Published: May 04 , 2025 11:09 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ആർസനലിന് ഞെട്ടിക്കുന്ന തോൽവി. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ആർസനലിനെ എഎഫ്‍സി ബേൺമൗത്താണ് അട്ടിമറിച്ചത്. 2–1നാണ് ബേൺമൗത്തിന്റെ വിജയം. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന ബേൺമൗത്ത്, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ആർസനലിനെ വീഴ്ത്തിയത്. ബേൺമൗത്തിനായി ഡീൻ ഹുയ്സെൻ (67–ാം മിനിറ്റ്), ഇവാനിൽസൻ (75–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ആർസനലിന്റെ ആശ്വാസഗോൾ ഡെക്ലാൻ റൈസ് (34–ാം മിനിറ്റ്) നേടി.
അതേസമയം, ബൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെയുടെ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വൂൾവ്സിനെ 1–0നു തോൽപിച്ച സിറ്റി യുവേഫ ചാംപ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ഈ സീസണിനൊടുവിൽ ക്ലബ് വിടുകയാണെന്ന് മുപ്പത്തിമൂന്നുകാരൻ ഡിബ്രൂയ്നെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിയുടെ 35–ാം മിനിറ്റിൽ ജെറമി ഡോക്കുവിന്റെ ഒരു കട്ട് ബായ്ക്ക് പാസ് ഗോളിലേക്കു തിരിച്ചുവിട്ടാണ് ഡിബ്രൂയ്നെ ലക്ഷ്യം കണ്ടത്.
ജയത്തോടെ 35 കളികളിൽ 64 പോയിന്റുമായി മൂന്നാമതാണ് സിറ്റി. ഒരു മത്സരം കുറവു കളിച്ച ന്യൂകാസിലിനെക്കാൾ 2 പോയിന്റും ചെൽസിയെക്കാൾ 4 പോയിന്റും മുന്നിൽ. സിറ്റിക്ക് 3 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാരാണ് ഇംഗ്ലണ്ടിൽ നിന്ന് ചാംപ്യൻസ് ലീഗിനു യോഗ്യത നേടുക.
കിരീടം ഉറപ്പിച്ച ലിവർപൂളും ആർസനലുമാണ് പോയിന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങളിലുള്ളത്. തോറ്റെങ്കിലും 35 കളികളിൽനിന്ന് 18 ജയവും 13 സമനിലയും സഹിതം 67 പോയിന്റുമായാണ് ആർസനൽ രണ്ടാമതു നിൽക്കുന്നത്.. സീസണിലെ 14–ാം ജയം കുറിച്ച ബേൺമൗത്ത് 53 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
∙ ബാർസയ്ക്ക് ജയം
സ്പാനിഷ് ലാലിഗയിൽ റയൽ വല്ലാദോദിനെ വീഴ്ത്തി ബാർസിലോന കിരീടവഴിയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. യുവതാരങ്ങളുമായി കളത്തിലിറങ്ങിയ ബാർസ, 2–1നാണ് റയൽ വല്ലാദോദിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ 1–0ന് പിന്നിലായിരുന്ന ബാർസ, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ജയിച്ചുകയറിയത്. ബാർസയ്ക്കായി റാഫീഞ്ഞ (54–ാം മിനിറ്റ്), ഫെർമിൻ ലോപ്പസ് (60–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. റയൽ വല്ലാദോദിന്റെ ആശ്വാസഗോൾ ആറാം മിനിറ്റിൽ ഇവാൻ സാഞ്ചസ് നേടി.
മറ്റു മത്സരങ്ങളിൽ വിയ്യാ റയൽ ഒസാസുനയെയും (4–2), വലൻസിയ ലാസ് പാൽമാസിനെയും (3–2) തോൽപ്പിച്ചു. അത്‍ലറ്റിക്കോ മഡ്രിഡിനെ ഡിപോർട്ടീവോ അലാവസ് ഗോൾരഹിത സമനിലയിൽ തളച്ചു. 34 മത്സരങ്ങളിൽനിന്ന് 25–ാം ജയം കുറിച്ച ബാർസ 79 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്. ഒരു മത്സരം കുറച്ചുകളിച്ച റയലിന് 72 പോയിന്റുണ്ട്. അത്‍ലറ്റിക്കോ മഡ്രിഡ് 67 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
English Summary:








English (US) ·