20 June 2025, 08:50 PM IST
.jpg?%24p=2ea7e4d&f=16x10&w=852&q=0.8)
വിരാട് കോലി | AFP
ന്യൂഡൽഹി: മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും വിരമിച്ചതോടെ തലമുറ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യ. പുത്തൻ സംഘവുമായാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് പോയത്. ആദ്യ ടെസ്റ്റിൽ സായ് സുദർശൻ, കരുൺ നായർ ഉൾപ്പെടെയുള്ളവരുണ്ട്. നായകൻ ഗില്ലാണ് കോലിയുടെ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത്. ഇപ്പോഴിതാ വിരാട് കോലി ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കാത്തത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കേൽ വോൺ. കോലിക്ക് ഇംഗ്ലണ്ടിലെ ശരാശരി 33 മാത്രമാണെന്നും അതിനാൽ ഇന്ത്യൻ ടീം വലിയതോതിൽ കോലിയുടെ ബാറ്റിങ് മിസ് ചെയ്യില്ലെന്നും വോൺ പറയുന്നു.
'കോലി ഒരു ഇതിഹാസമാണ്. ഈ ഇന്ത്യൻ ടീമിന് ചുറ്റും ഒരു സംസ്കാരം രൂപപ്പെടുത്തിയെടുത്ത വ്യക്തിയാണ്. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം ടീമിന് കൊണ്ടുവന്ന ഊർജ്ജം ഇപ്പോഴും ടീമിലുണ്ട്. എന്നാൽ യു.കെ.യിൽ അദ്ദേഹത്തിന്റെ ശരാശരി വെറും 33 ആയിരുന്നു. 33 ശരാശരിയുള്ള ഒരാളെ നിങ്ങൾ വലിയ തോതിൽ മിസ് ചെയ്യില്ല. എന്നാൽ ഡ്രസ്സിങ് റൂമിലേക്ക് ഇത്രയധികം കാര്യങ്ങൾ കൊണ്ടുവന്ന ഒരാളെ നിങ്ങൾ മിസ് ചെയ്യും.'- വോൺ ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.
നിലവിലെ ഇന്ത്യൻ കളിക്കാരെക്കുറിച്ച് വോൺ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. 'ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ വരുന്ന താരങ്ങൾ വളരെ മികച്ചവരാണ്. ഒരു പക്ഷേ പുതിയ തലമുറ അവസരത്തിന് കാത്തിരിക്കുകയായിരുന്നു. അവർ മികച്ച പ്രകടനം നടത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും' അദ്ദേഹം പറഞ്ഞു.
2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.
Content Highlights: mean 33 successful uk Michael Vaughan Makes Controversial Statement Virat Kohlis Retirement








English (US) ·