Published: January 07, 2026 11:54 AM IST Updated: January 07, 2026 12:57 PM IST
2 minute Read
അഹമ്മദാബാദ്∙ കേരള ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ‘ആശാൻ’ എന്നാണ് വിഷ്ണു വിനോദ് അറിയപ്പെടുന്നത്. മത്സരത്തിന്റെ ഗതി എന്തായാലും പിച്ചിന്റെ സ്വഭാവം എങ്ങനെയായാലും, തുടക്കം മുതൽ അടിച്ചുകയറാനുള്ള മിടുക്കാണ് വിഷ്ണുവിന് ഈ ‘ആശാൻ പട്ടം’ നേടിക്കൊടുത്തത്. അത്തരമൊരു ആശാൻ സ്പെഷൽ അഴിഞ്ഞാട്ടത്തിനാണ് ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയം വേദിയായത്. പുതുച്ചേരിക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ, 84 പന്തിൽ 14 സിക്സും 13 ഫോറുമടക്കം 162 റൺസുമായി വിഷ്ണു നിറഞ്ഞാടിയപ്പോൾ കേരളത്തിന് 8 വിക്കറ്റിന്റെ അനായാസ ജയം.
ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247ന് പുറത്തായപ്പോൾ കേരളം 29 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: പുതുച്ചേരി 47.4 ഓവറിൽ 247ന് പുറത്ത്. കേരളം 29 ഓവറിൽ 2ന് 252. അപരാജിത സെഞ്ചറിയമായി കേരളത്തെ വിജയത്തിൽ എത്തിച്ച വിഷ്ണുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിൽ കേരളത്തിന്റെ നാലാം ജയമാണിത്.
വിഷ്ണു വെടിക്കെട്ട്ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പുതുച്ചേരിയെ പേസർ എം.ഡി.നിധീഷിന്റെ 4 വിക്കറ്റ് പ്രകടന മികവിലാണ് കേരളം 247ൽ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ സഞ്ജു സാംസണിനെയും (11) ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെയും (8) കേരളത്തിന് നഷ്ടമായി. 2ന് 30 എന്ന നിലയിൽ പതറിയ കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിഷ്ണു– ബാബ അപരാജിത് (63 നോട്ടൗട്ട്) സഖ്യമാണ്. കരുതലോടെ തുടങ്ങിയ വിഷ്ണു, പതിയെ ആക്രമണത്തിലേക്ക് കടന്നു. പുതുച്ചേരി പേസർമാരെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്തിയ വിഷ്ണു, സ്പിന്നർമാർക്കെതിരെ സ്വീപ്പും സ്ലോഗ് സ്വീപ്പും ഫലപ്രദമായി ഉപയോഗിച്ചു. 36 പന്തിൽ അർധ സെഞ്ചറി തികച്ച താരം 63 പന്തിൽ മൂന്നക്കം കടന്നു. സെഞ്ചറിക്കു ശേഷമാണ് വിഷ്ണു കൂടുതൽ അപകടകാരിയായത്. അടുത്ത 21 പന്തിൽ 62 റൺസ് അടിച്ചെടുത്ത വലംകൈ ബാറ്റർ 29–ാം ഓവറിൽ കേരളത്തെ ലക്ഷ്യത്തിൽ എത്തിച്ചു. 2014 മുതൽ കേരള ടീം താരമായ മുപ്പത്തിരണ്ടുകാരൻ വിഷ്ണു, പത്തനംതിട്ട സ്വദേശിയാണ്. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
എല്ലാം ഒത്തുവന്ന ഒരു ദിവസമായിരുന്നു. പെട്ടെന്ന് നമ്മുടെ 2 വിക്കറ്റ് വീണതിനാൽ തുടക്കത്തിൽ ഒന്നു കരുതിയാണ് ബാറ്റ് ചെയ്തത്. എന്നാൽ ആദ്യ സിക്സ് നേടിയതോടെ ആത്മവിശ്വാസം കൂടി. ആഗ്രഹിച്ചതുപോലെ തന്നെ സ്കോർ ചെയ്യാനായി. ടീമിനും ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
വിഷ്ണു വിനോദ്
ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കുറച്ചു പന്തുകളിൽ 150 റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് വിഷ്ണു വിനോദ്. പുതുച്ചേരിക്കെതിരായ മത്സരത്തിൽ 81 പന്തുകളിലാണ് വിഷ്ണു 150 റൺസ് പിന്നിട്ടത്. 59 പന്തിൽ ഈ നേട്ടം സ്വന്തമാക്കിയ വൈഭവ് സൂര്യവംശി, 80 പന്തിൽ 150 തികച്ച ദിനേശ് കാർത്തിക് എന്നിവരാണ് വിഷ്ണുവിന് മുന്നിലുള്ളത്.
വിജയ് ഹസാരെ ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ താരമായി വിഷ്ണു വിനോദ്. 106 സിക്സാണ് വിഷ്ണുവിന്റെ പേരിലുള്ളത്. 108 സിക്സ് നേടിയ മനീഷ് പാണ്ഡെയാണ് ഒന്നാമത്.വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന തന്റെ തന്നെ റെക്കോർഡ് മെച്ചപ്പെടുത്തി വിഷ്ണു വിനോദ്. പുതുച്ചേരിക്കെതിരെ 14 സിക്സാണ് വിഷ്ണു നേടിയത്.
ഗില്ലിന് നിരാശപരുക്കിനു ശേഷം ക്രിക്കറ്റ് ഫീൽഡിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് നിരാശയോടെ തുടക്കം. ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ഗോവയ്ക്കെതിരെ പഞ്ചാബിനുവേണ്ടി ഓപ്പണറായി ഇറങ്ങിയ ഗില്ലിന് 12 പന്തിൽ നേടാനായത് 11 റൺസ് മാത്രം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗോവയെ 211 റൺസിന് ഓൾഔട്ടാക്കിയ പഞ്ചാബ്, ഹർനൂർ സിങ്ങിന്റെ അപരാജിത അർധ സെഞ്ചറിക്കരുത്തിൽ (94) 35 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
English Summary:








English (US) ·