നാല്‍ രണ്ടാം പകുതിയാകട്ടെ ഡാര്‍ക്കും സസ്‌പെന്‍സും ത്രില്ലറുമെല്ലാം ചേര്‍ന്ന് തിയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്.
നായികയെന്ന ലേബല്‍ മാറ്റിവെച്ചാണ് ഐശ്വര്യ ലക്ഷ്മി ഉര്‍വ്വശിയുടെ മകള്‍ അനഘയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നവകാല യുവതിയുടെ 'മകള്‍' വേഷത്തിലെത്താന്‍ ഐശ്വര്യ ലക്ഷ്മിക്ക് അധികം വെല്ലുവിളികളൊന്നും നേരിടേണ്ടി വരുന്നില്ല.
മറ്റു കഥാപാത്രങ്ങളോടൊപ്പമൊന്നുമില്ലാതെ, എന്നാല്‍ ആശയ്ക്കും അനഘയ്ക്കുമൊപ്പമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലാണ് ലക്ഷ്മി മേനോന്റെ മൂത്തമകള്‍ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ദുബൈയുടെ പശ്ചാതലത്തിലാണ് ലക്ഷ്മി മേനോന്റെ ദൃശ്യങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആശയില്‍ വളരെ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.
ആശയുടെ മാനസിക വ്യാപാരങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്ന മധു നീലകണ്ഠന്റെ ഛായാഗ്രഹണം, ഇനിയെന്താണ് ആശ ചെയ്യാന്‍ തീരുമാനിക്കുന്നതെന്ന് പ്രേക്ഷകനെ സങ്കോചത്തിലാക്കുന്നതിന് അനുയോജ്യമായ ഗോവിന്ദ് വസന്തയുടെ സംഗീതം, സിനിമയുടെ മൂഡിനെ എവിടെയും തടസ്സപ്പെടുത്താതെ മുന്നേറുന്ന ഷാന്‍ മുഹമ്മദിന്റെ എഡിറ്റിംഗ് തുടങ്ങിയവയെല്ലാം ഈ ചിത്രത്തെ ഉയര്‍ത്തിവെക്കുന്നുണ്ട്.
സിനിമയെന്ന കലയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് ശ്രദ്ധയോടെ കണ്ടിരിക്കാനാവുന്ന ചിത്രമാണ് ആശ. അപകട രംഗങ്ങളുടെ ഞെട്ടിക്കുന്ന സ്വാഭാവികത ആശയുടെ പ്രത്യേകതയാണ്. വാനിടിച്ചിടുന്ന സ്‌കൂട്ടറും ഓടിക്കൊണ്ടിരിക്കെ കാറിനെ ഇടിച്ച് വയലിലേക്ക് മറിഞ്ഞു വീഴുന്ന പിക്കപ്പ് വാനുമൊക്കെ ഏറ്റവും സ്വാഭാവികമായാണ് പ്രേക്ഷകന് തോന്നുക.
ആദ്യ സിനിമയിലൂടെ സംവിധായകന്‍ സഫര്‍ സനല്‍ തന്റെ വരവ് അടയാളപ്പെടുത്തുന്നുണ്ട്. മികവുറ്റ സംവിധായകനാണ് താനെന്ന് സനല്‍ സഫര്‍ ഈ ചിത്രത്തില്‍ തെളിയിച്ചിരിക്കുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ആശ നിര്‍മിച്ചിരിക്കുന്നത്. ഇനിയെന്തെന്ന് പ്രേക്ഷകനെ ഇരുത്തിച്ചിന്തിപ്പിച്ച് മുന്നേറുന്ന ആശ തിയേറ്ററിനകത്തെ ഇരുട്ടില്‍ തന്നെ കണ്ടിരിക്കണം.
ഈ സിനിമയുടെ പേരിനും കഥാപാത്രത്തിനും ഒരു കൗതുകം കൂടിയുണ്ട്. 2026ലെ ആശയില്‍ ഉര്‍വ്വശിയാണ് നായികയും ആശയുമെങ്കില്‍ 1982ല്‍ പുറത്തിറങ്ങിയ ആശയില്‍ ഉര്‍വ്വശിയുടെ മൂത്ത സഹോദരി കലാരഞ്ജിനിയായിരുന്നു നായികയും ആശയും!




English (US) ·