ഇംഗ്ലണ്ടിനെ 367ന് ഓൾഔട്ടാക്കി, സിറാജിന് അഞ്ച് വിക്കറ്റ്; അഞ്ചാം ദിനം ഇന്ത്യയ്ക്ക് നാടകീയ വിജയം

5 months ago 5

മനോരമ ലേഖകൻ

Published: August 04 , 2025 04:09 PM IST Updated: August 05, 2025 09:50 AM IST

2 minute Read

india-celebrations
ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷം. Photo: X@BCCI

ലണ്ടൻ∙ ടെസ്റ്റിൽ എന്റർടെയിൻമെന്റ് ഇല്ലെന്ന് ആരു പറഞ്ഞു? പരുക്കേറ്റു പുറത്തിരുന്ന താരത്തെ വരെ എതിരാളികൾ ഇറക്കിനോക്കിയിട്ടും ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ നാടകീയതകളും ട്വിസ്റ്റും ചേർന്ന പോരാട്ടത്തിനൊടുവിൽ മാത്രം ഇന്ത്യയെ വിജയികളായി തീരുമാനിക്കപ്പെട്ടൊരു കളി. ഓരോ ദിനവും വിജയ സാധ്യതകൾ മാറിമറിഞ്ഞ് അഞ്ചാം ദിനം ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യയുടെ വിജയാവേശം. അടുത്ത കാലത്തൊന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടാകില്ല. ട്വന്റി20യിലും മികച്ച ത്രില്ലിങ് പോരാട്ടം കണ്ട ഓവലിൽ വിജയക്കുതിപ്പുമായി യുവ ഇന്ത്യ.

അവസാന ദിവസം വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ ഇന്ത്യയ്ക്ക് അഞ്ചാം ടെസ്റ്റിൽ ആറു റൺസ് വിജയം. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 85.1 ഓവറിൽ 367 റൺസിനാണ് ഇന്ത്യ ഓൾ‌ഔട്ടാക്കിയത്. വിജയത്തോടെ പരമ്പര 2–2ന് സമനിലയിലാക്കാൻ ഇന്ത്യയ്ക്കു സാധിച്ചു.

IND

224-10, 396-10

ENG

247-10, 367-10

രണ്ടാം ഇന്നിങ്സിൽ 30.1 ഓവറുകൾ പന്തെറിഞ്ഞ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് 104 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നാലു വിക്കറ്റുകൾ നേടിയ സിറാജ് ആകെ ഒൻപതു വിക്കറ്റുകളാണ് ഓവലിൽ വീഴ്ത്തിയത്. മുഹമ്മദ് സിറാജ് കളിയിലെ താരമായപ്പോൾ, ഹാരി ബ്രൂക്കും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് പ്ലേയർ ഓഫ് ദ് സീരീസ്.തിങ്കളാഴ്ച കളി തുടങ്ങിയതിനു പിന്നാലെ ജെയ്മി സ്മിത്ത് (രണ്ട്), ജെയ്മി ഓവര്‍ടൻ (ഒൻപത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയുടെ വരുതിയിലാക്കി. സ്കോർ 347 ൽ നിൽക്കെ ജെയ്മി സ്മിത്തിനെ സിറാജ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. 354 ൽ ജെയ്മി ഓവര്‍ടൻ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.

ജോഷ് ടോങ്ങിനെ പ്രസിദ്ധ് കൃഷ്ണ ബോൾ‍ഡാക്കിയതോടെ ഇംഗ്ലണ്ടിന് ഒൻപതാം വിക്കറ്റും നഷ്ടം. പരുക്കേറ്റ് പുറത്തിരിക്കുന്ന ക്രിസ് വോക്സ് ഇതോടെ പാഡും കെട്ടി ഒറ്റക്കയ്യിൽ ബാറ്റു ചെയ്യാനിറങ്ങി. പരുക്കേറ്റ കൈയ്യിൽ ബാൻഡേജുമായാണ് വോക്സ് ഗ്രൗണ്ടിലിറങ്ങിയത്. 84–ാം ഓവറിലെ ആദ്യ പന്തിൽ ഗസ് അക്കിൻസന്‍ സിറാജിനെ സിക്സർ പറത്തി ഇന്ത്യയെ ഞെട്ടിച്ചു. ക്രിസ് വോക്സിന് സ്ട്രൈക്ക് കിട്ടാതിരിക്കാൻ മുഴുവൻ സമയവും ബൗണ്ടറികളും ഡബിളുകളും ലക്ഷ്യമിട്ടായിരുന്നു അക്കിൻസണിന്റെ കളി.

CRICKET-ENG-IND

മുഹമ്മഹ് സിറാജിനെ കെട്ടിപ്പിടിച്ച് വിജയമാഘോഷിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. Photo: HENRY NICHOLLS / AFP

ഓവറുകളുടെ അവസാന പന്തിൽ ഒരു സിംഗിൾ വീതവും എടുക്കും. എന്നാൽ തകര്‍ത്തെറിഞ്ഞ ഇന്ത്യൻ പേസർമാർക്കു മുന്നിൽ ഈ തന്ത്രം ഒരുപാടു നേരം വാണില്ല. 85–ാം ഓവര്‍ വരെ മാത്രമാണ് ഇംഗ്ലണ്ട് അതിജീവിച്ചത്. ഓവറിലെ ആദ്യ പന്തിൽ അക്കിൻസണിന്റെ വിക്കറ്റ് തെറിപ്പിച്ച് സിറാജ് ഇന്ത്യയുടെ വിജയമുറപ്പിച്ചു. 29 പന്തുകൾ നേരിട്ട അക്കിൻസന്‍ 17 റൺസെടുത്തു പുറത്തായി. പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റുകളും ആകാശ്ദീപ് ഒരു വിക്കറ്റും നേടി.

ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ് അവസാന ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും ഇന്നിങ്സുകളാണ് ഞായറാഴ്ച കളി ഇംഗ്ലണ്ടിന്റെ കയ്യിലെത്തിച്ചത്. 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 111 റൺസെടുത്തു. 152 പന്തുകളിൽനിന്ന് ജോ റൂട്ട് 105 റൺസടിച്ചു. 12 ഫോറുകളാണ് റൂട്ട് ബൗണ്ടറി കടത്തിയത്. 106ന് മൂന്ന് എന്ന നിലയിൽനിന്ന് ഇംഗ്ലണ്ടിനെ 300 കടത്തിയാണ് ബ്രൂക്ക്– റൂട്ട് സഖ്യം പിരിഞ്ഞത്. ബെൻ ഡക്കറ്റ് (83 പന്തിൽ 54), ഒലി പോപ് (34 പന്തിൽ 27), സാക് ക്രൗലി (36 പന്തിൽ 14) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ.

CRICKET-ENG-IND

ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം. Pjhoto: HENRYNICHOLLS/AFP

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 164 പന്തുകൾ നേരിട്ട ജയ്സ്വാൾ രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടന്‍ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവർ അര്‍ധ സെഞ്ചറികൾ നേടി. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 69.4 ഓവറിൽ 224 റൺസെടുത്തു പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 51.2 ഓവറിൽ 247 റൺസടിച്ചു.

india-siraj

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

siraj-2

മുഹമ്മദ് സിറാജിന്റെ ആഹ്ലാദം. Photo: X@BCCI

English Summary:

England vs India, 5th Test, India circuit of England, 2025, Day 5 - Live Updates

Read Entire Article