.jpg?%24p=f0fecbd&f=16x10&w=852&q=0.8)
ജസ്പ്രിത് ബുംറ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പേസര്‍ ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ബുംറ പരമ്പരയിലെ അഞ്ച് മത്സരങ്ങളും കളിക്കില്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ബുംറ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹം സ്‌ക്വാഡിലുള്ളതില്‍ സന്തോഷമുണ്ടെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഗാര്‍ക്കറുടെ പ്രതികരണം.
'ബുംറ എല്ലാ ടെസ്റ്റും കളിക്കുമെന്ന് കരുതരുത്. ചിലപ്പോള്‍ മൂന്നോ നാലോ ടെസ്റ്റ് കളിച്ചേക്കാം. പരമ്പര മുന്നോട്ടുപോകുന്നതിനനുസരിച്ചും അദ്ദേഹത്തിന്റെ ജോലിഭാരവും നോക്കി ഇക്കാര്യങ്ങള്‍ തീരുമാനിക്കും. മൂന്നോ നാലോ ടെസ്റ്റിന് ബുംറ ഫിറ്റാണെങ്കില്‍ ഞങ്ങള്‍ക്ക് അതൊരു മുതല്‍കൂട്ടായിരിക്കും. അദ്ദേഹം സ്‌ക്വാഡിലുള്ളതില്‍ സന്തോഷമുണ്ട്. ബുംറ പ്രധാനപ്പെട്ട താരമാണ്.'- അഗാര്‍ക്കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തന്നെ നായകസ്ഥാനത്തിനായി ശുഭ്മാന്‍ ഗില്ലിനെ ആലോചിച്ചിരുന്നുവെന്നും അഗാർക്കർ പറഞ്ഞു.'ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഗില്ലിന് കഴിയുമെന്നാണ് പ്രതീക്ഷ. വളരെ സമ്മര്‍ദമേറിയ ജോലിയാണിത്. അദ്ദേഹം മികച്ച കളിക്കാരനാണ്. താരത്തിന് എല്ലാ ആശംസകളും നേരുന്നു.'- അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗിൽ ടീമിനെ നയിക്കുമ്പോൾ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനം രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ്.
ടീം സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഢി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍ ബാറ്റര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Content Highlights: Jasprit Bumrah volition not beryllium disposable for each 5 Tests says ajit agarkar








English (US) ·