Published: November 08, 2025 07:20 AM IST Updated: November 08, 2025 09:00 AM IST
1 minute Read
ബെംഗളൂരു∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഇന്ത്യൻ പ്രിമിയർ ലീഗിലെയും (ഐപിഎൽ) വനിതാ പ്രിമിയർ ലീഗിലെയും (ഡബ്ല്യുപിഎൽ) ടീമുകൾ വിൽക്കാൻ ഉടമസ്ഥരായ ഡിയാജിയോ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ട്. 2 ബില്യൻ ഡോളറാണ് (ഏകദേശം 17000 കോടി രൂപ) നിലവിലെ ഐപിഎൽ ചാംപ്യൻമാരായ പുരുഷ ടീമിന്റെ വിൽപനയിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വിവരം.
അടുത്ത വർഷം മാർച്ചോടെ ഓഹരികൾ പൂർണമായും വിറ്റഴിക്കുമെന്നും ടീമിന് പുതിയ മാനേജ്മെന്റ് വരുമെന്നും റിപ്പോർട്ടുണ്ട്. വനിതാ ടീമിന്റെ വിൽപനയും ഇതിനകം പൂർത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 2012ൽ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ കമ്പനിയായ ഡിയാജിയോ യുഎസ്എലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി.
പിന്നാലെ മല്യയ്ക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കേസുകൾ വന്നതോടെ, 2016ൽ ഡിയാജിയോ യുഎസ്എലിനെ പൂർണമായി ഏറ്റെടുത്തു. ഇതോടെ ആർസിബി ടീം ഡിയാജിയോയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ സീസണിൽ ആർസിബി ഐപിഎൽ കിരീടം നേടിയതോടെ ടീം വിൽക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ടീം അധികൃതർ തന്നെ അതു നിഷേധിച്ചിരുന്നു.
English Summary:








English (US) ·