06 August 2025, 03:00 PM IST
.jpg?%24p=e1fbeed&f=16x10&w=852&q=0.8)
മുഹമ്മദ് സിറാജിന്റെ വിജയാഘോഷം | AP
കെന്നിങ്ടണ്‍: ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. താരം 12 സ്ഥാനം മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി. ഐസിസി പുതുതായി പ്രഖ്യാപിച്ച റാങ്കിങ് പട്ടികയിലാണ് താരം ആദ്യ പതിനഞ്ചില്‍ ഇടംപിടിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമാണ് താരത്തിന് നേട്ടമായത്.
സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ് ആണിത്. നേരത്തേ താരം 16-ാം സ്ഥാനത്തുവരെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ നേട്ടം. ടെസ്റ്റ് ബൗളര്‍മാരില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാമത്. പ്രോട്ടീസ് താരം കഗിസോ റബാദ രണ്ടാമതും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നാമതുമാണ്.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ അഞ്ചാം ദിനം സിറാജ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജ് തന്നെ.
പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസർ കൂടിയാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയാണ് താരം. വര്‍ക്ക് ലോഡിനെ പറ്റിയുള്ള ചര്‍ച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിര്‍ണായകസംഭാവനകള്‍ നല്‍കുന്ന പേസർ.. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്.
Content Highlights: Mohammed Siraj vocation champion trial ranking oval heroics








English (US) ·