ആർ എസ് പ്രഭു കൊച്ചിയിലുണ്ട്; ഏഴരപ്പതിറ്റാണ്ടിന്റെ  ഓർമ്മകളുമായി 

8 months ago 7

ഷീർ പോയി. സത്യനും നസീറും മിസ് കുമാരിയും വിജയനിർമ്മലയും രാമു കാര്യാട്ടും പി ഭാസ്കരനും വിൻസന്റ് മാസ്റ്ററും രാഘവൻ മാഷും ബാബുരാജുമൊക്കെ യാത്രയായി. മലയാള സിനിമയുടെ തിളക്കമാർന്ന ആ ഭൂതകാലത്തിന്റെ ഓർമകൾ പങ്കുവെക്കാൻ ഇന്ന് നമുക്കൊപ്പമുള്ളത് ഒരേയൊരാൾ മാത്രം: രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർഎസ് പ്രഭു.

മെയ് 5ന് തൊണ്ണൂറ്റിയാറാം വയസ്സിലേക്ക് കടക്കുകയാണ് സംവിധായകനും നിർമാതാവും നടനുമൊക്കെയായ പ്രഭു സാർ. പിറന്നാൾ ആഘോഷം കാക്കനാട്ടെ കെയർ ഹോമിൽ. മലയാളത്തിലെ ഏറ്റവും തലമുതിർന്ന സിനിമാപ്രവർത്തകൻ കഴിഞ്ഞ ഏഴു മാസമായി 'അതുല്യ'യിൽ അന്തേവാസിയായി ഉണ്ടെന്നറിയുന്നവർ ഏറെയുണ്ടാവില്ല. പ്രഭു സാർ ആ വിവരം അധികം പേരെ അറിയിച്ചിട്ടുമില്ല. സ്വസ്ഥമായി ജീവിത സായാഹ്നം ചെലവഴിക്കാൻ ചെന്നൈയിലെ വലസരവാക്കത്തു നിന്ന് പത്നീസമേതനായി ജന്മനാട്ടിൽ തിരിച്ചെത്തിയതാണല്ലോ അദ്ദേഹം. 'ചിലരൊക്കെ കാണാൻ വരാറുണ്ട്. എങ്കിലും ഏകാന്തതയാണ് എനിക്കിഷ്ടം.' കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോൾ പ്രഭു സാർ പറഞ്ഞു.

അത്ഭുതം തോന്നിയില്ല. പതിറ്റാണ്ടുകളോളം സിനിമയുടെ ശ്വാസംമുട്ടിക്കുന്ന തിരക്കിലും ബഹളത്തിലും സ്വയം മറന്ന് അലിഞ്ഞൊഴുകിയ ഒരു മനുഷ്യൻ ജീവിതസായാഹ്‌നത്തിൽ ഒരൽപ്പം ഏകാന്തത ആഗ്രഹിക്കുന്നത് സ്വാഭാവികം.

മലയാളസിനിമയുടെ തലക്കുറി തിരുത്തിയ 'നീലക്കുയിലി'ന്റേയും (1954) 'ഭാർഗ്ഗവീനിലയ' (1964) ത്തിന്റേയും അണിയറയിൽ വടക്കൻ പറവൂർ സ്വദേശിയായ പ്രഭുവുണ്ടായിരുന്നു. 'നീലക്കുയിലി'ൽ പ്രൊഡക്ഷൻ ഇൻ ചാർജ്, ഭാർഗ്ഗവീനിലയത്തിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. നീലക്കുയിലിന് പിന്നാലെ രാരിച്ചൻ എന്ന പൗരനും മുടിയനായ പുത്രനും തച്ചോളി ഒതേനനും ഉൾപ്പെടെ ചന്ദ്രതാരയുടെ പടങ്ങളിലെല്ലാം നിർമ്മാണനിർവഹണച്ചുമതല വഹിച്ച ശേഷം രാജമല്ലി (1965) യിലൂടെ നിർമാതാവും സംവിധായകനുമായി മാറി പ്രഭു. പിൽക്കാലത്ത് പൂർണ്ണമായി നിർമാണരംഗത്ത് ചുവടുറപ്പിച്ച പ്രഭുവിന്റെ ഹിറ്റ് ചിത്രങ്ങളിൽ ആഭിജാത്യം, തീർത്ഥയാത്ര, ആരണ്യകാണ്ഡം, അഭിമാനം, അടവുകൾ പതിനെട്ട് എന്നിവയുണ്ട്. ആയുധം (1982) എന്ന ചിത്രത്തോടെ നിർമാണരംഗം വിടുകയായിരുന്നു അദ്ദേഹം. സിനിമാലോകം തിരിച്ചറിയാനാവാത്ത വിധം മാറിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.

rs prabhu, yesudas

എ.വിൻസെന്റ്, യേശുദാസ്, ആർ.എസ്. പ്രഭു, എ.ടി.ഉമ്മർ എന്നിവർ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്​സ്

1950 ലാണ് പ്രഭു സിനിമയിലെത്തിയത് - 'രക്തബന്ധം' എന്ന ചിത്രത്തിൽ നടനും പ്രൊഡക്ഷൻ മാനേജരുമായി. 'ചന്ദ്രലേഖയിൽ അന്നത്തെ ജനപ്രിയ ആക്‌ഷൻ ഹീറോ രഞ്ജന്റെ സാഹസികമായ അഭിനയം കണ്ട് മതിമറന്നാണ് നടനാകണം എന്ന മോഹം മനസ്സിലുദിച്ചത്. എന്നാൽ വിധി എനിക്ക് വേണ്ടി കരുതിവെച്ചത് മറ്റു വേഷങ്ങളായിരുന്നു.' - പ്രഭു ചിരിക്കുന്നു. രക്തബന്ധത്തിനു പിന്നാലെ രാജശ്രീ പിക്ചേഴ്സിന്റെ മാനേജരായി കൊച്ചിയിൽ തങ്ങുമ്പോഴാണ് ഒരുനാൾ സിനിമാമോഹങ്ങളുമായി ടികെ പരീക്കുട്ടി കാണാനെത്തിയത്. 'കൂടെ വരുന്നോ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ സാഹിബ് എന്റെ മനസ്സ് കീഴടക്കിക്കളഞ്ഞു. പിന്നീടങ്ങോട്ട് വർഷങ്ങളോളം ചന്ദ്രതാര പ്രൊഡക്ഷൻസ് ആയിരുന്നു എന്റെ തറവാട്.'

ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പിറന്നതെങ്കിലും 'നീലക്കുയിൽ' വർണാഭമായ ഓർമയാണ് പ്രഭുവിന്. ഉറൂബിന്റെ കഥ, രാമു കാര്യാട്ട് - പി ഭാസ്കരൻ കൂട്ടുകെട്ടിന്റെ സംവിധാനം, വിൻസന്റിന്റെ ക്യാമറ, രാഘവൻ മാഷിന്റെ സംഗീതം, സത്യന്റെയും മിസ് കുമാരിയുടേയും ഹൃദയസ്പർശിയായ അഭിനയം. ആഹ്ളാദങ്ങൾക്കൊപ്പം ചില്ലറ അനിശ്ചിതത്വങ്ങൾ കൂടി കലർന്നതാണ് പ്രഭുവിന്റെ നീലക്കുയിൽ ഓർമകൾ. 'റിലീസിന് നാല് ദിവസം മുൻപ് വാഹിനി സ്റ്റുഡിയോക്കാർ പറയുന്നു കുടിശ്ശിക പൂർണമായി അടച്ചുതീർക്കാതെ സിനിമയുടെ പ്രിന്റ് വിട്ടുതരില്ലെന്ന്. അവരെ കുറ്റം പറഞ്ഞുകൂടാ. എഴുപത്തയ്യായിരം രൂപയ്ക്ക് പടം പൂർത്തിയാക്കാൻ പറ്റുമെന്നാണ് കാര്യാട്ടും ഭാസ്കരനും പരീക്കുട്ടി സാഹിബിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ, ചെലവ് അവിടെയൊന്നും നിന്നില്ല. ഏതാണ്ട് ഒരു ലക്ഷത്തി മുപ്പത്താറായിരം രൂപ വേണ്ടിവന്നു പടം കംപ്ലീറ്റ് ചെയ്യാൻ. വേറെ വഴിയൊന്നുമില്ലാത്തതു കൊണ്ട് ഞാൻ നേരെ വാഹിനി സ്റ്റുഡിയോ ഉടമ നാഗിറെഡ്ഢിയുടെ കാലിൽ ചെന്ന് വീണു. ആ പ്രാർത്ഥനയ്ക്ക് മുന്നിൽ മനസ്സലിഞ്ഞത്‌ കൊണ്ട് മാത്രമാണ് പ്രിന്റ് വിട്ടുതരാൻ അദ്ദേഹം സമ്മതിച്ചത്. ഉദ്ദേശിച്ച പോലെ ഒക്ടോബർ 22 ന് പടം തിയേറ്ററിലെത്തുകയും ചെയ്തു.' ബാക്കിയുള്ളത് ചരിത്രം.

സൂപ്പർ ഹിറ്റായി മാറിയ നീലക്കുയിലിലെ പാട്ടുകളുടെ പിറവിയും മറന്നിട്ടില്ല പ്രഭു. വാഹിനിയിലെ പ്രശസ്തനായ കൃഷ്ണയ്യർ ആയിരുന്നു റെക്കോർഡിസ്റ്റ്. സഹായിയായി ഒരു ആന്ധ്രക്കാരൻ യുവാവും ഉണ്ടായിരുന്നു - വിശ്വനാഥ്. പിൽക്കാലത്ത് ശങ്കരാഭരണവും സാഗരസംഗമവും പോലുള്ള ക്ലാസ്സിക് ചിത്രങ്ങൾ സംവിധാനം ചെയ്ത സാക്ഷാൽ കെ വിശ്വനാഥ് തന്നെ. വാഹിനി സ്റ്റുഡിയോയിൽ റെക്കോർഡിംഗ് അസിസ്റ്റന്റ് ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ആലുവക്കടുത്ത് തോട്ടക്കാട്ടുകരയിൽ ഒരു വീടെടുത്ത് അവിടെയിരുന്നാണ് ഭാസ്കരനും രാഘവനും പാട്ടുകൾ ചിട്ടപ്പെടുത്തിയത്. എല്ലാം ഗ്രാമ്യഭംഗി നിറഞ്ഞ ഈണങ്ങൾ. കൊച്ചിക്കാരൻ ഹാജി അബ്ദുൾഖാദറിനെ ആണ് കായലരികത്ത് പാടാൻ രാഘവൻ കണ്ടുവെച്ചിരുന്നത്. എന്നാൽ ഹാജി പാടിക്കേട്ടപ്പോൾ പരീക്കുട്ടി സാഹിബ് പറഞ്ഞു: വേണ്ട, ഈ പാട്ട് രാഘവൻ തന്നെ പാടിയാൽ മതി. ആദ്യം എതിർത്തുവെങ്കിലും ഒടുവിൽ രാഘവൻ മാഷിന്റെ ശബ്ദത്തിൽ ആ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടതും സർവകാല ഹിറ്റായി മാറിയതും ചരിത്രം. പ്രഭു അല്ലാതെ നീലക്കുയിലുമായി ബന്ധപ്പെട്ട ഒരാൾ കൂടിയേ ഇപ്പോൾ നമുക്കൊപ്പമുള്ളൂ: വിപിൻ മോഹൻ. പടത്തിൽ ബാലകഥാപാത്രമായി വേഷമിട്ട മോഹൻ പിൽക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഛായാഗ്രാഹകനായി വളർന്നു.

basheer

വൈക്കം മുഹമ്മദ് ബഷീർ. ഫോട്ടോ: എം.എ. റഹ്മാൻ

'ഭാർഗവീനിലയം' മറ്റൊരു സുവർണസ്മരണ. ബഷീറും സംവിധായകൻ വിൻസന്റ് മാഷും മധുവും വിജയനിർമ്മലയും ബാബുരാജുമൊക്കെ നിറഞ്ഞുനിൽക്കുന്നു ആ സ്മൃതിചിത്രങ്ങളിൽ. 1964 ലാവണം, കൊച്ചിയിൽ നിന്ന് കാറിൽ ചെന്നൈയിലേക്ക് വരികയാണ് ചിത്രസാഗർ ഫിലിംസിന്റെ അബ്ദുള്ളയും ശോഭന പരമേശ്വരൻ നായരും. വഴിക്കുവെച്ച് വൈക്കം മുഹമ്മദ് ബഷീർ കാറിന് കൈകാണിക്കുന്നു. കോഴിക്കോട്ട് എത്തിച്ചു തരണം; അതാണാവശ്യം. അതിനെന്താ കേറിക്കോളൂ എന്ന് അബ്ദുള്ളയും പരമേശ്വരൻ നായരും. എന്നാൽ ബഷീറിനെ കയറ്റി അബ്ദുള്ള കാർ നേരെ വിട്ടത് ചെന്നൈയിലേക്ക്. കഥാലോകത്തെ സൂപ്പർതാരത്തെ കൊണ്ട് ഒരു സിനിമയ്ക്ക് തിരക്കഥയെഴുതിക്കുകയാണ് ഗൂഢോദ്ദേശ്യം.

ചെന്നൈ ടി നഗർ വെങ്കട്ടനാരായണ തെരുവിലെ ചന്ദ്രതാരാ ഓഫീസിനു മുന്നിലെത്തിയ ശേഷമേ കാർ നിന്നുള്ളൂ. അവിടെ പ്രഭുവുണ്ട് - ചന്ദ്രതാരയുടെ സ്ഥിരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രഭു താമസിക്കുന്നതും അതേ കെട്ടിടത്തിൽ തന്നെ. ഉടമസ്ഥൻ പരീക്കുട്ടി സാഹിബ് സ്ഥിരമായി കൊച്ചിയിലായതിനാൽ സിനിമാനിർമ്മാണത്തിന്റെ മുഴുവൻ ചുമതലയും നിർവഹിച്ചിരുന്നത് പ്രഭുവാണ്‌.

'ബഷീറിന്റെ ഒരു കഥ സിനിമയാക്കണം എന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു ഞങ്ങൾ.'-പ്രഭുവിന്റെ ഓർമ്മ. 'പ്രശസ്തമായ ബാല്യകാലസഖിയിലാണ് ആദ്യം കണ്ണു വെച്ചതെങ്കിലും അത് നടന്നില്ല.' ചന്ദ്രതാര ഓഫീസിലെ കൂടിക്കാഴ്ചക്കിടയിൽ 'നീലവെളിച്ചം' എന്ന കഥ സിനിമയാക്കിയാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടത് സാഹിത്യരസികനായ അബ്ദുള്ളയാണ്. 'പരമേശ്വരൻ നായർക്കും എനിക്കും ആ നിർദ്ദേശം ബോധിച്ചു. ബഷീറിന്റെ എതിർപ്പുകളൊന്നും പിന്നെ വിലപ്പോയില്ല. എനിക്ക് ചില വ്യവസ്ഥകളുണ്ട്, അവ സമ്മതിച്ചാൽ തിരക്കഥ എഴുതുന്നതിനെ കുറിച്ചാലോചിക്കാം എന്നായി ബഷീർ.'

madhu

ഭാർഗവീനിലയത്തിൽ മധു

സംവിധായകനായി എ വിൻസന്റ് വേണം എന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. ആർക്കുമില്ല അതിൽ വിരോധം. നായകനായ എഴുത്തുകാരന്റെ റോൾ മധുവിന് നൽകണമെന്നതാണ് അടുത്ത ഉപാധി. അവിടെ ചെറിയൊരു പ്രശ്നമുണ്ട്. പ്രേംനസീർ ആണ് അക്കാലത്തെ മിനിമം ഗ്യാരണ്ടിയുള്ള നടൻ. നസീർ കൂടി ഉണ്ടെങ്കിൽ പടത്തിന്റെ ബോക്സോഫീസ് വിജയസാധ്യത മെച്ചപ്പെടും. എങ്കിൽ പിന്നെ ഫ്ലാഷ്ബാക്കിൽ വരുന്ന കാമുകന്റെ വേഷം നസീറിന് ഇരിക്കട്ടെ എന്ന് ബഷീർ. ആൾ പരമ സുന്ദരനാണല്ലോ. ചന്ദ്രതാരാ ഓഫീസിൽ താമസിച്ചുകൊണ്ടാണ് ഭാർഗവീനിലയത്തിന്റെ തിരക്കഥയും സംഭാഷണവും ബഷീർ എഴുതിത്തീർത്തതെന്ന് പ്രഭു. 'തിങ്കൾ മുതൽ ശനി വരെ എഴുത്ത്; ഞായർ അവധി. അതായിരുന്നു ബഷീറിന്റെ വ്യവസ്ഥ. നാലാഴ്ച കൊണ്ട് സ്ക്രിപ്റ്റ് തീർത്തു അദ്ദേഹം. ചെന്നൈയിലെ സ്റ്റുഡിയോ സെറ്റിൽ വെച്ചുള്ള ആദ്യ ഷൂട്ടിങ് ഷെഡ്യൂളിനുശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.' തലശ്ശേരിയിലെ തലായി കടപ്പുറത്തും പരിസരത്തെ ചില വീടുകളിലും വെച്ചായിരുന്നു വാതിൽപ്പുറ ചിത്രീകരണം.

ആരോഗ്യ പ്രശ്നങ്ങളുണ്ട്. കേൾവിക്കുറവും. വീൽച്ചെയറിലാണ് അധികസമയവും. എങ്കിലും ഓർമ്മകളെ പ്രായം ബാധിച്ചിട്ടില്ല. പഴയ കഥകൾ ചോദിച്ചറിയാൻ വിളിക്കുമ്പോൾ ഉത്സാഹത്തോടെ ആ കാലത്തേക്ക് തിരിച്ചുനടക്കും പ്രഭു സാർ. ഓർമ്മകൾ പങ്കുവെക്കാൻ തന്റെ തലമുറയിലെ ആരുമില്ലല്ലോ ഒപ്പം എന്നൊരു ദുഃഖം മാത്രം. സുഹൃത്തുക്കളും ബന്ധുക്കളും കൊച്ചിയിലെ കലാപ്രേമികളും ചേർന്ന് ജന്മനാളായ തിങ്കളാഴ്ച്ച വൈകുന്നേരം ചങ്ങമ്പുഴ പാർക്കിൽ വെച്ച് പ്രഭുസാറിനെ ആദരിക്കുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യം. കൊങ്കണി സാഹിത്യ അക്കാദമി മുൻകൈയെടുത്ത് നടത്തുന്ന ചടങ്ങിൽ സിനിമാരംഗത്തു നിന്നുള്ള ജനാർദ്ദനനും മല്ലികാ സുകുമാരനും മധുപാലിനും പുറമെ ജസ്റ്റിസ് കെ സുകുമാരനും പങ്കെടുക്കും. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ യശ്വന്ത് ഷേണായി ആണ് ഉദ്‌ഘാടനം.

'ഓർക്കപ്പെടണം എന്ന് നിർബന്ധമില്ല. എങ്കിലും ആരെങ്കിലുമൊക്കെ ഓർക്കുന്നു എന്നത് സന്തോഷമുള്ള കാര്യം.' - ആർഎസ് പ്രഭു പറയുന്നു. ആ ആത്മഗതത്തിലുണ്ട് പറയാനുള്ളതെല്ലാം.

Content Highlights: Veteran Malayalam movie property RS Prabhu celebrates his 96th day neelakuyil

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article