Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•4 Jun 2025, 11:47 am
ഐപിഎൽ 2025 ഫൈനൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി കന്നി കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പ്രശംസിച്ച് നിരവധിപേർ ആണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിരവൈരികളായ സിഎസ്കെയും ആർസിബിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഹൈലൈറ്റ്:
- കന്നി കിരീടം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
- പഞ്ചാബിനെ തകർത്താണ് കന്നി കിരീടം നേടുന്നത്
- ആർസിബിയ്ക്ക് വിസിൽപോട്ട് സിഎസ്കെ
ആർസിബി, സിഎസ്കെ (ഫോട്ടോസ്- Samayam Malayalam) ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ആർസിബി ജയിക്കുന്നതും ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സിഎസ്കെ ജയിക്കുന്നതും രാജകീയ അനുഭവമാണ് ആരാധകർക്ക് നൽകുന്നത്. ഐപിഎല്ലിൽ ഇതുവരെ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ ടീം ആണ് ചെന്നൈ. എന്നാൽ ഈ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ചെന്നൈയ്ക്ക് സാധിച്ചത്.
ആർസിബിയ്ക്ക് 'വിസിൽപോട്ട്' ധോണിയുടെ മഞ്ഞപ്പട; ഫാൻ ഫൈറ്റുകൾ മാറ്റിനിർത്തി ആഘോഷം; വൈറലായി സിഎസ്കെ പോസ്റ്റ്
ഇപ്പോഴിതാ ആർസിബിയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎൽ 2025 ൽ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയ ആർസിബിയെ പ്രശംസിക്കുന്ന തിരക്കിലാണ് ഏവരും. പ്രമുഖ സ്പോർട്സ് താരങ്ങളും സിനിമ താരങ്ങളും എല്ലാം ആ കൂട്ടത്തിലുണ്ട്.
നെഞ്ചിടിപ്പ് ഉയർത്തുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നത്. ടോസ് നേടിയത് മുതൽ കളിയുടെ ഒരു ഘട്ടത്തിൽ വരെ പഞ്ചാബ് കിങ്സിനായിരുന്നു ആധിപത്യം. എന്നാൽ ആർസിബി ബൗളർ കൃണാൽ പാണ്ഡ്യ കളിയുടെ ഗതി പതിയെ തിരിച്ചുപിടിച്ചു. ഡോട്ട് ബോളുകൾ എറിയാനാണ് കൃണാൽ ശ്രമിച്ചത്. ആ ശ്രമം വിജയിക്കുകയും ചെയ്‌തു. ഒപ്പം 2 വിക്കറ്റുകൾ കൂടി സ്വന്തമാക്കിയതോടെ മത്സരം ആർസിബിയുടെ കൈകളിൽ ഒതുങ്ങി.
ഇന്നിപ്പോൾ ചരിത്രപരമായ വിജയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്. പോഡിയത്തിൽ കപ്പ് ഉയർത്തി നിൽക്കുന്ന ആർസിബി താരങ്ങളുടെ ഫോട്ടോ പങ്കുവെച്ചാണ് ചെന്നൈ ആശംസ അറിയിക്കുന്നത്. 'ആദ്യ കിരീടം നേടുന്ന ആർസിബിയ്ക്ക് അഭിനന്ദനങ്ങൾ #വിസിൽപോഡ്' എന്നായിരുന്നു ചെന്നൈയുടെ പോസ്റ്റ്.
നിമിഷം നേരംകൊണ്ടാണ് പോസ്റ്റ് ആരാധകർ ഏറ്റെടുത്തത്. ഐപിഎൽ ആരംഭിച്ചതിന് ശേഷം ആദ്യമായി ബെംഗളൂരു ചെന്നൈയെ രണ്ട് തവണ പരാജയപ്പെടുത്തിയ സീസൺ ആണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. അതിൽ തന്നെ ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ ആർസിബി വർഷങ്ങൾക്കു ശേഷം ജയം സ്വന്തമാക്കിയത് ചെന്നൈ ആരാധകരെ നന്നേ ഞെട്ടിച്ചിരുന്നു.
ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ മാത്രമല്ല, ഇത്തവണ ഒരു എവേ മത്സരത്തിൽ പോലും പരാജയപെടാതെയാണ് ആർസിബി തങ്ങളുടെ സീസൺ അവസാനിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നിലവിൽ കന്നി കിരീടം നേടിയ ആഘോഷത്തിലാണ് ആർസിബിയും ആർസിബിയുടെ ആരാധകരും.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·