ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി; ശുഭ്മാന്‍ ഗില്ലിന് സ്വന്തമായ റെക്കോഡുകളിതാ

6 months ago 9

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത് നിരവധി റെക്കോഡുകള്‍. ഗില്ലിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയും 16-ാം അന്താരാഷ്ട്ര സെഞ്ചുറിയുമായിരുന്നു ഇത്. 216 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 114 റണ്‍സുമായി താരം ക്രീസിലുണ്ട്.

ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഗില്‍ സെഞ്ചുറി നേടുന്നത്. 2024-ല്‍ ധരംശാലയിലും കഴിഞ്ഞ ടെസ്റ്റില്‍ ലീഡ്‌സിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (1984-1985), ദിലീപ് വെങ്സര്‍ക്കാര്‍ (1985-1986), രാഹുല്‍ ദ്രാവിഡ് (2002, 2008, 2011) എന്നിവര്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ഗില്‍ സ്വന്തമാക്കി.

ഇതോടൊപ്പം ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായും ഗില്‍ മാറി. 1951-ല്‍ ഡല്‍ഹിയിലും 1952-ല്‍ ബ്രാബോണിലും ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയ വിജയ് ഹസാരെ, 1990-ല്‍ ലോര്‍ഡ്‌സിലും ഓള്‍ഡ് ട്രാഫോര്‍ഡിലും സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് ശേഷമാണ് ഗില്ലിന്റെ നേട്ടം.

മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ചുറി നേടിയ വിരാട് കോലി, വിജയ് ഹസാരെ, സുനില്‍ ഗാവസ്‌ക്കര്‍ എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ഗില്ലിനായി. ഇതില്‍ കോലി ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ നേടിയിരുന്നു. കോലിക്ക് ശേഷം ബര്‍മിങ്ങാമില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും ഗില്ലിന് സ്വന്തമായി. 2018-ലായിരുന്നു ബര്‍മിങ്ങാമില്‍ കോലിയുടെ സെഞ്ചുറി.

Content Highlights: Shubman Gill scores consecutive Test centuries against England, breaking aggregate records

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article