Published: August 06, 2025 05:02 PM IST Updated: August 07, 2025 09:37 AM IST
1 minute Read
ലണ്ടൻ∙ ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിടെ ബോളിങ് തന്ത്രങ്ങളുടെ പേരിൽ മുഹമ്മദ് സിറാജുമായി തർക്കിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റുകൾ വീഴ്ത്തുന്നതിനായി പദ്ധതികൾ തയാറാക്കുന്നതിനിടെയായിരുന്നു സിറാജുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് ഗില്‍ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. പരുക്കേറ്റ ക്രിസ് വോക്സിനു സ്ട്രൈക്ക് നൽകാതിരിക്കാൻ ഇംഗ്ലണ്ട് ബാറ്റർ ഗസ് അക്കിന്‍സൻ ശ്രമിക്കുന്നതിനിടെ ഇതു പൊളിക്കാൻ ശ്രമിച്ചിരുന്നതായും എന്നാൽ പരാജയപ്പെട്ടതോടെ സിറാജ് തീരുമാനത്തെ ചോദ്യം ചെയ്തതായും ഗിൽ സമ്മതിച്ചു.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ അവസാന ബാറ്ററായാണ് ക്രിസ് വോക്സ് ക്രീസിലെത്തിയത്. പരുക്കേറ്റ താരം ഒരു കൈ വസ്ത്രത്തിനുള്ളിൽവച്ച്, ഒറ്റക്കൈകൊണ്ടു ബാറ്റു ചെയ്യുന്നതിനായിരുന്നു ഇറങ്ങിയത്. വിക്കറ്റു പോകാൻ സാധ്യതയുള്ളതിനാൽ സിംഗിളുകൾക്കു പോകാതെ വോക്സിനു സ്ട്രൈക്ക് ലഭിക്കുന്നത് ഒഴിവാക്കാനായിരുന്നു ഗസ് അക്കിൻസൻ ശ്രമിച്ചത്. ബൗണ്ടറികളായിരുന്നു അക്കിൻസണിന്റെ ലക്ഷ്യം. ഓവറിന്റെ അവസാന പന്തുകളിൽ സിംഗിളുകൾ എടുത്ത് അടുത്ത ഓവറിൽ വീണ്ടും സ്ട്രൈക്കിലേക്ക് എത്തും. ഇതു പൊളിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. സിറാജ് വൈഡ് യോർക്കർ എറിയുമ്പോൾ റൺഔട്ട് അവസരത്തിനായി തയാറെടുക്കാൻ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിനും നിർദേശം നൽകിയിരുന്നു. എന്നാൽ ഈ തന്ത്രം പാളിപ്പോയി.
‘‘റൺഔട്ടിനായി ഗ്ലൗ ഊരി തയാറായി നിൽക്കാൻ ഞാൻ ധ്രുവ് ജുറേലിനെ അറിയിച്ചിരുന്നു. എന്നാൽ ജുറേലിന് ഇത് കൃത്യമായി നടപ്പാക്കാനായില്ല. സിറാജ് അപ്പോഴേക്കും റൺ അപ് തുടങ്ങിയിരുന്നു. ജുറേലിന് ഞങ്ങളുടെ പദ്ധതി വിജയിപ്പിക്കാൻ സാധിക്കാതെ പോയി. ഞാൻ നിർദേശം നൽകിയില്ലെന്നു പറഞ്ഞ് സിറാജ് തർക്കിച്ചു.’’– ഗിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. മുഹമ്മദ് സിറാജും ചിരിച്ചുകൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു. വിക്കറ്റ് കിട്ടിയില്ലെങ്കിലും തൊട്ടടുത്ത ഓവറിൽ അക്കിൻസണിനെ ബോൾഡാക്കി സിറാജ് തന്നെ ഇന്ത്യയുടെ വിജയം ഉറപ്പാക്കി. ആറു റൺസ് വിജയം ഇന്ത്യ നേടിയപ്പോൾ സിറാജ് ഓവലിൽ ഒൻപതു വിക്കറ്റുകൾ സ്വന്തമാക്കി.
English Summary:








English (US) ·