ആശ ഭോസ്ലെയുടെ കുസൃതി നിറഞ്ഞ ശബ്ദത്തിൽ, രവീന്ദ്ര ജയിനിന്റെ കംപോസിങ്ങിൽ ഒരു മലയാളം പാട്ട്; ഇന്നും മലയാളികളുടെ ചുണ്ടിലുള്ള 'സ്വയംവര ശുഭദിന മംഗളങ്ങൾ'

1 day ago 1

ഹൈലൈറ്റ്:

  • 1997ൽ എആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ഓ ബാവ്‌രെ' വൻ ഹിറ്റായിരുന്നു
  • യേശുദാസിനൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ ആശ പാടിയിട്ടുണ്ട്
  • ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പാട്ടുകളെഴുതി
asha bhosle yesudas rahman madhuആശ ഭോസ്ലെ, റഹ്മാൻ, യേശുദാസ്, മധു ബാലകൃഷ്ണൻ(ഫോട്ടോസ്- Samayam Malayalam)
മുംബൈ: ആശാ ഭോസ്ലെ മലയാളികളായ ഗായകർക്കൊപ്പം ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. മധു ബാലകൃഷ്ണനൊപ്പം പാടിയ ' കൊഞ്ച നേരം കൊഞ്ച നേരം ' എന്ന ഗാനം ഏറെ പ്രശസ്തമാണ്. വിദ്യാസാഗറായിരുന്നു ഈണം. യേശുദാസിനൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ ആശ പാടിയിട്ടുണ്ട്. ജാനെമൻ ജാനെമൻ തേരെ ദോ നയൻ എന്ന, 1976ൽ ഇറങ്ങിയ ഗാനം വൻ ഹിറ്റായിരുന്നു. 1997ൽ എആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ 'ഓ ബാവ്‌രെ' എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ചത് അന്നത്തെ യൗവനത്തിന്റെ ഹരമായിരുന്ന ഊർമിള മണ്ഡോദ്കറും, സഞ്ജയ് ദത്തുമായിരുന്നു. പാട്ട് വലിയ ഹിറ്റായി മാറി.

മലയാളത്തിൽ ഒരു ഗാനം മാത്രമാണ് ആശ ഭോസ്ലെ ആലപിച്ചിട്ടുള്ളത് അത് സുജാത എന്ന സിനിമയിലെ ' സ്വയംവര ശുഭദിന മംഗളങ്ങൾ ' എന്ന ഗാനമാണ്. ഇന്നും ജനപ്രിയമായ ഈ ഗാനം 1977ലാണ് ഇറങ്ങിയത്. ഒരു സാധാരണ സിനിമയായിരുന്നില്ല സുജാത. പ്രശസ്ത നാടകകാരൻ കെടി മുഹമ്മദിന്റേതായിരുന്നു കഥ. സംഭാഷണവും കെടി മുഹമ്മദ് തന്നെ. പിവി ഗംഗാധരനാണ് സിനിമ നിർമിച്ചത്. ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ പാട്ടുകളെഴുതി. അവയ്ക്ക് ഈണം നൽകാൻ രവീന്ദ്ര ജയിനെ കൊണ്ടുവന്നു. എം ജി സോമൻ, കെ പി ഉമ്മർ, ഉഷ, അടൂർ ഭാസി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ വേഷമിട്ടത്.

നാല് പാട്ടുകളാണ് ഈ സിനിമയിലുണ്ടായിരുന്നത്. ആശ്രിത വൽസലനെ എന്ന ഗാനം ഹേമലത ആലപിച്ചു. രവീന്ദ്ര ജയിനിന് യേശുദാസിനെ പോലെ ഇഷ്ടമുള്ള ഒരു ഗായികയായിരുന്നു ഹേംലത. ജയിനിന്റെ സംഗീത സംവിധാനത്തിൽ 'തു ജോ മേരെ സുർ മേം' തുടങ്ങിയ ഗാനങ്ങൾ യേശുദാസും ഹേമലതയും ചേർന്ന് പാടിയിട്ടുണ്ട്. മറ്റൊരു ഗാനം കാളിദാസന്റെ കാവ്യഭാവനയെ എന്ന് തുടങ്ങുന്നതായിരുന്നു. ഇത് യേശുദാസ് പാടി. യേശുദാസം തന്നെ പാടിയ താലിപ്പൂ പീലിപ്പൂ പീലിപ്പൂ എന്ന ഗാനവും സുജാതയിൽ ഉണ്ടായിരുന്നു. സ്വയംവര ശുഭദിനം അടക്കം ഈ നാലുപാട്ടുകളും അന്ന് ഹിറ്റായി. സ്വയംവര ശുഭദിന മംഗളങ്ങൾ ഇന്നും കേൾവിക്കാരുള്ള പാട്ടാണ്.

സംഗീത സംവിധായകൻ ഒപി നയ്യാർ ആണ് ഭോസ്ലെയെ കണ്ടെത്തിയതെന്ന് പറഞ്ഞാലും അതിശയോക്തി ഉണ്ടാകില്ല. ഭോസ്ലെയുടെ ശബ്ദത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇൻഡസ്ട്രിക്ക് കാണിച്ചു കൊടുത്തത് നയ്യാരായിരുന്നു. ഭോസ്‌ലെയ്ക്ക് ആദ്യമായി ഒരു സംഗീത വ്യക്തിത്വം നൽകിയത് നയ്യാരായിരുന്നു. ധാരാളം പാട്ടുകൾ ഇരുവരും ചേർന്ന് ഇറക്കിയപ്പോൾ ഇരുവരും തമ്മില്‍ പ്രണയബന്ധമാണെന്ന് പലരും കഥകളിറക്കി. ഒരിക്കൽ നയ്യാർ ഇങ്ങനെ പറഞ്ഞു: "ഇപ്പോൾ എനിക്ക് എഴുപത്തിയാറ് വയസ്സായി, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആശാ ഭോസ്‌ലെയാണെന്ന് എനിക്ക് പറയാൻ കഴിയും. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിയായിരുന്നു അവർ."

പ്രണവ് മേലേതിൽ

രചയിതാവിനെക്കുറിച്ച്പ്രണവ് മേലേതിൽപതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article