Published: June 25 , 2025 10:33 AM IST
1 minute Read
ലണ്ടന്‍∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും, യുവ വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷൻ ഇംഗ്ലണ്ടിലുണ്ട്. ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ് ഇഷാൻ. നോട്ടിങ്ങാംഷെയർ കൗണ്ടി ക്ലബ്ബിൽ തകർപ്പൻ പ്രകടനമാണ് ഇഷാൻ പുറത്തെടുക്കുന്നത്. പാക്കിസ്ഥാൻ താരം മുഹമ്മദ് അബ്ബാസിനൊപ്പം ടീമിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇഷാൻ കിഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യോർക്‌ഷെയറിനെതിരായ മത്സരത്തിൽ ആദം ലിതിനെ അബ്ബാസിന്റെ പന്തിൽ ഇഷാൻ കിഷൻ ക്യാച്ചെടുത്താണു പുറത്താക്കിയത്. ഇന്ത്യ– പാക്ക് താരങ്ങളുടെ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 98 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 87 റണ്‍സെടുത്താണു പുറത്തായത്. ഒരു സിക്സും 12 ഫോറുകളും ഉൾപ്പെടുന്നതാണ് ഇഷാന്റെ ഇന്നിങ്സ്. ആദ്യം ബാറ്റു ചെയ്ത നോട്ടിങ്ങാം 487 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ യോര്‍ക്‌ഷെയർ ആറു വിക്കറ്റ് നഷ്ടത്തിൽ 414 റണ്‍സെടുത്തു.
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിച്ച ശേഷമാണ് ഇഷാന്‍ കിഷൻ ഇംഗ്ലണ്ടിലേക്കു പോയത്. ഇതാദ്യമായല്ല കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യ– പാക്ക് താരങ്ങൾ ഒരുമിച്ചു കളിക്കുന്നത്. കൗണ്ടി ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആറു തവണ ഇന്ത്യ– പാക്ക് താരങ്ങൾ ഒരു ടീമിൽ വന്നിട്ടുണ്ട്. 1970ൽ ഇന്ത്യൻ താരം ബിഷൻ സിങ് ബേദിയും പാക്കിസ്ഥാന്റെ താരങ്ങളായ മുഷ്താഖ് മുഹമ്മദും സർഫറാസ് നവാസും ഒരുമിച്ചു കളിച്ചിട്ടുണ്ട്.
സഹീർ ഖാനും അസ്ഹർ മഹ്മൂദും 2004ൽ സറെയ്ക്കു വേണ്ടി കളിച്ചു. 2005 ൽ ഹർഭജൻ സിങ്ങും അസർ മഹ്മൂദും, 2006ൽ അനിൽ കുംബ്ലെയും മുഹമ്മദ് അക്രവും കൗണ്ടിയിൽ ഒരുമിച്ചു കളിച്ചു. കൗണ്ടി ക്രിക്കറ്റിലെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഇഷാൻ കിഷൻ കളിക്കുന്നത്. നോട്ടിങ്ങാമിന്റെ ദക്ഷിണാഫ്രിക്കൻ കീപ്പർ കൈൽ വെരെയ്നെ ദേശീയ ടീമിന്റെ ഭാഗമായതോടെയാണ് പകരക്കാരനായി ഇഷാൻ ഇംഗ്ലണ്ടിലെത്തിയത്.
English Summary:








English (US) ·