Published: December 08, 2025 07:13 AM IST Updated: December 08, 2025 10:53 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ കിരീടപ്പോരാട്ടം ഊതിക്കത്തിച്ച് ആസ്റ്റൺ വില്ല. ലീഗ് ലീഡേഴ്സായ ആർസനലിനെ ഇൻജറി ടൈം ഗോളിൽ 2–1നു തോൽപിച്ച ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിയെ പോരാട്ടത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. തോൽവിയോടെ ആർസനലും സിറ്റിയുമായുള്ള ലീഡ് 2 പോയിന്റായി കുറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി 3–0ന് സണ്ടർലാൻഡിനെ തോൽപിച്ചു. 2 ഗോൾ ലീഡ് നേടിയിട്ടും കളിക്കൊടുവിൽ ലിവർപൂൾ ലീഡ്സ് യുണൈറ്റഡുമായി 3–3 സമനില വഴങ്ങിയതു വൻതിരിച്ചടിയായി. നാലാം സ്ഥാനക്കാരായ ചെൽസി ബോൺമത്തുമായി ഗോൾരഹിത സമനില വഴങ്ങിയതും ആരാധകരെ നിരാശയിലാക്കി.
2004നു ശേഷം ആദ്യമായി പ്രിമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന ആർസനലിനെതിരെ സ്വന്തം മൈതാനത്ത് അച്ചടക്കമുള്ള കളി കാഴ്ചവച്ചാണ് ആസ്റ്റൺ വില്ല ജേതാക്കളായത്. 36–ാം മിനിറ്റിൽ മാറ്റി ക്യാഷിന്റെ ഗോളിൽ ആതിഥേയർ ലീഡ് നേടിയെങ്കിലും 52–ാം മിനിറ്റിൽ ലിയാന്ദ്രോ ട്രൊസാർദ് ആർസനലിനായി ഗോൾ മടക്കി. എന്നാൽ, കളി തീരാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ (90+5) പകരക്കാരൻ എമി ബുയേൻഡിയ ആസ്റ്റൺ വില്ലയുടെ വിജയഗോൾ നേടി (2–1). മാഞ്ചസ്റ്റർ സിറ്റി 3–0ന് സണ്ടർലാൻഡിനെ തോൽപിച്ച മത്സരത്തിൽ റൂബൻ ഡയസ്, ജോസ്കോ ഗവാർഡിയോൾ, ഫിൽ ഫോഡൻ എന്നിവർ ഗോൾ നേടി. 15 കളിയിൽ 33 പോയിന്റാണ് ഒന്നാമതുള്ള ആർസനലിനുള്ളത്. മാഞ്ചസ്റ്റർ സിറ്റി (31), ആസ്റ്റൺ വില്ല (30), ചെൽസി (25) എന്നിവരാണ് 2 മുതൽ 4 വരെ സ്ഥാനങ്ങളിൽ.
English Summary:








English (US) ·