Published: January 01, 2026 09:10 AM IST Updated: January 01, 2026 12:10 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ പവർഫുൾ സ്റ്റേറ്റ്മെന്റുമായി ആർസനൽ. തകർപ്പൻ ഫോമിലുള്ള ആസ്റ്റൻ വില്ലയെ 4–1നു തോൽപിച്ച ആർസനൽ പുതുവർഷത്തിലും തങ്ങൾ തന്നെ ഒന്നാം സ്ഥാനത്ത് എന്നുറപ്പിച്ചു. ആർസനലിന്റെ 4 ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ജയത്തോടെ, രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായി പോയിന്റ് അകലം 5 ആക്കി വർധിപ്പിക്കാൻ പീരങ്കിപ്പടയ്ക്കു സാധിച്ചു.
ആർസനലിന് 19 കളിയിൽ 45 പോയിന്റ്. പുതുവർഷാരംഭത്തിൽ സണ്ടർലാൻഡിനെ നേരിടുന്ന സിറ്റി മത്സരം ജയിച്ചാൽ പോയിന്റ് വ്യത്യാസം 2 ആയി കുറയും. 3–ാം സ്ഥാനത്തുള്ള ആസ്റ്റൻ വില്ലയും ആർസനലും തമ്മിൽ 6 പോയിന്റ് വ്യത്യാസം. ഗബ്രിയേൽ മഗാലയസ് (48–ാം മിനിറ്റ്), മാർട്ടിൻ സുബിമെൻഡി (52), ലിയാൻഡ്രോ ട്രൊസാർദ് (69), ഗബ്രിയേൽ ജിസ്യൂസ് (78) എന്നീ പ്രമുഖരെല്ലാം ആർസനലിനായി ഗോൾ നേടി. ഇൻജറി ടൈമിൽ ഒലി വാറ്റ്കിൻസ് വില്ലയ്ക്കായി ആശ്വാസഗോൾ നേടി.
2004നു ശേഷം പ്രിമിയർ ലീഗ് ചാംപ്യന്മാരായിട്ടില്ലാത്ത ആർസനൽ 2026 സീസണിൽ ഇതു നേടുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് കോച്ച് മിക്കൽ അർറ്റേറ്റ കളം വിട്ടത്. എന്നാൽ, മുൻ ആർസനൽ കോച്ച് കൂടിയായ ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമിറി ഹസ്തദാനത്തിനു നിൽക്കാതെ മടങ്ങിയതു ചർച്ചയായി. മിക്കൽ അർറ്റേറ്റയുമായി ഹസ്തദാനത്തിനു കാത്തുനിൽക്കാതെ മടങ്ങിയതിന് ‘സ്റ്റേഡിയത്തിൽ നല്ല തണുപ്പുണ്ടായിരുന്നു, കാത്തുനിൽക്കാൻ കഴിയില്ലായിരുന്നു’ എന്ന മറുപടിയാണ് എമിറി നൽകിയത്.
മറ്റു മത്സരങ്ങളിൽ, ചെൽസി – ബോൺമത്ത് മത്സരം 2–2 സമനിലയായി. ന്യൂകാസിൽ 3–1ന് ബേൺലിയെ തോൽപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡും വോൾവർഹാംപ്ടനും (1–1) വെസ്റ്റ്ഹാമും ബ്രൈട്ടണും (2–2) സമനിലയിൽ പിരിഞ്ഞു.
English Summary:








English (US) ·