Published: June 28 , 2025 08:47 AM IST
1 minute Read
ഹോവ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) മിന്നും പ്രകടനത്തിന്റെ ‘ഹാങ്ങോവർ’ മാറും മുൻപേ, ഇംഗ്ലിഷ് മണ്ണിലും കണ്ണഞ്ചിക്കുന്ന ഇന്നിങ്സുമായി പതിനാലുകാരൻ വൈഭവ് സൂര്യവംശി. വിരാട് കോലി വിഖ്യാതമാക്കിയ 18–ാം നമ്പർ നീല ജഴ്സിയിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഒന്നാം യൂത്ത് ഏകദിനത്തിൽ വൈഭവ് സൂര്യവംശി പുറത്തെടുത്ത പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. ഇതിനകം ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോലിയുടെ രാജ്യാന്തര കരിയർ അവസാന ഘട്ടത്തിൽ നിൽക്കെയാണ്, ആ വിഖ്യാത ജഴ്സിയിൽ തകർത്തടിച്ച് വൈഭവിന്റെ വരവ് എന്നതാണ് ഇംഗ്ലണ്ടിനെതിരായ ഇന്നിങ്സിനെ ശ്രദ്ധേയമാക്കുന്നത്.
ഇന്ത്യ അണ്ടർ 19 ടീമിനായി ഓപ്പണറായി എത്തിയ വൈഭവ്, 19 പന്തിൽ തകർത്തടിച്ച് നേടിയത് 48 റൺസ്. മൂന്നു ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെടുന്ന വൈഭവിന്റെ ഇന്നിങ്സിന്റെ ബലത്തിൽ, സാക്ഷാൽ ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് ഉൾപ്പെട്ട ഇംഗ്ലിഷ് ടീമിനെയാണ് ഇന്ത്യ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്ത് 42.2 ഓവറിൽ നേടിയത് 174 റൺസ്.
ചിരപരിചിതമായ സാഹചര്യങ്ങളിൽ ഇംഗ്ലണ്ട് ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ സ്ഥാനത്താണ്, ഐപിഎലിലെ മിന്നും പ്രകടനത്തിന്റെ തുടർച്ചയായി വൈഭവ് സൂര്യവംശി മറ്റൊരു മാസ്മരിക ഇന്നിങ്സുമായി തിളങ്ങിയത്. ക്യാപ്റ്റൻ കൂടിയായ മറ്റൊരു ഐപിഎൽ താരം ആയുഷ് മാത്രെയ്‌ക്കൊപ്പം ഓപ്പണറായി കളത്തിലിറങ്ങിയാണ് വൈഭവ് കരുത്തുകാട്ടിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും വെറും 45 പന്തിൽ 71 റൺസ് അടിച്ചുകൂട്ടിയപ്പോൾത്തന്നെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു.
ആയുഷ് മാത്രെ 30 പന്തിൽ നാലു ഫോറുകളോടെ 21 റൺസെടുത്തും പുറത്തായി. വൈഭവും തൊട്ടടുത്ത ഓവറിൽ ആയുഷ് മാത്രയും പുറത്തായത് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗതയെ ബാധിച്ചതോടെയാണ് മത്സരം 24 ഓവർ വരെ നീണ്ടത്. അഭിഗ്യാൻ കുണ്ഡു 34 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 45 റൺസുമായി പുറത്താകാതെ നിന്നു. രാഹുൽ കുമാർ 25 പന്തിൽ ഒരു സിക്സ് സഹിതം 17 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 47 പന്തിൽ 55 റൺസ് കൂട്ടിച്ചേർത്തു. മൗല്യരാജ് സിൻഹ് 15 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16 റൺസെടുത്തു.
നേരത്തെ, മലയാളി താരം മുഹമ്മദ് ഇനാൻ ഉൾപ്പെടെയുള്ള ബോളർമാർ മിന്നിത്തിളങ്ങിയതോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി 174 റൺസിൽ ഒതുക്കിയത്. 10 ഓവറിൽ 47 റൺസ് മാത്രം വഴങ്ങിയാണ് ഇനാൻ രണ്ടു വിക്കറ്റെടുത്തത്. കനിഷ്ക് ചൗഹാൻ 10 ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹെനിൽ പട്ടേൽ, ആർ.എസ്. അംബരീഷ് എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് അർധസെഞ്ചറിയുമായി അവരുടെ ടോപ് സ്കോററായി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും പിടിച്ചുനിന്ന റോക്കി ഫ്ലിന്റോഫ്, 90 പന്തിൽ 56 റൺസെടുത്ത് പത്താമനായാണ് പുറത്തായത്. മൂന്നു വീതം സിക്സും ഫോറും ഉൾപ്പെടുന്നതാണ് റോക്കിയുടെ ഇന്നിങ്സ്.
English Summary:








English (US) ·