Published: December 17, 2025 10:54 AM IST
1 minute Read
അഡ്‌ലെയ്ഡ് ∙ മൂന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ന് അഡ്‌ലെയ്ഡ് ഓവലിൽ ഇറങ്ങുമ്പോൾ അകത്തും പുറത്തും എരിയുന്ന ഫർണസ് പോലെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും സംഘത്തിനും സാഹചര്യങ്ങൾ. ടോസ് മുതൽ നിർണായകമായ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇംഗ്ലണ്ടിനു ചിന്തിക്കാൻ വയ്യ. ആദ്യ 2 ടെസ്റ്റുകളും ജയിച്ച് 2–0 ലീഡ് നേടിയ ഓസ്ട്രേലിയൻ നിരയിലേക്കു ക്യാപ്റ്റൻ പാറ്റ് കമിൻസും നേഥൻ ലയണും തിരിച്ചെത്തിയതോടെ ആതിഥേയരുടെ കരുത്ത് വർധിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 5 മുതലാണു മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്‌സ്റ്റാറിലും തൽസമയം കാണാം.
ഓസ്ട്രേലിയയിൽ പരമ്പര നഷ്ടമാകുന്ന തുടർച്ചയായ നാലാമത്തെ ഇംഗ്ലണ്ട് ടീം എന്ന നാണക്കേട് ഒഴിവാക്കുക കൂടിയാണ് സ്റ്റോക്സിന്റെ ലക്ഷ്യം. പക്ഷേ, അതത്ര എളുപ്പമല്ല. 2–0ന് പിന്നിലായതിനുശേഷം തിരിച്ചുവന്നു പരമ്പര നേടിയ പാരമ്പര്യം ഒന്നര നൂറ്റാണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിൽ ഒരേയൊരു ടീമിനേയുള്ളൂ; അത് 1936–37 സീസണിലെ ആഷസ് പരമ്പര വിജയിച്ച ഡോൺ ബ്രാഡ്മാന്റെ ഓസ്ട്രേലിയൻ ടീമിനാണ്.
ഇതിനിടെ അഡ്‌ലെയ്ഡിലെ കനത്ത ചൂടും ഇംഗ്ലണ്ടിനെ വിഷമിപ്പിക്കും. രണ്ടാം ദിവസമാകുമ്പോഴേക്കും താപനില 39 ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
English Summary:








English (US) ·