‘ആർസിബിക്ക് ഒരു എതിരാളി’: സൺറൈസേഴ്സിനെതിരെ 49 റൺസിന് ഓൾഔട്ടായി റോയൽസ്; രണ്ടു മത്സരങ്ങളിലും ഭാഗമായി ഒരു താരം

3 weeks ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 28, 2025 08:05 PM IST

1 minute Read

 X)
എസ്എ20 ടൂർണമെന്റിൽ പാൾ റോയൽസ്– സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ് മത്സരത്തിൽനിന്ന് (ചിത്രം: X)

ബോളൻഡ് പാർക്ക്∙ എസ്എ20 ടൂർണമെന്റിൽ നാണക്കേടിന്റെ റെക്കോർഡുമായി പാൾ റോയൽസ്. എസ്എ20 ടൂർണമെന്റ് നാലാം സീസണിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെതിരായ മത്സരത്തിൽ 49 റൺസിന് ഓൾഔട്ടായാണ് ഐപിഎലിലെ രാജസ്ഥാൻ റോയൽസ് ഉടമകളുടെ ടീമായ പാൾ റോയൽസ് നാണക്കേടിന്റെ റെക്കോർഡ് കുറിച്ചത്. എസ്എ20 ടൂർണമെന്റിൽ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. നാലാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഡേവിഡ് മില്ലറുടെ നേതൃത്വത്തിലുള്ള പാൾ റോയൽസ്, 11.5 ഓവറിൽ 49 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സൺറൈസേഴ്സിന് 137 റൺസിന്റെ വമ്പൻ ജയം.

ആസ ട്രൈബ് (14), കൈൽ വെറൈൻ (11) എന്നിവർ മാത്രമാണ് റോയൽസ് നിരയിൽ രണ്ടക്കം കടന്നത്. 13 റൺസ് മാത്രം വിട്ടുനൽകി നാലു വിക്കറ്റ് വീഴ്ത്തിയ ആൻറിച്ച് നോർട്യ, രണ്ടു വീതം വിക്കറ്റ് വീഴ്ത്തി ആദം മിൽനെ, തരിന്ദു രത്നായക, ഒരു വിക്കറ്റ് വീഴ്ത്തിയ സെനുരാൻ മുത്തുസാമി എന്നിവരാണ് റോയൽസ് ബാറ്റിങ് നിരയെ തകർത്തത്. മൂന്നു റൺസെടുക്കുന്നതിനിടെയാണ് റോയൽസിന്റെ അവസാന അഞ്ചു വിക്കറ്റുകൾ വീണത്. നേരത്തെ, അർധസെഞ്ചറി നേടിയ ജോർദൻ ഹെർമൻ (28 പന്തിൽ 62*), ഓപ്പണർ ക്വിന്റൻ ഡികോക്ക് (24 പന്തിൽ 42) എന്നിവരുടെ ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ്, നാലു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിൽ പാൾ റോയൽസ് 49 റൺസിനു പുറത്തായതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും മീമുകളും നിറഞ്ഞു, ഐപിഎലിൽ 49 റൺസിന് ഓൾഔട്ടായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവുമായി (ആർസിബി) താരതമ്യം ചെയ്തായിരുന്നു ട്രോളുകൾ. ‘ഒടുവിൽ, ആർസിബിക്ക് ഒരു ഒത്ത എതിരാളിയെ കിട്ടി’, ‘ഇത് ആർബിസിക്കുള്ള ട്രിബ്യൂട്ട്’ എന്നൊക്കെയാണ് ട്രോളുകൾ.

2017 സീസണിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആർസിബി 49 റൺസിന് ഓൾഔട്ടായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറാണിത്. കൊൽക്കത്ത ഉയർത്തിയ 132 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ക്രിസ് ഗെയ്ൽ, വിരാട് കോലി, എബി ഡിവില്ലിയേഴ്സ് തുടങ്ങിയ വമ്പൻ താരങ്ങൾ ഉൾപ്പെട്ട ആർസിബി ബാറ്റിങ് നിര 9.4 ഓവറിൽ 49 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

ആർസിബി നിരയിൽ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. 7 പന്തിൽ 9 റൺസ് നേടിയ കേദാർ ജാദവായിരുന്നു ടോപ് സ്കോറർ. ഒൻപതു റൺസെടുക്കുന്നതിനിടെയാണ് അവസാന അഞ്ച് വിക്കറ്റുകൾ വീണത്. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ നഥാൻ കോൾട്ടർ-നൈൽ, ക്രിസ് വോക്സ്, കോളിൻ ഡി ഗ്രാൻഡ്‌ഹോം എന്നിവരും ഒരു വിക്കറ്റെടുത്ത ഉമേഷ് യാദവുമാണ് ആർസിബി തകർത്തത്.

ന്യൂസീലൻഡ് താരമായ ആദം മിൽനെ ഈ രണ്ടു മത്സരങ്ങളുടെയും ഭാഗമായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 2017ൽ മിൽനെ, ആർസിബി ടീമിന്റെ ഭാഗമായിരുന്നെങ്കിലും പ്ലേയിങ് ഇലവനിലുണ്ടായിരുന്നു. എസ്എ20യിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനായി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ മിൽനെയും റോയൽസിന്റെ തകർച്ചയുടെ ഭാഗമായി.

English Summary:

Paarl Royals grounds the lowest people successful SA20 history. They were each retired for conscionable 49 runs against Sunrisers Eastern Cape. Social media is flooded with memes and trolls comparing this to RCB's infamous 49 all-out successful IPL.

Read Entire Article