'ആശങ്കവേണ്ട, മെസ്സി വരും,സര്‍ക്കാരിന്റെ കൈയില്‍ പണം ഉണ്ടായിരുന്നെങ്കിൽ കാത്തുനില്‍ക്കില്ലായിരുന്നു'

8 months ago 11

17 May 2025, 11:29 AM IST

v abdurahiman-messi

വി.അബ്ദുറഹിമാൻ, ലയണൽ മെസ്സി |ഫോട്ടോ:മാതൃഭൂമി,AFP

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി.അബ്ദുറഹിമാന്‍. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയേക്കില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ കളിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞസമയത്ത് അര്‍ജന്റീന ടീം കളിക്കാന്‍ പോകുന്നത് ചൈനയിലേക്കാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുന്നത് സംബന്ധിച്ച് അനിശ്ചിതത്വം ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണം ഉണ്ടായിരുന്നെങ്കില്‍ ഈ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാത്ത് നില്‍ക്കില്ലായിരുന്നുവെന്നും അതുപയോഗിച്ച് കൊണ്ടുവരുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

'സംസ്ഥാന കായിക വകുപ്പാണ് അര്‍ജന്റീന ടീമുമായി ചര്‍ച്ച നടത്തിയത്. അതിന്റെ ഭാഗമായി സ്‌പോണ്‍സര്‍ഷിപ്പിന് വലിയ തുക മുടക്കാന്‍ സര്‍ക്കാരിന്റെ നിലവിലുള്ള അവസ്ഥ അനുവദിക്കുന്നില്ല. ഇതിനായി രണ്ട് കമ്പനികളെ സ്‌പോണ്‍സര്‍മാരായി കണ്ടെത്തിയിരുന്നു. ആദ്യത്തെ സ്‌പോണ്‍സര്‍ക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല.

രണ്ടാമതെത്തിയവരാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍. അവര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാമെന്ന് അറിയിച്ച് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതി അവര്‍ക്ക് ലഭ്യമാക്കികൊടുത്തു. സര്‍ക്കാരിന് ചെയ്യാനാകുന്നത് ഇതാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ പണം അടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മെസ്സി വരില്ല എന്ന് പറയനാകില്ല. സ്‌പോണ്‍സര്‍മാരോട് പണം വളരെ വേഗത്തില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് കാലതാമസം ഉണ്ടായിരിക്കാം. 175 കോടിയോളം രൂപ നല്‍കേണ്ടിവരും.സ്‌പോണ്‍സര്‍മാര്‍ ആശങ്കകളൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി അവരുണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല' വി.അബ്ദുറഹിമാന്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ടര്‍ ടിവി പണം അടയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ അടുത്ത ആഴ്ച നോക്കാം. നിലവില്‍ സ്‌പോണ്‍സറെ മാറ്റേണ്ട ആവശ്യമില്ല. അവര്‍ പണം അടയ്ക്കാന്‍ വൈകി എന്നത് വസ്തുതയാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Kerala Sports Minister confirms ongoing negotiations for Lionel Messi and Argentina`s visit

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article