ബ്രിസ്റ്റോൾ∙ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളും അണ്ടർ 19 ടീമും ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനിടെ, ഇതിലൊന്നും പെടാത്ത ഒരു ഇന്ത്യൻ ടീമിനായി ഇംഗ്ലിഷ് മണ്ണിൽ ഐതിഹാസിക ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത് യുവതാരങ്ങളിൽ ശ്രദ്ധേയനായ മുഷീർ ഖാൻ. ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരുന്ന സർഫറാസ് ഖാന്റെ സഹോദരനായ മുഷീർ ഖാനാണ്, ഇംഗ്ലണ്ടിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി വാർത്തകളിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ എമർജിങ് ടീമിനായാണ് ആദ്യം ബാറ്റിങ്ങിലും പിന്നീട് ബോളിങ്ങിലും മുഷീറിന്റെ ഉജ്വല പ്രകടനം.
നോട്ടിങ്ങാം സെക്കൻഡ് ഇലവനെതിരായ ചതുർദിന മത്സരത്തോടെയാണ് മുംബൈ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ തുടക്കം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ടീമിനായി മുഷീർ ഖാൻ സെഞ്ചറി നേടിയിരുന്നു. 149 പന്തുകൾ നേരിട്ട മുഷീർ ഖാൻ നേടിയത് 123 റൺസ്. മുംബൈയെ 300 കടത്തിയതിനു പിന്നാലെ നോട്ടിങ്ങാമിന്റെ ഷാരിഖ് ഷെയ്ഖാണ് മുഷീർ ഖാനെ പുറത്താക്കിയത്.
വെൽബെക്കിലെ ജോൺ ഫ്രെട്‌വെൽ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം പുരോഗമിക്കുന്നത്. മുഷീറിനു പുറമേ യുവതാരം മനൻ ഭട്ടും സെഞ്ചറി നേടിയതോടെ മുംബൈ ടീം ഒന്നാം ഇന്നിങ്സിൽ നേടിയത് 448 റൺസ്.
തുടർന്ന് നോട്ടിങ്ങാം സെക്കൻഡ് ഇലവൻ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതോടെയാണ് മുഷീർ ഖാൻ പന്തുകൊണ്ടും വിസ്മയം തീർത്തത്. ഇടംകയ്യൻ സ്പിന്നറായ മുഷീർ, 8.2 ഓവറിൽ വെറും 31 റൺസ് വഴങ്ങി വീഴ്ത്തിയത് ആറു വിക്കറ്റുകൾ! മുഷീറിന്റെ സ്പിന്നിനു മുന്നിൽ കറങ്ങിവീണ ഇംഗ്ലിഷ് ടീം, ഒടുവിൽ കൂറ്റൻ ലീഡ് വഴങ്ങി 42.2 ഓവറിൽ 201 റൺസിന് പുറത്തായി. വഴങ്ങിയത് 247 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ആരംഭിച്ച നോട്ടിങ്ങാം സെക്കൻഡ് ഇലവൻ കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ്. ഇപ്പോഴും മുംബൈ ടീമിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 157 റൺസ് പിന്നിൽ. ഒന്നാം ഇന്നിങ്സിൽ മുഷീറിനും മനൻ ഭട്ടിനും പുറമേ വേദാന്ത് മുർകർ (36), പ്രിൻസ് ബദിയാനി (35) എന്നിവരും മുംബൈയ്‌ക്കായി തിളങ്ങി. നോട്ടിങ്ങാമിനായി ഇഷി മുഹമ്മദ് 76 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഷീർ ഖാൻ, സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശേഷം കളത്തിലിറങ്ങുന്ന ആദ്യ മത്സരമാണിത്. അപകടത്തിൽ കഴുത്തിന് ഗുരുതര പരുക്കേറ്റ താരം, അതിനുശേഷം മുംബൈ ജഴ്സിയണിയുന്നതും ആദ്യം. ഇതിനു മുൻപ് കഴിഞ്ഞ വർഷം ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്‌ക്കെതിരെ ഇന്ത്യ ബിയ്‍ക്കായാണ് മുഷീർ ഖാൻ റെഡ് ബോൾ മത്സരം കളിച്ചത്. ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ എ ടീമിൽ മുഷീർ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു കാർ അപകടം.
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിങ്സിന്റെ ഭാഗമായിരുന്നു മുഷീർ ഖാൻ. ആഭ്യന്തര ക്രിക്കറ്റിലും മുഷീർ മുംബൈയ്‌ക്കായാണ് കളിക്കുന്നത്. കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയ്‌ക്കായി വിദർഭയ്‌ക്കെതിരെ സെഞ്ചറി നേടിയ മുഷീർ ഖാൻ, രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ മുംബൈ താരമായിരുന്നു.
English Summary:








English (US) ·