Published: January 20, 2026 07:43 AM IST Updated: January 20, 2026 10:54 AM IST
1 minute Read
വഡോദര ∙ വനിതാ പ്രിമിയർ ലീഗിലെ തുടർച്ചയായ അഞ്ചാം വിജയത്തോടെ പ്ലേഓഫ് ഉറപ്പിച്ച് ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. ഗുജറാത്തിനെ 61 റൺസിന് തോൽപിച്ച് അപരാജിത കുതിപ്പ് തുടർന്ന ബെംഗളൂരു സീസണിൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോടു ജയിച്ച ആർസിബി, ഡബ്ല്യുപിഎലിൽ തുടർച്ചയായി ആറു മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി മാറി.
ആദ്യം ബാറ്റു ചെയ്ത് 178 റൺസ് നേടിയ ആർസിബി മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനെ 117 റൺസിൽ പിടിച്ചുകെട്ടി. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 6ന് 178. ഗുജറാത്ത്– 20 ഓവറിൽ 8ന് 117. ഗ്രൂപ്പ് റൗണ്ടിൽ ബെംഗളൂരുവിന് ഇനിയും 3 മത്സരങ്ങൾക്കൂടി ബാക്കിയുണ്ട്.
179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ ആദ്യ 3 വിക്കറ്റുകൾ 5 റൺസിനിടെ വീഴ്ത്തിയ ബെംഗളൂരു ബോളർമാർ മത്സരത്തിൽ പിടിമുറുക്കി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ആഷ്‍ലി ഗാർഡ്നറുടെ (54) ചെറുത്തുനിൽപാണ് ഗുജറാത്തിന്റെ തോൽവിയുടെ ഭാരം കുറച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് മോഹിച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറിൽ ബിഗ് ഹിറ്റർമാരായ ഗ്രേസ് ഹാരിസിനെയും (1) ജോർജിയ വോളിനെയും (1) നഷ്ടമായതോടെ ആർസിബി 2ന് 9 എന്ന നിലയിലായി. എന്നാൽ, നാലാമതായി ഇറങ്ങിയ ഗൗതമി നായിക് (55 പന്തിൽ 73), ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്കൊപ്പം (23 പന്തിൽ 26 ) 60 റൺസ് കൂട്ടിച്ചേർത്ത് ബെംഗളൂരുവിനെ മുന്നോട്ടുനയിച്ചു.
സ്മൃതിയെ ഗുജറാത്ത് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ മടക്കിയതോടെ ആർസിബി വീണ്ടും പരുങ്ങലിലായി. പിന്നാലെ വന്ന റിച്ച ഘോഷിനൊപ്പം (20 പന്തിൽ 27 ) 4–ാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്ത ഗൗതമി റൺ നിരക്ക് കുറയാതെ നോക്കി. 18–ാം ഓവറിൽ ഗൗതമി പുറത്താകുമ്പോൾ 5ന് 142 എന്ന സ്കോറിലായിരുന്നു ബെംഗളൂരു. വാലറ്റത്ത് 8 പന്തിൽ 17 റൺസ് നേടിയ രാധാ യാദവാണ് ബെംഗളൂരു ടോട്ടൽ 178ൽ എത്തിച്ചത്. ഗുജറാത്തിനായി ഗാർഡ്നറും കശ്‌വി ഗൗതവും 2 വിക്കറ്റ് വീതം നേടി.
English Summary:








English (US) ·