ഇംഗ്ലണ്ടിനെ മധ്യനിര കാത്തു, ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വിജയം; 5 സെഞ്ചറി‌ നേടിയ ടീം ടെസ്റ്റ് മത്സരം തോൽക്കുന്നത് ഇതാദ്യം

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 24 , 2025 05:32 PM IST Updated: June 25, 2025 01:52 AM IST

2 minute Read

 X@BCCI
ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെ. Photo: X@BCCI

ലീഡ്സ് ∙ 5 സെഞ്ചറി, 2 ഇന്നിങ്സിലും 350ന് മുകളിൽ ടീം സ്കോർ. ബാറ്റർമാർ എത്ര വലിയ ലക്ഷ്യമുയർത്തിയാലും കളി തോൽപിക്കാനുള്ള ‘ടീം മികവ്’ തങ്ങൾക്കുണ്ടെന്ന് ഇന്ത്യൻ ബോളർമാർ ഒരിക്കൽക്കൂടി തെളിയിച്ചു. 371 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽവച്ചിട്ടും ഇംഗ്ലണ്ടിന്റെ വിജയത്തിന് തടയിടാൻ ഇന്ത്യൻ ബോളിങ് നിരയ്ക്കായില്ല. ലീഡ്സ് ടെസ്റ്റിൽ 5 വിക്കറ്റിന്റെ ജയത്തോടെ ഇംഗ്ലണ്ട് 5 ടെസ്റ്റ് പരമ്പരയിൽ ലീഡെടുത്തു (1–0). സെഞ്ചറിയുമായി തിളങ്ങിയ ഓപ്പണർ ബെൻ ഡക്കറ്റിന്റെ ഇന്നിങ്സാണ് (149) ഇന്ത്യയുടെ വിജയമോഹങ്ങൾ തല്ലിക്കെടുത്തിയത്. സാക് ക്രൗലി (65), ജോ റൂട്ട് (53 നോട്ടൗട്ട്), ജാമി സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങും നിർണായകമായി. ഫീൽഡിങ്ങിലെ തുടർ പിഴവുകളും ജസ്പ്രീത് ബുമ്ര ഇന്നലെ വിക്കറ്റ് നേടാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ആദ്യ മൂന്നര ദിവസം ഇന്ത്യയുടെ കൈപ്പിടിയിലായിരുന്ന മത്സരമാണ് അവസാന നിമിഷത്തെ പോരാട്ട മികവിൽ ഇംഗ്ലണ്ട് തിരിച്ചുപിടിച്ചത്. 2 ഇന്നിങ്സുകളിലായി 5 സെഞ്ചറി നേടിയ ടീം മത്സരം തോൽക്കുന്നത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമാണ്. 2 ഇന്നിങ്സുകളിലും മധ്യനിര ബാറ്റിങ്ങിലുണ്ടായ അപ്രതീക്ഷിത കൂട്ടത്തകർച്ചയ്ക്ക് ഇന്ത്യ നൽകേണ്ടിവന്ന വിലകൂടിയാണ് ഈ തോൽവി. ഒരു സെഞ്ചറിയും അർധ സെഞ്ചറിയും നേടിയ ബെൻ ഡക്കറ്റാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മികച്ച റൺചേസാണിത്. 2022ൽ ഇന്ത്യയ്ക്കെതിരെ 378 റൺസ് വിജയലക്ഷ്യം കീഴടക്കിയതാണ് ഒന്നാമത്. രണ്ടാം ടെസ്റ്റ് ജൂലൈ 2 മുതൽ ബിർമിങ്ങാമിൽ.

വിക്കറ്റില്ലാതെ 42 ഓവർ

india

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ

വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന സ്കോറിൽ അഞ്ചാംദിനം ആരംഭിക്കുമ്പോൾ വിജയത്തിലേക്ക് 350 റൺസിന്റെ ദൂരമുണ്ടായിരുന്നു ഇംഗ്ലണ്ടിന്. ഇന്ത്യയ്ക്ക് ജയം 10 വിക്കറ്റ് അകലെയും. ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ പേസർമാരും സ്പിന്നർ രവീന്ദ്ര ജഡേജയും ആഞ്ഞു പൊരുതിയിട്ടും ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് – സാക് ക്രൗലി ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ ആദ്യ സെഷനിൽ ഇന്ത്യയ്ക്കായില്ല. 42 ഓവർവരെ പതറാതെ പിടിച്ചുനിന്ന് ബോളർമാരെ തളർത്തിയ ഓപ്പണർമാർ, ഒന്നാം വിക്കറ്റിൽ 188 റൺസ് നേടിയതോടെ വിജയത്തിലേക്കുള്ള പാതിദൂരം ഇംഗ്ലണ്ട് പിന്നിട്ടിരുന്നു.


അവസാന ദിനത്തിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ അവസരങ്ങൾ കിട്ടിയത് രണ്ടാം സെഷനിൽ മാത്രമാണ്. മഴയ്ക്കുശേഷം പിച്ചിനുണ്ടായ സ്വഭാവ മാറ്റം മുതലെടുത്ത് പ്രസിദ്ധ് കൃഷ്ണ തന്റെ 2 ഓവറുകൾക്കിടെ 2 വിക്കറ്റുകൾ പിഴുതതോടെ ഇന്ത്യ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. പക്ഷേ അനായാസ ബാറ്റിങ്ങിലൂടെ സ്കോറുയർത്തിയ ബെൻ ഡക്കറ്റിന്റെ ഇടംകൈ ബാറ്റിങ്, ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ മതിൽകെട്ടി. വ്യക്തിഗത സ്കോർ 97ൽ നിൽക്കെ ഡക്കറ്റിന്റെ ക്യാച്ച് കൈവിട്ട് യശസ്വി ജയ്സ്വാളും ഇംഗ്ലണ്ടിനെ സഹായിച്ചു.

2 പന്തുകൾ, 2 വിക്കറ്റ്

 X@BCCI

സെഞ്ചറി നേടിയ ഋഷഭ് പന്തിന്റെ ആഹ്ലാദം. Photo: X@BCCI

ഇംഗ്ലണ്ട് അനായാസ വിജയമുറപ്പിക്കുമെന്നു കരുതിയിരിക്കെ ഷാർദൂൽ ഠാക്കൂറിന്റെ 2 പന്തുകളിലൂടെ രണ്ടാം സെഷനിലെ അവസാന ഓവറുകളിൽ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു. 55–ാം ഓവറിൽ ഡക്കറ്റിനെ ഷോട്‌ കവറിൽ നിതീഷ്കുമാർ റെഡ്ഡിയുടെ കൈകളിലെത്തിച്ച ഷാർദൂൽ തൊട്ടടുത്ത പന്തിൽ അപകടകാരിയായ ഹാരി ബ്രൂക്കിനെയും (0) പുറത്താക്കിയതോടെ ഇന്ത്യ ആവേശത്തിലായി. 6 വിക്കറ്റ് ശേഷിക്കെ 118 റൺസായി മത്സര സമവാക്യം മാറിയെങ്കിലും ജോ റൂട്ടിന്റെ പരിചയ സമ്പത്തിന്റെ കരുത്തിൽ ഇംഗ്ലണ്ട് അപകട നില തരണം ചെയ്തു. അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സിനൊപ്പം (33) 49 റൺസ് നേടിയ ജോ റൂട്ട് ആറാം വിക്കറ്റിൽ ജാമി സ്മിത്തിനൊപ്പം (44) 71 റൺസും നേടി ടീമിന്റെ വിജയമുറപ്പിച്ചു. ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ഇന്നലെ 19 ഓവറുകൾ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല. 15 ഓവറിൽ 92 റൺസ് വഴങ്ങിയ പ്രസിദ്ധിനെയും 10 ഓവറിൽ 51 റൺസ് വഴങ്ങിയ ഷാർദൂലിനെയും തിരഞ്ഞുപിടിച്ച് ആക്രമിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോറിങ്. 24 ഓവറിൽ 104 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയ്ക്കും ഇംപാക്ട് ഉണ്ടാക്കാനായില്ല.

rahul-cele

സെഞ്ചറി നേടിയ കെ.എൽ. രാഹുലിന്റെ ആഹ്ലാദം

English Summary:

India vs England, First Test Day Five Updates

Read Entire Article