ആർസിബിയുടെ ആ ‘മോഹം’ മോദി സ്റ്റേഡിയത്തിൽ പൊലിഞ്ഞു; ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോൽവി

1 month ago 6

അഹമ്മദാബാദ് ∙ രണ്ടു മത്സരങ്ങൾ ജയിച്ചു കഴിയുമ്പോൾ ഒരു തോൽവി– ഈ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ശീലം അതാണ്. ആ ശീലത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേ‍ഡിയത്തിലും മാറ്റമുണ്ടായില്ല. ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ നാലു വിക്കറ്റിനാണ് ആർസിബിയുടെ തോൽവി. ആർസിബി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (18 പന്തിൽ 43), ജോസ് ബട്‍‌ലർ (19 പന്തിൽ 39), അവസാനഘട്ടത്തിൽ തകർത്തടിച്ച രാഹുൽ തെവാത്തിയ (17 പന്തിൽ 27*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഗുജറാത്ത് കുഞ്ഞൻവിജയലക്ഷ്യം മറികടന്നത്. രണ്ടു വിക്കറ്റും രണ്ടു നിർണായക ക്യാച്ചുമെടുത്ത ജയ്‌സൻ ഹോൾഡറാണ് പ്ലെയർ ഓഫ് ദ് മാച്ച്. തോൽവിയോടെ, പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ആർസിബിയുടെ അവസരം നഷ്ടമായി. 12 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്താണ്. പത്തു പോയിന്റുമായി ഗുജറാത്ത് അഞ്ചാമതാണ്.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ സായ് സുദർശനെ (5 പന്തിൽ 6) നേരത്തെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തകർത്തടിച്ചതോടെ പവർപ്ലേയിൽ ഗുജറാത്ത് സ്കോർ കുതിച്ചു. രണ്ടാം ഓവറിൽ ഹെയ്‌സൽവുഡിനെതിരെ 24 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. അതിവേഗം അർധസെഞ്ചറിയിലേക്ക് കുതിച്ച ഗില്ലിനെ പവർപ്ലേ അവസാനിക്കും മുൻപു തന്നെ ഭുവനേശ്വർ കുമാർ വിരാട് കോലിയുടെ കൈകളിൽ എത്തിച്ചു. 18 പന്തിൽ മൂന്നു സിക്സും നാലും ഫോറുമടക്കം 43 റൺസാണ് ഗിൽ നേടിയത്. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 69 എന്ന നിലയിലായിരുന്നു ഗുജറാത്ത്.

മൂന്നാം വിക്കറ്റിൽ ജോസ് ബട്‍ലർ– വാഷിങ്ടൻ സുന്ദർ സഖ്യം 35 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ ബട്‌ലറെ ബൗൾഡൗക്കി ഭുവനേശ്വർ കുമാർ തന്നൊണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. ഇതോടെ ഗുജറാത്ത് ഇന്നിങ്സ് മന്ദഗതിയിലായി. 11–ാം ഓവറിൽ ഷാറൂഖ് ഖാനെയും (8 പന്തിൽ 8) വാഷിങ്ടൻ സുന്ദറിനെയും (12 പന്തിൽ 12) വീഴ്ത്തി റൊമാരിയോ ഷെപ്പേർഡിന്റെ ഇരട്ടപ്രഹരം. എങ്കിലും കുഞ്ഞൻ വിജയലക്ഷ്യം എത്തിപ്പിടിക്കുന്നതിൽനിന്നു ഗുജറാത്തിനെ തടയാൻ ബെംഗളൂരുവിനായില്ല. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രാഹുൽ തെവാത്തിയയും (17 പന്തിൽ 27*) റാഷിദ് ഖാനും (6 പന്തിൽ 7*) ചേർന്ന് ഗുജറാത്തിനെ സീസണിലെ അഞ്ചാം ജയത്തിലെത്തിച്ചു. 4 ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ ബോളിങ്ങിൽ തിളങ്ങി. 17 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ് ഭുവനേശ്വർ.

∙ ആർസിബി ഓൾഔട്ട്!ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 19.2 ഓവറിൽ 155 റൺസിന് ഓൾഔട്ടാകുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷദ് ഖാൻ, രണ്ടു വീതം വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാൻ, ജയ്സൻ ഹോൾഡർ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാാജ്, കഗീസോ റബാദ എന്നിവരാണ് ബെംഗളൂരുവിനെ തകർത്തത്. ഈ സീസണിൽ ആദ്യമായാണ് ആർസിബി ഓൾഔട്ടാകുന്നത്. ഒരുഘട്ടത്തിൽ 2ന് 71 എന്ന ശക്മായ നിലയിൽനിൽക്കെയാണ് ആർസിബി 155ന് ഓൾഔട്ടായത്. ദേവ്ദത്ത് പടിക്കൽ (24 പന്തിൽ 40) ആണ് ആർസിബിയുടെ ടോപ് സ്കോറർ. വിരാട് കോലി 13 പന്തിൽ 28 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ രജത് പാട്ടീദാർ 15 പന്തിൽ 19 റൺസെടുത്തു.

English Summary:

IPL 2026: Gujarat Titans vs Royal Challengers Bengaluru, Live Score

Read Entire Article