Published: January 18, 2026 03:33 PM IST Updated: January 18, 2026 03:42 PM IST
2 minute Read
ബെംഗളൂരു ∙ നവംബറിൽ, വനിതാ പ്രിമിയർ ലീഗ് നാലാം സീസണിനു മുന്നോടിയായി നടന്ന മെഗാ താരലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഏറ്റവും കൂടുതൽ പണം മുടക്കിയത് ഒരു ബോളർക്കു വേണ്ടിയാണ്. ഇംഗ്ലിഷ് പേസർ ലോറൻ ബെല്ലിനെ ടീമിലെത്തിക്കാൻ 90 ലക്ഷം രൂപയാണ് ആർസിബി മുടക്കിയത്. ഡബ്ല്യുപിഎൽ നാലാം സീസണിൽ ആദ്യ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ, മുടക്കിയ പണം വസൂൽ ആയതിന്റെ സന്തോഷത്തിലാണ് ടീമും ആരാധകരും. ടൂർണമെന്റിൽ അപരാജിത കുതിപ്പ് നടത്തുന്ന ആർസിബിയുടെ എല്ലാം വിജയങ്ങൾക്കും നിർണായക സംഭവന നൽകിയത് മറ്റാരുമല്ല. വൻ തുക മുടക്കി ടീമിലെത്തിച്ച ലോറൻ ബെൽ തന്നെ.
നാല് മത്സരങ്ങളിൽനിന്നു എട്ടു വിക്കറ്റുമായി വിക്കറ്റു വേട്ടക്കാരിൽ നാലാം സ്ഥാനത്താണെങ്കിലും റൺസ് വിട്ടുകൊക്കുന്നതിൽ ഏറ്റവും ‘പിശുക്കി’ ലോറൻ തന്നെ. ഇതുവരെ 96 പന്തുകളെറിഞ്ഞ ലോറൻ, വെറും 85 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. വിക്കറ്റു വേട്ടക്കാരിൽ ആദ്യ പത്തു സ്ഥാനങ്ങളിലുള്ളവരിൽ നൂറിൽ താഴെ റൺസ് വിട്ടുകൊടുത്തത് ലോറൻ മാത്രമാണ്. സീസണിലെ ആദ്യ ഓവർ ‘മെയ്ഡൻ’ ആക്കിയാണ് ലോറൻ തുടങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ 19 ഡോട്ട് ബോളുകളാണ് താരം എറിഞ്ഞത്.
ആദ്യ രണ്ടു മത്സരങ്ങളിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ലോറൻ, പിന്നീടു നടന്ന രണ്ടു മത്സരങ്ങളിലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ശനിയാഴ്ച ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ലോറൻ, പിന്നീട് മിന്നുംഫോമിൽ കളിച്ച ഷഫാലി വർമയെയും പുറത്താക്കുകയായിരുന്നു.
2025 ഇംഗ്ലിഷ് 100 ബോൾ വനിതാ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന നേട്ടമാണ് 25 വയസ്സുകാരിയായ ലോറൻ ബെല്ലിനെ ഫ്രാഞ്ചൈസി ക്ലബുകളുടെ‘നോട്ടപ്പുള്ളി’ ആക്കിയത്. ഇംഗ്ലിഷ് 100 ബോൾ ലീഗിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരവും ഏറ്റവും മികച്ച ഇക്കോണമി റേറ്റുമുള്ള താരമാണ് ലോറൻ ബെൽ. ന്യൂ ബോളിലും ഡെത്ത് ഓവറുകളിലും ഒരേ മികവോടെ പന്തെറിയാനുള്ള കഴിവാണ് ലോറനെ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിലൊരാളാക്കുന്നത്. പുരുഷ ഓസീസ് താരം ജോഷ് ഹെയ്‍സൽവുഡിനോടാണ് ലോറൻ ബെല്ലിനെ പലരും താരതമ്യപ്പെടുത്തുന്നത്.
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 2022ൽ ഇന്ത്യയ്ക്കെതിരെ അരങ്ങേറിയ ലോറൻ ബെൽ, നിലവിൽ എല്ലാ ഫോർമാറ്റിലും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരമംഗമാണ്. 36 ട്വന്റി20 മത്സരങ്ങളിൽനിന്ന് 50 വിക്കറ്റ് നേടിയ ലോറൻ, 31 ഏകദിനങ്ങളിൽനിന്ന് 44 വിക്കറ്റവും അഞ്ച് ടെസ്റ്റുകളിൽനിന്ന് 18 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ കിരീടം ചൂടിയ കഴിഞ്ഞ വർഷത്തെ വനിതാ ഏകദിന ലോകകപ്പിലും ലോറൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
∙ ആർസിബിക്ക് ഒരു ‘ക്രഷ്’ കൂടിആർസിബിക്കു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിനു പിന്നാലെ ലോറൻ ബെല്ലിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായത്. മത്സരത്തിനു പിന്നാലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു മില്യൻ (പത്തു ലക്ഷം) കവിഞ്ഞതിന്റെ സന്തോഷം ലോറൻ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. പ്രകടനം കൊണ്ടു മാത്രമല്ല, ലുക്സ് കൊണ്ടും ലോറൻ ബെൽ ആരാധകരുടെ മനംകവർന്നതായാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.
ആർസിബി താരങ്ങളായ സ്മൃതി മന്ഥനയും എലിസ് പെറിയും ഏറ്റവും കൂടുതൽ ആരാധകരുള്ള വനിതാ ക്രിക്കറ്റർമാരിൽ രണ്ടുപേരാണ്. ഇവർക്കിടയിലേക്കാണ് ഇപ്പോൾ ലോറൻ ബെല്ലും എത്തുന്നത്. നാലാം സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഓസീസ് താരമായ എലിസ് പെറി ഡബ്ല്യുപിഎലിൽനിന്നു പിന്മാറിയത്. രണ്ടു കോടി രൂപയ്ക്കായിരുന്നു താരത്തെ ആർസിബി നിലനിർത്തിയിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ഈ വർഷത്തെ ഡബ്ല്യുപിഎലിൽനിന്നു പിന്മാറുന്നതായാണ് എലിസ് പെറി അറിയിച്ചത്. എന്നാൽ ലോറൻ എത്തിയതോടെ എലിസ് പെറിയുടെ വിടവ് നികന്നെന്നാണ് ഒരുകൂട്ടം സൗന്ദര്യ ആരാധകരുടെ പക്ഷം.
English Summary:








English (US) ·