ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഹര്‍ഷിത് റാണയെ ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കി 

6 months ago 7

26 June 2025, 12:41 PM IST

harshit rana

Photo| AP

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനു പിന്നാലെ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ബുധനാഴ്ച ബര്‍മിങ്ഹാമില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഹര്‍ഷിത് ടീമിനൊപ്പം ചേരില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹര്‍ഷിതിനെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂചന നല്‍കി ഒരു ദിവസത്തിന് ശേഷമാണ് നടപടി. ഹര്‍ഷിതിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നായിരുന്നു ഗംഭീര്‍ പ്രതികരിച്ചത്.

ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഹർഷിത് റാണയുടെ പേരുണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് രണ്ടുദിവസംമുന്‍പ് അപ്രതീക്ഷിതമായാണ് ഹര്‍ഷിത് ടീം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പുള്ള ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു ഹര്‍ഷിത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തോട് പിന്നീട് ടീമില്‍ ഒരു ബാക്കപ്പ് പേസറായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് റാണ അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്‌സില്‍ മൂന്നുവിക്കറ്റുവീഴ്ത്തി മികച്ച പ്രകടനം നടത്തി. പക്ഷേ, രണ്ടാം ഇന്നിങ്‌സിലും തൊട്ടടുത്ത ടെസ്റ്റിലും നിറംമങ്ങിയതോടെ ടീമില്‍ നിലനില്‍ക്കാനായില്ല. ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീതം ബുംറയൊഴികെ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍ക്കൊന്നും ആദ്യടെസ്റ്റില്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ല. ടെസ്റ്റിന്റെ അവസാനദിവസം ആതിഥേയര്‍ 371 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ആധികാരികമായി ജയിക്കുകയായിരുന്നു.

Content Highlights: india released harshit rana from england tour

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article