Published: April 24 , 2025 10:15 AM IST
1 minute Read
മാഞ്ചസ്റ്റർ സിറ്റി ∙ രണ്ടു തവണ പിന്നിലായിപ്പോയിട്ടും ആവേശത്തോടെ തിരിച്ചടിച്ച് ക്രിസ്റ്റൽ പാലസ് ആർസനലിനെ സമനിലയിൽ കുരുക്കിയതോടെ, ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ലിവർപൂൾ കിരീടത്തിന് തൊട്ടരികെ. രണ്ടാം സ്ഥാനത്തുള്ള ആർസനൽ വീണ്ടും സമനിലക്കുരുക്കിൽ അകപ്പെട്ടതോടെ, ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് ഒറ്റ പോയിന്റ് കൂടി നേടിയാൽ ലിവർപൂളിന് കിരീടം ചൂടാം. ഞായറാഴ്ച ടോട്ടനം ഹോട്‌സ്പറിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം.
ആവേശപ്പോരാട്ടത്തിൽ രണ്ടു ഗോൾ വീതമടിച്ചാണ് ആർസനലും ക്രിസ്റ്റൽ പാലസും സമനിലയിൽ പിരിഞ്ഞത്. ആർസനലിനായി യാക്കൂബ് കിവിയോർ (3–ാം മിനിറ്റ്), ലിയേന്ദ്രോ ട്രൊസാഡ് (42–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ക്രിസ്റ്റൽ പാലസിന്റെ ഗോളുകൾ എബറേക്കി എസെ (27–ാം മിനിറ്റ്), ഷോൺ ഫിലിപ് മത്തേറ്റ (83–ാം മിനിറ്റ്) എന്നിവർ നേടി.
സീസണിലെ 13–ാം സമനില വഴങ്ങിയ ആർസനൽ, 34 മത്സരങ്ങളിൽനിന്ന് 18 ജയങ്ങൾ ഉൾപ്പെടെ 67 പോയിന്റുമായി രണ്ടാമതുണ്ട്. 33 മത്സരങ്ങളിൽനിന്ന് 24 ജയവും ഏഴു സമനിലയും സഹിതം 79 പോയിന്റോടെയാണ് ലിവർപൂൾ ഒന്നാമതു തുടരുന്നത്. കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ലയെ 2–1ന് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ, അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു നേരിട്ടു യോഗ്യത നേടാമെന്നു സിറ്റിക്ക് ഏതാണ്ടുറപ്പായി. ലീഗ് കിരീടത്തിൽനിന്ന് ബഹുദൂരം പിന്നിലായ സിറ്റിക്ക് അൽപമാശ്വാസം പകരുന്നതാണ് ചാംപ്യൻസ് ലീഗ് ബെർത്ത്.
ബെർണാഡോ സിൽവയുടെ ഗോളിൽ 7–ാം മിനിറ്റിൽ ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 18–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫഡ് പെനൽറ്റിയിൽനിന്ന് ഒരു ഗോൾ മടക്കി. സമനിലയിലേക്കു നീങ്ങിയ കളിയുടെ ഒഴുക്കിനെതിരെയായിരുന്നു ഇൻജറി ടൈമിൽ (90+3) സിറ്റിക്കായി മത്തേവൂസ് ന്യൂനസിന്റെ ഗോൾ. ജയത്തോടെ സിറ്റിക്ക് 34 കളികളിൽ 61 പോയിന്റായി.
English Summary:








English (US) ·