ആർസിബി ബാറ്റർമാർക്ക് സാമാന്യ ബോധം പോലുമില്ല, കരുതലില്ലാത്ത ബാറ്റിങ്: ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

9 months ago 9

ഓൺലൈൻ ഡെസ്ക്

Published: April 19 , 2025 04:15 PM IST

1 minute Read

kohli-1
ബെംഗളൂരു താരം വിരാട് കോലിയുടെ ബാറ്റിങ്

മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തില്‍ തോൽവി വഴങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ക്രീസിൽ നിലയുറപ്പിക്കുന്ന കാര്യത്തിൽ ആർസിബി ബാറ്റർമാർ ആരും സാമാധ്യബോധം പോലും കാണിച്ചില്ലെന്ന് സേവാഗ് പ്രതികരിച്ചു. ‘‘ബെംഗളൂരുവിന്റെ ബാറ്റിങ് വളരെ മോശമായിരുന്നു. എല്ലാവരും കരുതലില്ലാതെ ബാറ്റു ചെയ്തു വിക്കറ്റു കളഞ്ഞു. അവരുടെ ഒരു ബാറ്റർ പോലും മികച്ചൊരു പന്തിലല്ല പുറത്തായത്.’’– സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.

‘‘ഒരു ബാറ്ററെങ്കിലും സാമാന്യബോധം ഉപയോഗിച്ചു ബാറ്റു ചെയ്യണമായിരുന്നു. കുറച്ചു വിക്കറ്റുകൾ കയ്യിലുണ്ടായിരുന്നെങ്കിൽ അവർക്ക് 14 ഓവറിൽ 110, 120 റൺസൊക്കെ എളുപ്പത്തിൽ സ്വന്തമാക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. കുറച്ചു റൺസുണ്ടായിരുന്നെങ്കിൽ പൊരുതി നോക്കാനുള്ള സമയം ആർസിബിക്കു നേടിയെടുക്കാമായിരുന്നു.’’– സേവാഗ് വ്യക്തമാക്കി. ‌മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സ് അഞ്ച് വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. 

മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യത്തിലേക്ക് 12.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് എത്തി. 19 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന നേഹൽ വധേര പഞ്ചാബിന്റെ ടോപ് സ്കോററായി. ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചു വിജയങ്ങളുള്ള പഞ്ചാബിന് 10 പോയിന്റായി. നിലവിൽ രണ്ടാം സ്ഥാനക്കാരാണ് പഞ്ചാബ്. എട്ടു പോയിന്റുമായി ആർസിബി നാലാം സ്ഥാനത്തും തുടരുന്നു.

ആർസിബി 14 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ‍ 95 റൺസാണു നേടിയത്. 26 പന്തിൽ മൂന്ന് സിക്സറുകൾ അടക്കം 50 റൺസെടുത്തു പുറത്താകാതെനിന്ന ടിം ഡേവിഡിന്റെ ചെറുത്തുനിൽപാണ് വൻ‍ നാണക്കേടിൽനിന്ന് ബെംഗളൂരുവിനെ രക്ഷിച്ചത്. ആർസിബി നിരയിൽ ക്യാപ്റ്റൻ രജത് പാട്ടീദാറും രണ്ടക്കം കടന്നു. 18 പന്തുകൾ നേരിട്ട താരം 23 റൺസടിച്ചു. 42 റൺസെടുക്കുന്നതിനിടെ ബെംഗളൂരുവിന്റെ ഏഴു വിക്കറ്റുകൾ വീണു. ഭുവനേശ്വര്‍ കുമാർ (എട്ട്), ഫിൽ സോൾട്ട് (നാല്), ലിയാം ലിവിങ്സ്റ്റന്‍ (നാല്), ജിതേഷ് ശർമ (രണ്ട്), വിരാട് കോലി (ഒന്ന്), ക്രുനാൽ പാണ്ഡ്യ (ഒന്ന്), മനോജ് ബന്ധാകെ (ഒന്ന്) എന്നിവരെല്ലാം ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.

English Summary:

Virender Sehwag Brutally Slams RCB Batsmen For 'Lack Of Common Sense'

Read Entire Article