21 June 2025, 10:48 AM IST

Photo: AP
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച നിലയില്‍ എത്തിച്ചിരിക്കുന്നത്.
മത്സരത്തില്‍ 159 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ ഒരു സിക്‌സും 16 ഫോറുമടക്കം 101 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെതിരേ 10 ഇന്നിങ്‌സുകളില്‍ നിന്ന് താരത്തിന് 813 റണ്‍സായി. ശരാശരി 90.33. ഇതോടെ കുറഞ്ഞത് 500 റണ്‍സെങ്കിലും നേടിയ താരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ബാറ്റിങ് ശരാശരിയെന്ന നേട്ടവും ജയ്‌സ്വാളിന് സ്വന്തമായി. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെ മറികടന്നാണ് ജയ്‌സ്വാളിന്റെ നേട്ടം. ഇംഗ്ലണ്ടിനെതിരേ 63 ഇന്നിങ്‌സുകളില്‍ നിന്ന് 89.78 ശരാശരിയില്‍ 5028 റണ്‍സായിരുന്നു ബ്രാഡ്മാന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരേ 90-ല്‍ കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള ആദ്യ ബാറ്റര്‍ കൂടിയാണ് ജയ്‌സ്വാള്‍.
ഇതോടൊപ്പം വിദേശമണ്ണില്‍ മൂന്നുരാജ്യങ്ങള്‍ക്കെതിരേ ആദ്യടെസ്റ്റില്‍ സെഞ്ചുറി നേടുകയെന്ന നേട്ടമാണ് ജയ്സ്വാളിന് കൈവന്നത്. 2023-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ റൊസേവു ടെസ്റ്റില്‍ 171 റണ്‍സടിച്ച ജയ്സ്വാള്‍, ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി. 2024 നവംബറില്‍ പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലായിരുന്നു സെഞ്ചുറി. ഓസീസ് മണ്ണില്‍ ജയ്‌സ്വാളിന്റെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഇത്. അന്ന് 297 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 15 ഫോറുമടക്കം 161 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. വിദേശത്തെ ടെസ്റ്റില്‍ ജയ്‌സ്വാളിന്റെ മൂന്നാം സെഞ്ചുറി കൂടിയായിരുന്നു ഇത്.
ഇംഗ്ലണ്ടില്‍ കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ജയ്‌സ്വാള്‍. 1952-ല്‍ വിജയ് മഞ്ജരേക്കര്‍ (133), 1982-ല്‍ സന്ദീപ് പാട്ടീല്‍ (129*), 1996-ല്‍ സൗരവ് ഗാംഗുലി (131), 2014-ല്‍ മുരളി വിജയ് (146) എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍.
Content Highlights: Yashasvi Jaiswal surpasses Bradman`s grounds with a stunning period successful his debut England Test








English (US) ·