07 June 2025, 06:42 PM IST

ശുഭ്മാൻ ഗിൽ മുംബൈ വിമാനത്താവളത്തിൽ | ANI
ലണ്ടന്‍: മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ പുതിയ ടീമുമായാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം കളിക്കുന്നത്. ശനിയാഴ്ച നായകന്‍ ശുഭ്മാന്‍ ഗില്ലടക്കമുള്ളവര്‍ ഇംഗ്ലണ്ടിലെത്തി. എന്നാല്‍ താരങ്ങളെ വരവേല്‍ക്കാനായി ഒരു ആരാധകന്‍ പോലും വിമാനത്താവളത്തിലെത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ ജേണലിസ്റ്റ് വിമല്‍ കുമാറാണ് യുട്യൂബിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആരാധകര്‍ക്കുപുറമേ മാധ്യമപ്രവര്‍ത്തകരും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം കോലിയുൾപ്പെട്ട ടീം കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര കളിക്കാനായി ഓസ്ട്രേലിയയിലെത്തിയപ്പോൾ ആരാധകർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ലണ്ടനിലെത്തിയ ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ ബിസിസിഐ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഞ്ചുമത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയതായി വീഡിയോ പങ്കുവെച്ചുകൊണ്ട് ബിസിസിഐ കുറിച്ചു.
രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മുതിര്‍ന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍ റോളിലും നാലാ നമ്പറിലും ബിസിസിഐക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും ഓപ്പണറായി ഇറങ്ങിയേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സായ് സുദര്‍ശന്‍ വണ്‍ ഡൗണായും നായകന്‍ ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലും കളിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യ എയ്ക്കായി രണ്ടാം ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ സെഞ്ചുറി തികച്ചിരുന്നു.
Content Highlights: No Fans Turn Up To Welcome squad india successful england report








English (US) ·