ഇംഗ്ലണ്ടിനെതിരെ 41 പന്തിൽ സെഞ്ചറി, ഇത്തവണ ഓസീസിനെതിരെ 39 പന്തിൽ; ഡിവില്ലിയേഴ്സ് ‘അടി തുടരുന്നു’, 4-ാം കളിയിലും ജയമില്ലാതെ ഇന്ത്യ!

5 months ago 6

ലീഡ്സ്∙ ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ മാരക ഫോം തുടരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ചാംപ്യൻമാർക്കെതിരെ 41 പന്തിൽ സെഞ്ചറി നേടി ഞെട്ടിച്ച ഡിവില്ലിയേഴ്സ്, തൊട്ടുപിന്നാലെ ഓസീസിനെതിരെ 39 പന്തിൽ സെഞ്ചറി തികച്ച് വീണ്ടും ഞെട്ടിച്ചു. ബ്രെറ്റ് ലീ, പീറ്റർ സിഡിൽ, സ്റ്റീവ് ഒക്കീഫി, ഡാൻ ക്രിസ്റ്റ്യൻ തുടങ്ങിയ പഴയ പടക്കുതിരകൾ അണിനിരന്ന ടീമിനെതിരെയാണ് ഡിവില്ലിയേഴ്സിന്റെ മാരക പ്രഹരം. മത്സരത്തിലാകെ 46 പന്തിൽ 123 റൺസുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ്, ടീമിന് 95 റൺസിന്റെ കൂറ്റൻ വിജയവും സമ്മാനിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 241 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ചാംപ്യൻസ് 16.4 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ആരോൺ ഫൻഗീസോയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ ചെറിയ സ്കോറിൽ എറിഞ്ഞിട്ടത്.

നേരത്തെ, ഡിവില്ലിയേഴ്സിനു പുറമേ സഹ ഓപ്പണർ ജെ.ജെ. സ്മട്സും തകർപ്പൻ പ്രകടനം കാഴ്ച വച്ചതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലെത്തിയത്. ഡിവില്ലിയേഴ്സ് 46 പന്തിൽ 15 ഫോറും എട്ടു സിക്സും സഹിതം 123 റൺസെടുത്ത് പുറത്തായി. ഓപ്പണറായി ഇറങ്ങിയ ഡിവില്ലിയേഴ്സ് 14–ാം ഓവറിലാണ് പീറ്റർ സിഡിലിനു വിക്കറ്റ് സമ്മനിച്ച് മടങ്ങിയത്.

സ്മട്സ് 53 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 85 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഡിവില്ലിയേഴ്സ് – സ്മട്സ് സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്‍ക്ക് കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. 81 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 187 റൺസാണ്! ജെ.പി. ഡുമിനി ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്തു. ഓസീസിനായി പീറ്റർ സിഡിൽ മൂന്നും ബ്രെറ്റ് ലീ, സ്റ്റീവ് ഒക്കീഫി, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ ക്രിസ് ലിന്നിനെ നഷ്ടമായ ഓസീസിന്, ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. 29 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 59 റൺസുമായി പുറത്താകാതെ നിന്ന ബെൻ കട്ടിങ്ങാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്‌ക്കായി ആരോൺ ഫൻഗീസോ 3.4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ഇമ്രാൻ താഹിർ 4 ഓവറിൽ 27 റൺസ് വഴങ്ങി മൂന്നും വെയ്ൻ പാർനൽ ഒരു ഓവറിൽ 14 റൺസ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.

∙ ഇന്ത്യ വീണ്ടും തോറ്റു

അതേസമയം, ടൂർണമെന്റിൽ ഇന്ത്യയുടെ ദയനീയ പ്രകടനം ഇപ്പോഴും തുടരുകയാണ്. നാലു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ജയം പോലുമില്ലാതെ ഇന്ത്യ അവസാന സ്ഥാനത്തു തുടരുകയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് പിൻമാറിയ വകയിൽ ലഭിച്ച ഒരേയൊരു പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ചാംപ്യൻസിനോടാണ് ഇന്ത്യ തോറ്റത്. 23 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് രവി ബൊപ്പാരയുടെ സെഞ്ചറി മികവിൽ (55 പന്തിൽ എട്ടു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 110) നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. ഇയാൻ ബെൽ 39 പന്തിൽ 54 റൺസെടുത്തു. മൊയീൻ അലി (13 പന്തിൽ 33), സമിത് പട്ടേൽ (9 പന്തിൽ പുറത്താകാതെ 20) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ പോരാട്ടം 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. 29 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത യൂസഫ് പഠാനാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ യുവരാജ് സിങ് 27 പന്തിൽ 38 റൺസെടുത്തും സ്റ്റുവാർട്ട് ബിന്നി 13 പന്തിൽ 35 റൺസെടുത്തും പുറത്തായി. ഇംഗ്ലണ്ടിനായി അജ്മൽ ഷഹ്സാദ് 4 ഓവറിൽ 31 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. 

English Summary:

AB De Villiers' 46-Ball 123 Helps South Africa Champions To Defeat Australia Champions By 95 Runs

Read Entire Article