ആർഎസ്എസിൽ നിന്ന് രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ല; അമേരിക്കയിൽ 90 രാഷ്ട്രീയ നേതാക്കളുടെ പ്രതിജ്ഞ

2 weeks ago 4

ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും രാഷ്ട്രീയ സംഭാവനകൾ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് അമേരിക്കയിലെ 90 രാഷ്ട്രീയ നേതാക്കൾ. ഇന്ത്യൻ വംശജരായ യുഎസ് കോൺഗ്രസ് അംഗങ്ങളായ റോ ഖന്നയും പ്രമീള ജയപാലും ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളാണ് പ്രതിജ്ഞയിൽ ഒപ്പുവച്ചത്.

ഓഗസ്റ്റ് 31ന് ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ആക്ഷൻ’, ‘സേക്രഡ് ആക്ട്‌സ്’ എന്നീ സംഘടനകളാണ് പ്രതിജ്ഞ പ്രഖ്യാപിച്ചത്. എട്ട് സംസ്ഥാനങ്ങളിൽനിന്നുള്ള ഫെഡറൽ, സംസ്ഥാന, പ്രാദേശിക തലങ്ങളിലെ ജനപ്രതിനിധികളും സ്ഥാനാർഥികളും ഇതിൽ പങ്കാളികളായി.

ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും ഇനി രാഷ്ട്രീയ സംഭാവനകൾ സ്വീകരിക്കില്ലെന്നതിന് പുറമെ, നേരത്തെ ലഭിച്ച സംഭാവനകൾ തിരിച്ചുനൽകുകയോ ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന സംഘടനകൾക്ക് കൈമാറുകയോ ചെയ്യണമെന്നും പ്രതിജ്ഞയിൽ ആവശ്യപ്പെടുന്നു. രാഷ്ട്രീയ അക്രമത്തെയും ഭീഷണിയെയും എതിർക്കണമെന്നും നേതാക്കളോട് സംഘടനകൾ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷ സംഘടനയായാണ് ആർഎസ്എസിനെ പ്രമീള ജയപാൽ വിശേഷിപ്പിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് സ്വാധീനം ചെലുത്തരുതെന്ന് റോ ഖന്നയും പ്രതികരിച്ചു. ആർഎസ്എസുമായി ബന്ധമുള്ള, മാഗ അനുകൂലിയായ കോടീശ്വരനിൽനിന്ന് 6,600 ഡോളർ സംഭാവന സ്വീകരിച്ചതായി റോ ഖന്ന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, പ്രചാരണത്തിനെതിരെ ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നീക്കം വിവേചനപരവും ഹിന്ദുവിരുദ്ധവുമായ പ്രചാരണമാണെന്നാണ് സംഘടനയുടെ ആരോപണം. ഹിന്ദു അമേരിക്കക്കാരിൽനിന്നുള്ള സംഭാവനകൾ മാത്രം പ്രത്യേകം പരിശോധിക്കുന്നത് ശരിയല്ലെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പ്രതിനിധി സുഹാഗ് ശുക്ലയും വിമർശിച്ചു.

അതിനിടെ, ഓഗസ്റ്റ് 29ന് ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന ‘യൂണിവേഴ്സൽ ഒണെസ് സെലിബ്രേഷൻ’ പരിപാടിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പങ്കെടുത്തിരുന്നു. മതങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും സാർവത്രിക മനുഷ്യ ഐക്യവും സംബന്ധിച്ചായിരുന്നു ഭഗവതിന്റെ പ്രസംഗം.

പരിപാടിക്ക് മുന്നോടിയായി ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ശുപാർശ ചെയ്തിരുന്നു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയും ഭഗവതിന്റെ പരിപാടിക്കെതിരെ രംഗത്തെത്തിയിരുന്നു.

Read Entire Article