Published: October 30, 2025 12:48 PM IST Updated: October 30, 2025 01:17 PM IST
1 minute Read
സിഡ്നി ∙ ആശുപത്രിക്കിടക്കയിൽനിന്ന് ആരാധകർക്കു സന്ദേശവുമായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ അയ്യർ, സിസ്ഡിനിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരാധകരുടെ സ്നേഹത്തിനു നന്ദിയെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ താരം പറഞ്ഞു.
‘‘ഞാൻ സുഖം പ്രാപിച്ചുവരുന്നു. ഓരോ ദിവസവും കടന്നുപോകുമ്പോൾ നില മെച്ചപ്പെടുന്നുണ്ട്. ലഭിച്ച എല്ലാ ആശംസകൾക്കും പിന്തുണയ്ക്കും ഒരുപാട് നന്ദിയുണ്ട്– ഇതെന്റെ ഹൃദയത്തിൽനിന്നാണ്. നിങ്ങളുടെ ചിന്തകളിൽ എന്നെയും ഉൾപ്പെടുത്തിയതിനു നന്ദി’’– ശ്രേയസ് കുറിച്ചു. പരുക്കേറ്റതിനു പിന്നാലെ ശ്രേയസിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ദിവസങ്ങൾക്കുശേഷം താരത്തിന്റെ സന്ദേശമെത്തിയത്, ആശ്വാസവാർത്തയായി.
നില തൃപ്തികരമാണെന്നും ശ്രേയസിനെ ഐസിയുവിൽനിന്നു മാറ്റിയെന്നും ബിസിസിഐ അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇടതു വാരിയെല്ലിനും പ്ലീഹയ്ക്കും (സ്പ്ലീൻ) പരുക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം സിഡ്നിയുള്ള ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
പരുക്കേറ്റതിനു പിന്നാലെ ഡ്രസിങ് റൂമിലെത്തിയ ശ്രേയസ് ബോധരഹിതനായെന്നും ഹൃദയമിടിപ്പ് കുറഞ്ഞെന്നും അതോടെയാണ് ഐസിയുവിലേക്കു മാറ്റാൻ തീരുമാനിച്ചതെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ മെഡിക്കൽ സംഘവും സിഡ്നിയിൽ എത്തിയിരുന്നു. ഇവരുടെ കൂടി മേൽനോട്ടത്തിലായിരിക്കും തുടർ ചികിത്സകൾ.
അതേസമയം, ശ്രേയസിന്റെ കുടുംബാംഗങ്ങൾ സിഡ്നിയിൽ എത്തി. ശ്രേയസിന്റെ സഹോദരി ശ്രേഷ്ഠ അയ്യർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറി പങ്കുവച്ചു. സിഡ്‌നി എന്ന ലൊക്കേഷൻ സഹിതമാണ് സ്റ്റോറി.
English Summary:








English (US) ·